പാലക്കാട്: കേരളത്തിന് ആളിയാറില്‍ നിന്നും വിട്ടുനല്‍കുന്ന വെള്ളം വെട്ടിക്കുറച്ചു. ഒരാഴ്ചയായി 100 ഘനയടി വെള്ളമാണ് ആളിയാറില്‍ നിന്നും കേരളത്തിന് ലഭിക്കുന്നത്.ഇത് മൂലത്തറയില്‍ എത്തുമ്പോള്‍ പകുതിയായി കുറയും. ഫലത്തില്‍ ചിറ്റൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഒന്നാം വിളയിറക്കാനും പറ്റാത്തഅവസ്ഥയാണ്. മഴലഭിച്ചില്ലെങ്കില്‍ ആളിയാറില്‍ നിന്നുള്ള ജലവിതരണം പൂര്‍ണമായി നിലക്കാനാണ് സാധ്യത.ഇന്നലെ ആളിയാര്‍ ഡാമില്‍ ഒരു ടിഎംസിയില്‍ താഴെ വെള്ളമാണ് ശേഖരിച്ചട്ടിട്ടുള്ളത്.അപ്പര്‍ ആളിയാറില്‍ വെള്ളമുണ്ടെങ്കിലും വെള്ളം വിടുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
കരാര്‍ അനുസരിച്ച് ഒന്നാം ജലവര്‍ഷത്തില്‍ കേരളത്തിന് നല്‍കേണ്ട വെള്ളം ലഭ്യമാക്കാന്‍ തമിഴ്നാടിന് ബാധ്യതയുണ്ട്.അവിടെ മഴപെയ്തില്ലെങ്കിലും വെള്ളം ആളിയാറില്‍ നിന്നു മണക്കടവ് വഴി തുറന്നുവിടണം.കരാര്‍ പ്രകാരം വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ചിറ്റൂര്‍ ,ആലത്തൂര്‍ ,പാലക്കാട് താലൂക്കുകളിലെ കര്‍ഷകര്‍ ഞാറ്റടിതയാറാക്കി. ചിലര്‍ പൊടിവിതയിറക്കി ഈ മാസാവസാനം ഞാറ് പറിച്ചു നടണമെങ്കില്‍ ആളിയാര്‍ വെള്ളം ലഭിക്കണം.
ചിറ്റൂര്‍പ്പുഴ പദ്ധതിയുടെ കീഴില്‍ മാത്രം 20,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്നുണ്ട് .കഴിഞ്ഞ ജലവര്‍ഷത്തില്‍ ആളിയാറില്‍ വെള്ളമില്ലെന്നു പറഞ്ഞതിനാല്‍ ജില്ലാ ഭരണകൂടം രണ്ടാം വിള നെല്‍കൃഷി ഇറക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.ഇപ്പോള്‍ ചിറ്റൂര്‍ കാര്‍ഷിക വികസന ബാങ്ക് വായ്പ്പയെടുത്തവരുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പരസ്യം ചെയ്തിരിക്കുകയാണ്. ജപ്തി നോട്ടീസ് പരസ്യപ്പെടുത്തിയായതോടെ പല കര്‍ഷകരും നെട്ടോട്ടമോടുകയാണ്. കാരാര്‍ പ്രകാരം കിട്ടാനുള്ള വെള്ളം വാങ്ങിച്ചെടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന്കര്ഷകര് ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: