മഹാകവി കാളിദാസന് പ്രണയമോ? മാളവികാഗ്നിമിത്രവും ശാകുന്തളവും കുമാരസംഭവവും രഘുവംശവും പിറവികൊണ്ട മനസ്സില്‍ ആരോടാവും പ്രണയം തോന്നിയിരിക്കുക. യഥാര്‍ത്ഥത്തില്‍ ആ മൂന്ന് സുഹൃത്തുക്കളുടെ യാത്രയാണ് കാളിദാസനിലേക്കും അദ്ദേഹത്തിന്റെ പ്രണയത്തിലേക്കും പ്രണയിനിയിലേക്കു വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നതിന് ഹേതുവാകുന്നത്.
ദല്‍ഹിയില്‍ ജോലി ചെയ്യുന്ന ജിത്തുവും ശ്രീകാന്തും സുധര്‍മ്മനും കൂടി ഹരിദ്വാറും ഋഷികേശും സന്ദര്‍ശിക്കാനായി പുറപ്പെടുന്നു. ഇടയ്ക്കുവച്ച് തീരുമാനം മാറ്റി ചതുര്‍ധാമ യാത്രയ്ക്കൊരുങ്ങുന്നു. ആ വഴിതെറ്റിയുള്ള യാത്ര കാളിദാസന്റെ ജീവിതം അറിയാനുള്ള നിമിത്തമാകുന്നു. വഴിതെറ്റി മൂവരും എത്തപ്പെടുന്നത് ബാബാജിയെന്ന് വിളിക്കപ്പെടുന്ന ജ്ഞാനയോഗിയുടെ ഗുഹാസന്നിധിയില്‍.
അവിടെ നിന്ന് ലഭിച്ച അപൂര്‍വ്വ താളിയോല ഗ്രന്ഥത്തിലൂടെ അത്യന്തം ഉദ്യേഗജനകമായ രീതിയില്‍ ഒരു കഥ- കാളിദാസ കഥ ആരംഭിക്കുകയായി. സുധീര്‍ പറൂര് എഴുതിയ മേഘയാത്രികന്‍ എന്ന നോവല്‍ യഥാര്‍ത്ഥത്തില്‍ കാളിദാസന്റെ ജീവിതം തിരയുകയാണ്, അക്ഷരങ്ങളിലൂടെ, മികവാര്‍ന്ന പാത്രസൃഷ്ടിയിലൂടെ.
ഭാരതീയ സാഹിത്യത്തിന് ക്ലാസിക് കൃതികള്‍ സംഭാവന ചെയ്ത കാളിദാസന്റെ ജീവചരിത്രം താളിയോലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഭോജരാജ സദസില്‍ കാളിദാസന്റെ സുഹൃത്തും മാളവദേശക്കാരനുമായ ശങ്കരകവിയാണ്. കാളിദാസ ജീവചരിത്രം ബാബാജിയുടെ ഗ്രന്ഥശേഖരത്തില്‍ നിന്ന് ലഭിക്കുകയും അത് വായിക്കുന്ന ശ്രീകാന്തിന്റെ മനസ്സിലേക്ക് മാളവം എന്ന ഗ്രാമവും അവിടുത്തെ മഹാകാലക്ഷേത്രവും അത്യന്തം ചാരുതയോടെ കടന്നുവരുന്നു.
അവിടെ കാളിദാസനും അദ്ദേഹത്തിന്റെ ജീവിതവും തെളിയുന്നു. മാളവത്തില്‍ നിന്ന് ഉജ്ജയിനിയിലെ ഭോജ വിക്രമാദിത്യത്തിന്റെ സദസിലെത്തി ആസ്ഥാനകവി പട്ടം നേടിയ കാളിദാസന്. നോവലിന്റെ പേരുപോലെ തന്നെ ഒരു ലക്ഷ്യം നേടുന്നതിനായി നടത്തേണ്ടി വരുന്ന അനേകം യാത്രകളില്‍ ഒന്നുമാത്രമായിരുന്നു ഉജ്ജയിനിയിലേക്കുള്ള ആ യാത്രയും. മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ടുപോയ, മായാതെ നില്ക്കുന്ന, ആദ്യ കാഴ്ചയില്‍ തന്നെ അനുരാഗത്തിന്റെ അനന്ത നീലിമയിലേക്ക് എടുത്തുയര്‍ത്തിയ പെണ്‍കുട്ടിയെ തേടിയുള്ള യാത്രയാണ് ഭോജരാജ സന്നിധിയിലെത്തി നിന്നത്.
കാളിദാസന്റെ പ്രണയം അന്വേഷിക്കുന്ന ഈ നോവലിന്റെ രചന തികഞ്ഞ കൈയടക്കത്തോടെയാണ് സുധീര്‍ പറൂര് നിര്‍വഹിച്ചിരിക്കുന്നത്. അനാവശ്യമായ വലിച്ചിഴക്കലുകള്‍ ഇല്ലാതെ മനോഹരമായ ആഖ്യാനം. സംസ്കൃത ഭാഷയില്‍ കാവ്യങ്ങള്‍ രചിച്ച കാളിദാസനോടും ഈ കൃതി നീതി പുലര്‍ത്തുന്നുണ്ട്, നോവലില്‍ പലയിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്ന സംസ്കൃത ശ്ലോകങ്ങളിലൂടെ.
ഋതുസംഹാരത്തിലൂടെ ഭോജരാജന്റെ മനസ്സ് കീഴടക്കിയ കാളിദാസന്, അദ്ദേഹത്തിന്റെ അടുത്ത സ്നേഹിതനായി മാറാന്‍ കാലതാമസം വേണ്ടിവന്നില്ല. രാജസദസിലെ ആസ്ഥാനകവി പട്ടമോ അതുപ്രകാരം കിട്ടുന്ന മാലോകരുടെ പ്രീതിയോ അദ്ദേഹത്തെ തെല്ലും ആകര്‍ഷിച്ചിരുന്നില്ല. മാളവത്തിലെ മഹാകാല ക്ഷേത്രത്തില്‍ വച്ച് ഒരുമാത്രകണ്ടപ്പോള് തന്നെഅദ്ദേഹത്തിന്റെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ട പെണ്‍കുട്ടിയെ തിരയുകയായിരുന്നു കാളിദാസന്. ആ സമാഗമം പക്ഷെ താല്‍കാലികമായിരുന്നു. അവള് മാളവം വിട്ടു. പിന്നെ കാളിദാസന്റെ യാത്ര ആ പ്രണയിനിയെ തേടിയായിരുന്നു. അവള് ഉജ്ജയിനിയിലുണ്ടാകുമെന്ന തോന്നലാണ് കാളിദാസനെ അവിടെ എത്തിച്ചത്. അത് വെറുതെയായില്ല.
കാളിദാസന് താമസം ഏര്‍പ്പാടാക്കിയ മാളികയ്ക്കടുത്തുള്ള ഗണികാ ഗൃഹമായ വസന്തമാളികയില്‍ അവളുണ്ടെന്ന അറിവ് കാളിദാസനെ ഊര്ജ്ജസ്വലനാക്കി. വിലാസിനി എന്നാണ് അവയളുടെ യഥാര്‍ത്ഥ നാമം. അവരിരുവരും കണ്ടുമുട്ടുമ്പോള്‍ അവളുടെ പേര് അന്വേഷിച്ചെങ്കിലും പറയാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കാളിദാസന് തന്നെ അവള്‍ക്ക് മറ്റൊരു പേരിട്ടു, മാളവിക. പക്ഷെ മഹാരാജാവ് മോഹിച്ച പെണ്ണാണവള്‍ എന്നറിയുമ്പോള്‍ പരവശനാകുന്നുണ്ടെങ്കിലും ഈശ്വരന് തനിക്കുവേണ്ടി സൃഷ്ടിച്ചതാണ് മാളവികയെയെന്ന് കാളിദാസന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
കാളിദാസന് മാളവികയോടുള്ള അനുരാഗത്തിന്റെ തീവ്രത വായനക്കാരിലേക്കും എത്തിക്കുവാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ഇനിയെന്ത് എന്നറിയാനുള്ള ആകാംക്ഷ ആദ്യം മുതല്‍ അവസാനം വരെ നിലനിര്‍ത്തിക്കൊണ്ടുള്ള രചനയാണ് മറ്റൊരു സവിശേഷത. കാളിദാസന് രചിച്ച പ്രധാന കാവ്യങ്ങളെ-മാളവികാഗ്നിമിത്രം, ഋതുസംഹാരം, ശാകുന്തളം, രഘുവംശം, കുമാരസംഭവം- എന്നിവയെയെല്ലാം തന്നെ ഈ പ്രണയാന്വേഷണ കഥയില്‍ പരാമര്‍ശിച്ചുപോകുന്നുണ്ട്. പ്രധാന കാവ്യം അപ്പോഴും മേഘസന്ദേശം തന്നെ. കാളിദാസന് തന്റെ തന്നെ പ്രണയമാണ് യക്ഷന്റെ പ്രേമദുഖം എന്ന മട്ടില്‍ ഈ കാവ്യത്തിലൂടെ അവതരിപ്പിച്ചത് എന്നാണ് നോവലിലൂടെ പറയുന്നത്.
ധര്മിഷ്ഠനെങ്കിലും വിലാസിനിയെന്ന സൗന്ദര്യധാമത്തിന് മുന്നില്‍ ഭോജരാജന് അതെല്ലാം മറക്കുന്നുണ്ട്. എങ്ങനേയും അവളെ സ്വന്തമാക്കണമെന്നാണ് ചിന്ത. ഉറ്റ സൃഹൃത്ത് മനസ്സില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും ആ മോഹം ഉപേക്ഷിച്ചില്ല. പകരം സ്നേഹിതനെ നാടുകടത്തുന്നതിനെ പറ്റി ആലോചിച്ചു. ഒരു കാരണം കണ്ടെത്തി കാളിദാസനെ ഹിമാലയത്തിലെത്തിക്കുന്നു. എന്തുവന്നാലും തനിക്കുവേണ്ടി കാത്തിരിക്കണമെന്ന കാളിദാസന്റെ വാക്കുകള്‍ മാത്രം മതിയായിരുന്നു ഏത് പ്രതിസന്ധിയേയും വിലാസിനിക്ക് അതിജീവിക്കാന്‍. ഈ നോവല്‍ പരിശോധിച്ചാല്‍ കാളിദാസന്റേത് പരിശുദ്ധമായ പ്രണയവും ഭോജരാജന്റേത് സുന്ദരമായ ഉടലിനോട് തോന്നിയ കാമവുമാണെന്ന് നിസംശയം പറയാം.
നീതിധര്‍മ്മങ്ങളുടെ ചെറിയ നാരിഴകള്‍ കൊണ്ടാണ് ചക്രവര്‍ത്തിയും പ്രജകളും തമ്മില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. അശക്തമായ നാരിഴകളില്‍ തൂങ്ങി നിന്നുകൊണ്ടേ അധികാരത്തിന്റെ വാളും പരിചയും കാട്ടി ആരേയും ഭയപ്പെടുത്താന്‍ കഴിയൂ. ആ നാരിഴകള്‍ പൊട്ടിക്കഴിഞ്ഞാല്‍ വാളിനേയും പരിചയേയും ജനങ്ങള്‍ ഭയപ്പെട്ടില്ലെന്ന് വരാം. അങ്ങനെ സംഭവിച്ചാല്‍ അത് വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അസ്ഥിവാരമിളക്കലായിരിക്കാം എന്ന് രാജാവിന് ഉത്തമബോധ്യവുമുണ്ട്. പക്ഷെ ആ ബോധവും കാമാഗ്നിയാല്‍ ചാമ്പലാവുന്നു.
പണ്ഡിത ശ്രേഷ്ഠനും ധര്‍മ്മ ചിന്തയില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത ഭര്‍ത്തൃഹരിയും ഭോജരാജന്റെ രാജസദസിനെ അലങ്കരിച്ചിരുന്നു. രാജാവ് ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് മനസിലാക്കുന്ന ഭര്‍ത്തൃഹരി അദ്ദേഹത്തെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാജസദസ് ഉപേക്ഷിക്കുന്നതായും നോവലില്‍ കാണാം. ഹിമാലയത്തില്‍ വച്ച് മേഘസന്ദേശത്തിന്റെ രചന പൂര്‍ത്തിയാക്കുന്ന കാളിദാസന്, തീവ്രാനുരാഗമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. എവിടേയും തങ്ങി നില്‍ക്കാതെയുള്ള ക്രമാനുഗതമായ ഒഴുക്കാണ് ഈ നോവലിന്റെ മറ്റൊരു പ്രത്യേകത.
മോഹിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ ഏത് നീചമായ പ്രവര്‍ത്തിയും രാജാവാണെങ്കില്‍ പോലും ചെയ്യും എന്ന് ഈ നോവല്‍ അടിവരയിട്ടുപറയുന്നു. കാളിദാസനെ കൊല്ലാന്‍ മറ്റൊരു ഗണിക സ്ത്രീയുടെ സഹായം തേടുന്ന ഭോജരാജാവിനെയാണ് ഇതില്‍ കാണാന്‍ സാധിക്കുക. ആര്‍ക്കുവേണ്ടിയാണോ ഈ നീചപ്രവര്‍ത്തി ചെയ്യാന്‍ തുനിയുന്നത് അവളെ പിന്നീട് രാജകൊട്ടാരത്തില്‍ വച്ചുകാണുമ്പോള്‍ സൗന്ദര്യം വാര്‍ന്നുപോയ ആ കോലം കണ്ട് രാജാവിന് അവളോട് സഹതാപം തോന്നുന്നു. ക്ഷണികമാത്രയില്‍ ഇല്ലാതാവുകയാണ് രാജാവിന് വിലാസിനിയോടുള്ള ആരാധന. ഒടുവില്‍ കാളിദാസന്റെ രക്ഷയ്ക്ക് വിലാസിനിയുടെ അമ്മ തന്നെയെത്തുന്നു. സംഘര്‍ഷം നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളിലൂടെ ശുഭപര്യവസായിയായി തന്നെ മേഘയാത്രികന്‍ അവസാനിക്കുന്നു.
ഒരര്‍ത്ഥത്തില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ പ്രണയകഥയുടെ ഇതിവൃത്തം. ക്ലാസിക് എന്നും ഈ കൃതിയെ വിശേഷിപ്പിക്കാം.
രചന: സുധീര്‍ പറൂര്
പ്രസാധകര്: ഗ്രീന്‍ബുക്സ്
വില 170 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: