കാഞ്ഞങ്ങാട്: നിലേശ്വരം നഗരത്തില്‍ വെളിച്ച വിപ്ലവം സൃഷ്ടിക്കാന്‍ ബ്ലോക്ക് ഓഫീസ് മുതല്‍ ഹൈവേ വരെ നിരവധി ഹൈമാക്സ് വിളക്കുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിളക്കുകള്‍ കണ്‍ചിമ്മിയതോടെ നീലേശ്വരം കൂരിരുട്ടിലായി.
കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നഗരസിരാ കേന്ദ്രമായ രാജാറോഡിലെ ബസ് സ്റ്റാന്റ് കൂരിരുട്ടിലാണ്. നീലേശ്വരം നഗരസഭയില്‍ സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമാക്കുമ്പോള്‍ നഗരസഭ ബസ് സ്റ്റാന്റ് സന്ധ്യ കഴിഞ്ഞാല്‍ കൂരിരുട്ടില്‍.
ബസ്സ്റ്റാന്റിന് സമീപത്തെ വി.എസ് ഓട്ടോ സ്റ്റാന്റില്‍ സ്ഥാപിച്ച ഹൈമാക്സ് വിളക്ക് കത്താതായിട്ട് ആഴ്ചകളായി. ബസ്സ്റ്റാന്റിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ച തെരുവ് വിളക്കുകളും കത്തുന്നില്ല. സന്ധ്യ കഴിഞ്ഞാല്‍ ബസ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കാര്‍ ഇരുട്ടില്‍ തപ്പിത്തടയുകയാണ്. ബസ്സ്റ്റാന്റിലെ മറ്റു ഭാഗങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകള്‍ ഒരു പരിധി വരെ ആശ്വാസമാകുന്നുണ്ടെങ്കിലും ഓട്ടോറിക്ഷ സ്റ്റാന്റിന്റെ ഭാഗമാണ് പൂര്‍ണ്ണമായും കൂരിരുട്ടലാണ്.
ബസ്സിറങ്ങുന്ന യാത്രക്കാര്‍ ഓട്ടോറിക്ഷ കയറാനും പുറത്തേക്ക് പോകാനും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും യാത്രക്കാരും പലവട്ടം പരാതി നല്‍കിയിട്ടും വിളക്കുകള്‍ കത്തിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: