ആശ്രമമില്ലാത്ത സംന്യാസിയായിരുന്നു സ്വാമി നിര്‍മ്മലാനന്ദ ഗിരി.ആത്മീയ പ്രഭാഷണത്തിന്റെ ജ്ഞാനപ്രകാശംകൊണ്ട് മറ്റുള്ളവരുടെ ഉള്ളില്‍ സൗഖ്യത്തിന്റെ ആശ്രമം തീര്‍ക്കുകയായിരുന്നു സ്വാമി.നിരന്തര യാത്രയ്ക്കും തുടര്‍ പ്രഭാഷണങ്ങള്‍ക്കുമിടയില്‍ അനുയായികളുടേയും മറ്റും വീടുകളില്‍ അതിഥിയായി പ്രഭാഷണവും ചര്‍ച്ചയും ഉപദേശവും ചികിത്സയും നടത്തി കടന്നു പോകുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്..അറിവിന്റെ ആഴവും കര്‍മത്തിന്റെ വിശുദ്ധിയും കൊണ്ട് ഗുരുപരമ്പരയില്‍ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചതാണ് നിര്‍മ്മലാനന്ദ ഗിരിയുടെ സവിശേഷത.
ആധ്യാത്മിക പ്രഭാഷകന്‍,സംന്യാസി വര്യന്,ആയുര്‍വേദ ചികിത്സകന് എന്നിങ്ങനെ ആദരവിന്റെയും ആരാധനയുടേയും അനവധിയുണ്ട് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ വിശേഷണങ്ങള്‍.അറിവുള്ള എല്ലാറ്റിലും മുങ്ങി നിവര്‍ന്നിട്ടുണ്ട് ഈ യോഗി.അറിവിനെ ബിരുദംകൊണ്ട് അളക്കുയയാണെങ്കില്‍ എത്ര ബിരുദങ്ങള്‍കൊണ്ടാവും അ അറിവിനെ അളക്കുക.ഇംഗ്ളീഷില്‍ എം.എ.ബിരുദമുള്ള അദ്ദേഹം പക്ഷേ എല്ലാ ബിരുദങ്ങള്‍ക്കുമപ്പുറമായിരുന്നു.
തത്വചിന്ത,വേദാന്തം,സാഹിത്യം,മനശാസ്ത്രം,ആയുര്‍വേദം,ഹോമിയോപ്പതി തുടങ്ങി എണ്ണമില്ലാത്ത മേഖലകളില്‍ വേറിട്ട മേല്‍വിലാസം നേടിയ സ്വാമി ആളെക്കണ്ട് ആരോഗ്യം പറയുമായിരുന്നു.രോഗി രോഗം പറയും മുന്‍പ് അങ്ങോട്ടു വിശദീകരിക്കും.മറ്റാരും പരീക്ഷിക്കാത്ത അപൂര്‍വ മരുന്നുകള്‍ പരീക്ഷിച്ചും ഔഷധങ്ങളുണ്ടാക്കിയും നിരവധി മാറാരോഗങ്ങളെ ചികിത്സിച്ചു മാറ്റി.ക്യാന്‍സറിനെക്കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നിര്‍മ്മലാനന്ദ ഗിരി നടത്തിയിട്ടുണ്ട്.ഹോമിയോ,ആയുര്‍വേദം എന്നീ ചികിത്സകളില്‍ തന്റേതായ അപൂര്‍വ മാറ്റ ചിന്തകളും ചികിത്സാ വിധികളും നടത്തിക്കൊണ്ട് ഈ രംഗത്ത് തികഞ്ഞ സിദ്ധ പുരുഷനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗി,വൈദ്യന്,ഔഷധം,പരിചാരകന് എന്നിങ്ങനെ നാലുതൂണുള്ള ആയുര്‍വേദത്തില്‍ വൈദ്യനെന്ന പരിപൂരകനായിരുന്നു അേദ്ദഹം.
സ്നേഹത്തിന്റെയും ധാര്‍മികതയുടേയും കാരുണ്യത്തിന്റെയുമൊക്കെ ആള് രൂപമാണ് നിര്‍മ്മലാനന്ദ ഗിരി എന്നാണ് അനുഭവസ്ഥര്‍ക്കു പറയാനുള്ളത്. ചികിത്സയില്‍ മാനസികാരോഗ്യവും അദ്ദേഹം കണക്കിലെടുത്തിരുന്നു.മനസിനെ ശുദ്ധമാക്കിവെക്കാന്‍ എപ്പോഴും സ്വാമി പറയും.ഉടഞ്ഞു പോകാത്തൊരു മനസിന്റെ കാവല്‍ക്കാരനാകണം മനുഷ്യന് എന്ന പക്ഷക്കാരനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗികളോട് വീട്ടിലെ വഴക്കും വക്കാണവും തീര്‍ത്തു വരാന്‍ നിര്‍ദേശിച്ചിരുന്നു.രോഗം മനസിന്റെ ഭാവനയാണെന്ന് ഏറ്റവും ആധുനികമായ രീതിയില്‍ സ്വാമി വിളിച്ചു പറഞ്ഞതും അതുകൊണ്ടാണ്.
പൂര്‍വാശ്രമത്തെക്കുറിച്ച് നിര്‍മ്മലാനന്ദ ഗിരി ചര്‍ച്ച ചെയ്യുമായിരുന്നില്ല.സംന്യാസിക്ക് അതു വിട്ടു പോന്നതാണ്. പൂര്‍വാര്‍ശ്രമത്തില്‍ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു .വാരാണസിയിലെ തിലകണ്ഡേശ്വരത്തായിരുന്നു ആദ്യകാലം.ഇവിടെ നിന്നാണ് സംന്യാസം സ്വീകരിച്ചത്.ഇവിടത്തെ മഠാധിപതി അച്യുതാനന്ദ ഗിരി മഹാരാജിന്റെ ശിഷ്യന് ശ്രീധരാനന്ദയില്‍ നിന്നായിരുന്നു ശിഷ്യത്വം.തീരാനഷ്ടമെന്ന് നാം പലപ്പോഴും പറയുന്നത് ആലങ്കാരിക ഭാഷയിലാണെങ്കില്‍ സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ വിയോഗം എല്ലാ അര്‍ഥത്തിലും തീരാ നഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: