ഉദാത്താലങ്കാരത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനാണ് ഇവിടെ ശ്രമിക്കുന്നതെന്ന് ആരും പരിഭ്രമിക്കേണ്ടതില്ല. അലങ്കാര ശാസ്ത്രത്തെപ്പറ്റി എനിക്കുവലിയ പിടിപാടുമില്ല. കഴിഞ്ഞ ദിവസം എന്നുവച്ചാല്‍ ഫെബ്രുവരി 12 ഞായറാഴ്ച എളമക്കരയിലെ ഭാസ്കരീയത്തില്‍ നടന്ന സംഘത്തിന്റെ പ്രാന്തീയ ബൈഠക്കിനെത്തിയപ്പോള് താമസിച്ചത് അവിടെത്തന്നെയുള്ള ഒരു മുറിയിലായിരുന്നു. ആധുനിക സൗകര്യങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും, കാര്യാലയത്തിലെ വാസത്തില്‍ കിട്ടുന്ന ആ സവിശേഷസുഖം അവിടെനിന്നു ലഭിച്ചില്ല.
പ്രഭാതത്തിലെ ഏകാത്മതാസ്തോത്രവും ‘മിസ്സാ’യി. സ്നാനപാനാദികള്‍ കഴിഞ്ഞു പുറത്തുവന്നപ്പോള്‍ മൈതാനത്തിന്റെ ഒരറ്റത്ത് ശാഖ നടക്കുന്നു. അതില്‍ പങ്കെടുക്കാന്‍ സാധിച്ചു. അപ്പോള്‍ എംഎ സാര്‍ പ്രഭാതനടത്തത്തിന് അതിലേ വരുന്നു. അദ്ദേഹവുമൊത്ത് സമയം കഴിച്ചുകൂട്ടി കുറേ മാസങ്ങളായിരുന്നു. നടത്തം ഒരുമിച്ചാവാമെന്നു കരുതി. അദ്ദേഹത്തിന് കുത്തി നടക്കാന്‍ വടിയും എനിക്കു വടിപോലത്തെ കുടയും. പ്രായംകൊണ്ടും അവശതകൊണ്ടും എന്റെ മുന്നിലാണ് എംഎ സാര്‍. ഓരോ കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞ് വിഷയം ആറു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ഞങ്ങള്‍ ഒരുമിച്ച് തിരുവനന്തപുരത്തു കഴിഞ്ഞുകൂടിയ വിദ്യാര്ഥിദശയിലെത്തി. ആ സംഭാഷണമാണ് ആദ്യം സൂചിപ്പിച്ച ഉദാത്തമായ പുരാവൃത്ത പരാമര്‍ശം. ശ്രീസമൃദ്ധിയില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതത്രയും. അതുകൊണ്ട് അത് അലങ്കാരമല്ലാതാകുന്നു.
ഞാന്‍ തിരുവനന്തപുരത്തെത്തിയത് 1951 ലായിരുന്നു. അവിടെ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ എംഎ. കൃഷ്ണന് സംസ്കൃത കോളജില്‍ മൂന്നാം വര്‍ഷം മഹോപാദ്ധ്യായ (പിന്നീട് ബിഎ ആയി)ക്കും. പഴയ തിരുവനന്തപുരം കഥകള്‍ അദ്ദേഹം അയവിറക്കുകയായിരുന്നു. പരമേശ്വര്‍ജിയും രാമചന്ദ്രന് കര്‍ത്തായും, മണക്കാട് ഗോപാലകൃഷ്ണനും എസ്. ലക്ഷ്മീനാരായണനും പി.എസ്. കൃഷ്ണനും മറ്റുമായിരുന്നു അക്കാലത്തെ പ്രധാന സ്വയംസേവകര്‍. ഗോപാലകൃഷ്ണന് സംസ്കൃതം എംഎ, സര്‍വകാല റെക്കോഡോടെ പാസായി സര്‍ക്കാര്‍ സര്‍വീസില്‍ കയറി തൃപ്പൂണിത്തുറയിലെ സംസ്കൃത കോളജ് പ്രിന്‍സിപ്പലായി വിരമിച്ചു. മഹോപാദ്ധ്യായയ്ക്ക് എംഎ സാറും അദ്ദേഹവും ഒരുമിച്ചായിരുന്നു.
ഗോപാലകൃഷ്ണന്റെ അച്ഛന് അടൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഹെഡ്മാസ്റ്ററായിരുന്നു. അതിനാല്‍ ഗോപാലകൃഷ്ണന് അവധിക്കാലങ്ങളില്‍ അടൂരില്‍ അച്ഛനോടൊപ്പം താമസിക്കാനെത്തുമായിരുന്നു. തിരുവനന്തപുരം സംസ്കൃത കോളജില്‍ പഠിക്കാനെത്തിയ എംഎ സാര്‍ അദ്ദേഹവുമായുള്ള ബന്ധത്തില്‍ സംഘശാഖയില്‍ പങ്കെടുത്തുതുടങ്ങി. എംഎ സാറും അടൂര്ക്കാരനാണല്ലോ. കൃത്യമായി അടൂരിനടുത്ത് ഐവര്കാലായിലാണ് വീട്. എന്നാലും അവിടത്തുകാര്‍ക്ക് അടൂരാണ് താലൂക്കുകേന്ദ്രം. ഒരു അവധിക്കാലത്ത് ഗോപാലകൃഷ്ണനും ഏതാനും ബന്ധുക്കളും ചേര്‍ന്ന്-1947 അവസാനമായിരിക്കണം- അടൂരില്‍ ശാഖ ആരംഭിച്ചു. തങ്ങളുടെ സ്വന്തം മനോധര്‍മമനുസരിച്ചുള്ള പരിപാടികളും കളികളുമൊക്കെ ആയിരുന്നു.
ശാഖയില്‍ ധ്വജം വേണമല്ലൊ. ഭഗവധ്വജം ഏറ്റവും ഉയരത്തില്‍ പാറിപ്പറപ്പിക്കുകയാണ് ഉദ്ദേശ്യം. അതിനായി ഒരു പൊക്കമുള്ള കുടകപ്പാല വെട്ടി സംഘസ്ഥാനില്‍ കുഴിച്ചിട്ടു കൊടികെട്ടി ഏതാനും ദിവസങ്ങള്‍ അങ്ങനെ അവിടെ ശാഖ നടത്തി. അക്കാലത്ത് യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന പരമേശ്വര്‍ജിയും അടൂരില്‍ ചെന്നിട്ടുണ്ട് എന്നു എംഎ സാര്‍ പറഞ്ഞു.
അദ്ദേഹം ആദ്യം പങ്കെടുത്ത സംഘശിബിരം, ഹേമന്തശിബിരം എന്നായരിുന്നുവത്രെ പേര്- അംബാസമുദ്രത്തിലായിരുന്നു.
അന്നത്തെ തിരുവിതാംകൂറിലെയും മധുര, തിരുനെല്‍വേലി, രാമനാഥപുരം ജില്ലകളിലേയും സ്വയംസേവകര്‍ അതില്‍ പങ്കെടുത്തതായി എംഎ സാര്‍ ഓര്‍ക്കുന്നു. ആലപ്പുഴയില്‍ പ്രചാരകനായിരുന്ന മഹേശ്ജിയായിരുന്നുവ്രെത ശിബിരത്തിന്റെ താരം. മഹേശ്ജി കശ്മീര്കാരനായിരുന്നു. അവിടെ പ്രധാനമന്ത്രിയായിരുന്ന ഷേക്ക് അബ്ദുള്ള കള്ളക്കേസില്‍ കുരുക്കി വാറണ്ട് പുറപ്പെടുവിച്ചതിനാല്‍ സംഘം അദ്ദേഹത്തെ തിരുവിതാംകൂറിലേക്കയച്ചതായിരുന്നു. പുറമേയുള്ള പോലീസിന് തിരുവിതാംകൂറില്‍ വന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ ഏറെ നിയമ നടപടികളിലൂടെ പോകേണ്ടിവരുമായിരുന്നു. അംബാസമുദ്രത്തിലെ ശിബിരത്തില്‍ എല്ലാവരും ഉറങ്ങിക്കിടക്കെ,
അര്‍ധരാത്രിക്ക് ശിബിരം ആക്രമിക്കപ്പെട്ടുവെന്ന് കാഹളം മുഴക്കി അറിയിക്കുകയും, സമീപത്തുള്ള മലമുകളിലേക്ക് പന്തവും ചൂട്ടുമൊക്കെ കത്തിച്ച് പാഞ്ഞുപോയി തെരച്ചില്‍ നടത്തുകയും മറ്റും ചെയ്തതിന്റെ ഓര്‍മകള്‍ എംഎ സാര്‍ അയവിറക്കി. സംഘശിബിരങ്ങളില്‍ അന്നും പിന്നീടും ഇത്തരത്തിലുള്ള സാഹസിക വിനോദപരിപാടികള്‍ നടക്കാറുണ്ടായിരുന്നു. 1961 ല്‍ പാലക്കാട് നടന്ന സംഘശിക്ഷാവര്‍ഗിലും, ഇതേപോലൊരു ആക്രമണ, അന്വേഷണ സാഹസ വിനോദം കല്ലേക്കാടിനടുത്ത കുന്നിന്മുകളിലേക്കു നടന്നതും, അതിനൊടുവില്‍ എല്ലാവരും ക്ഷീണിച്ചു തളര്ന്നുകുത്തി അടുത്തുള്ള പുഴയിലെ, വെള്ളം കഷ്ടിയായിരുന്ന മണല്‍പ്പരപ്പിലൂടെ തീവെയിലത്തു നടന്നതും ഓര്‍ത്തുപോയി.
ദക്ഷിണഭാരതത്തിലെ നാലു സംസ്ഥാനങ്ങളുടെ സംയുക്ത സംഘശിക്ഷാവര്‍ഗ് നടന്നുവന്ന 1956 ലും 57 ലും ഇത്തരം സാഹസികക്കളികളുണ്ടായിരുന്നു. മുതിര്‍ന്ന പ്രചാരകരായിരുന്ന രാംസാഠേ (പിന്നീട് ഇതിഹാസ സങ്കലന്‍ സമിതി സംയോജകന്‍) ഭാവുറാവു ദേശ്പാണ്ഡേ (പിന്നീട് കര്‍ണാടക ജനസംഘം സംഘടനാ കാര്യദര്‍ശി) എന്നിവര്‍ എതിര്‍ചേരികളില്‍ നേതൃത്വം നല്കി, ദിവസങ്ങളുടെ ആസൂത്രണശേഷമാണ് അതു നടത്തിവന്നത്. ശലഭവ്യൂഹം, ചക്രവ്യൂഹം, ഗരുഡവ്യൂഹം, പത്മവ്യൂഹം മുതലായ പേരുകള്‍ നല്കപ്പെട്ട രചനകളില്‍ അണിനിരന്ന നൂറുകണക്കിന് സ്വയംസേവകര്‍ അതില്‍ പങ്കെടുത്തിരുന്നു. ശിക്ഷാവര്‍ഗില്‍ പരിശീലിച്ച ശസ്ത്രങ്ങള്‍ ഉപയോഗിക്കാനും അവിടെ അവസരം നല്കപ്പെട്ടു. ഞാന്‍ പങ്കെടുത്ത രണ്ടവസരങ്ങളിലും ദേശ്പാണ്ഡേജിയുടെ വ്യൂഹമാണ് വിജയിച്ചത്. അംബാസമുദ്രം ശിബിരത്തെപ്പറ്റി എംഎ സാര്‍ അനുസ്മരിച്ചപ്പോള്‍ ഞാന്‍ പങ്കെടുത്ത പരിപാടി ഓര്‍ക്കുകയായിരുന്നു.
പഴയ തിരുവനന്തപുരം സ്മരണകള്‍ കുറിക്കുമ്പോള്‍ മറക്കാന്‍ വയ്യാത്ത ചില കാര്യങ്ങള്‍കൂടി എഴുതാന്‍ തോന്നുന്നു. വിശേഷിച്ചും അവിടെ സംഘശക്തി സാര്വഭൗമത്വത്തിലേയ്ക്കടുക്കുന്നതിനാല്.അവിടെ സംഘം ഏറ്റവും ദുര്‍ബലമായിരുന്ന കാലത്താണ് എന്റെ പഠനം പൂര്‍ത്തിയാക്കി മടങ്ങിയത്. 1954 ല്‍ മാധവജി പ്രചാരകനായെത്തിയ കാലമായിരുന്നു. ഗോപാലകൃഷ്ണനെപ്പോലെ നിരവധിപേര്‍ തീരെ നിഷേധാത്മക നിലയിലായിരുന്നു. മാധവജിയോടൊപ്പം കാര്യാലയവാസിയായി ഞാന്‍ മാത്രം. പഴയ സ്വയംസേവകര്‍ മിക്കവാറും ഇടത്തടിച്ചു നിന്നു. അവരെയെല്ലാം നേരിട്ടുകണ്ടു സംസാരിക്കാന്‍ മാധവജി തീരുമാനിച്ചു. മാധവജിയോടൊപ്പം ഞാനും, ചോട്ടാരാമചന്ദ്രനും, ജ്യേഷ്ഠന് ജനാര്‍ദ്ദനനും മറ്റുമാണ് പോയത്.
രാമചന്ദ്രനും ഞാനും പതിവായി ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിനു അദ്ദേഹത്തോടൊപ്പം പോയി. അവിടെ ഒറ്റക്കല്‍ മണ്ഡപത്തില്‍നിന്നു ഇറങ്ങിയാല്‍ അടുത്തുള്ള നരസിംഹനടയില് തൊഴുതപ്പോള്‍ പ്രസാദം തന്നത് ഒടിസി കഴിഞ്ഞ ആളായിരുന്നു. ആ പോറ്റിയുടെ പേരു മറന്നു. ഒടിസിയില്‍ മാധവജി അയാളുടെ ശിക്ഷകനുമായിരുന്നു. അയാളുമായി മാധവജി പരിചയം പുതുക്കി, കമ്യൂണിസ്റ്റുകാരനായിത്തീര്ന്നിരുന്ന അയാള്‍, ക്ഷേത്രത്തില്‍നിന്നു ലഭിച്ചുവന്ന നിവേദ്യങ്ങള്‍, പുറത്തുകൊണ്ടുവന്ന് പവര്‍ഹൗസ് റോഡില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ താമസിച്ചുവന്ന പാര്‍ട്ടി കമ്യൂണില്‍ എത്തിക്കുമായിരുന്നുവെന്നു മനസ്സിലായി.
പാര്‍ട്ടിയുടെ നിരോധനം നീക്കപ്പെട്ടിരുന്നുവെങ്കിലും ക്ഷേത്രത്തിനകത്തു പോലും അവര്‍ക്ക് ഇത്തരം സെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ കാര്യം അവിശ്വസനീയമായിരുന്നു. എം.എന്‍. ഗോവിന്ദന്‍നായരും ടി.വി. തോമസും മറ്റും പവര്‍ഹൗസ് റോഡിലൂടെ നടന്നുപോകുന്നത് ഞങ്ങള്‍ കണ്ടിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ തന്റെ ആത്മകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതു വായിച്ചപ്പോള്‍, പഴയ തിരുവനന്തപുരം ധാരണ തികച്ചും സത്യമായിരുന്നുവെന്നറിവായി.
മാധവജിയുടെ പരിശ്രമം തുടര്‍ന്നു. പല മുന്‍ സ്വയംസേവകരെയും കാര്യാലയത്തില്‍ എത്തിച്ച് സംവാദത്തിലേര്‍പ്പെട്ടു. ഗോപാലകൃഷ്ണനെപ്പോലെ ചിലരെ പഴയ തീവ്രതയോടെ അല്ലെങ്കിലും തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വേറെ ചിലരോട് ആശയപരമായ ദീര്‍ഘസംഭാഷണംതന്നെ നടത്തി. അവരില്‍ കമ്യൂണിസ്റ്റ് പ്രവര്ത്തകനായിക്കഴിഞ്ഞ ഒരാളോട് ആശയസംഘര്ഷമായാലും സായുധസംഘര്ഷമായാലും അന്തിമ വിജയം ആര്എസ്എസിനായിരിക്കുമെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. മാധവജിയുടെ മൃദുവും സൗമ്യവുമായ വാക്കുകളിലെ മൂര്‍ച്ചയേറിയ ആശയങ്ങള്‍ അവരെ അമ്പരിപ്പിച്ചുവെന്നു പറയുന്നത് ശരിയായിരിക്കും.
ഉദാത്തമല്ലേ ഈ പുരാവൃത്തം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: