സംഗീതം അത് ആത്മസംതൃപ്തിക്കുവേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാടാണ് ഹിന്ദുസ്ഥാനി സംഗീതജ്ഞനും മോഹന വീണാവാദകനുമായ പോളി വര്‍ഗീസിനുള്ളത്. മനസിന്റെ സംഘര്‍ഷങ്ങളില്‍ നിന്നാണ് സംഗീതം ഉള്‍പ്പെടെ എല്ലാ കലാരൂപങ്ങളും പിറവിയെടുക്കുന്നത്. മലയാളിയാണെങ്കിലും മലയാളികള്‍ക്ക് സുപരിചിതനല്ല പോളി വര്‍ഗീസ്. അദ്ദേഹം തന്റെ കഴിവ് തെളിയിച്ചത് കേരളത്തിലായിരുന്നില്ല. ലോകത്ത് മോഹനവീണ ഉപയോഗിക്കുന്ന അഞ്ചുപേരില്‍ ഒരാളാണ് പോളി വര്‍ഗീസ്.
ഗുരുവിനെ കണ്ടെത്തല്‍
മോഹനവീണയുടെ ഉപജ്ഞാതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ നാദവിസ്താരത്തിന്റെ മാസ്മരികതയില്‍ അകപ്പെട്ടുപോവുകയായിരുന്നു പോളി വര്‍ഗീസ്. കലാമണ്ഡലത്തിലെ ആശാന്റെ വീട്ടിലെ പഴയ ടിവിയിലൂടെ ആദ്യമായി കേട്ട മോഹനവീണയുടെ ആ നാദമാധുരി തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്ന് അധികം വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു.
ദൂരദര്‍ശനിലായിരുന്നു അന്നത് സംപ്രേക്ഷണം ചെയ്തത്. വിശ്വമോഹന്‍ ഭട്ടിനെ ഗുരുവായി മനസ്സില്‍ കണ്ടു. പിന്നീടുള്ള ശ്രമം അദ്ദേഹത്തെ നേരില്‍ കാണുന്നതിനായി. ഗുരുവിന് നിരന്തരം കത്തുകളയച്ചു. അദ്ദേഹത്തെ തേടിയുള്ള യാത്ര ഒടുവിലെത്തിയത് ശാന്തിനികേതനില്‍. വിശ്വമോഹന്‍ ഭട്ടിനെ നേരില്‍ കണ്ടു. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പോളിയുടെ ആഗ്രഹത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ ഗുരു രാജസ്ഥാനിലെ തന്റെ വസതിയിലത്തൊന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് ആരംഭിച്ച മോഹനവീണാ സാധന ഇന്നും തുടരുന്നു.
ഭക്ഷണമായി വീണ
‘ഇത് എന്റെ ഭക്ഷണമാണ്. അതുപോലെ തന്നെ ഇത് നിന്റേതുമാകണം, എങ്കില്‍ മാത്രം ഇത് സ്വീകരിച്ചാല്‍ മതി’, മനസ്സില്‍ ഗുരുസ്ഥാനത്ത് പണ്ടേ പ്രതിഷ്ഠിച്ച പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് , തന്റെ ശിഷ്യനാകാന്‍ കേരളത്തില്‍ നിന്ന് വണ്ടികയറിയെത്തിയ പോളി വര്‍ഗീസിനോട് പറഞ്ഞതിതായിരുന്നു. അന്ന് പോളിയുടെ കൈകളിലേക്ക് അദ്ദേഹം വച്ചുകൊടുത്ത മോഹനവീണ നെഞ്ചോടുചേര്‍ത്തതും ആ ഗുരുമുഖത്തുനിന്ന് വന്ന വാക്കുകള്‍ വേദവാക്യം പോലെ കാത്തുസൂക്ഷിക്കാം എന്ന ഉറപ്പോടെയാണ്. പിന്നീട് അഞ്ചുവര്‍ഷം തുടര്‍ച്ചയായ പരിശീലന കാലമായിരുന്നു. സപ്തസ്വരങ്ങള്‍ മാത്രമായിരുന്നു ആദ്യം വായിക്കുന്നത്. 10 മുതല്‍ 12 മണിക്കൂര്‍ വരെ നീണ്ടു നില്ക്കുന്ന പരിശീലനം. ആ സമയത്താണ് ബംഗാളി സിനിമകളുടെ ഭാഗമാകുന്നത്. ശാന്തിനികേതനിലേയും രാജസ്ഥാനിലേയും ജീവിതത്തിനിടയിലാണ് ബാവുള്‍ സംഗീതവും സൂഫി സംഗീതവും പഠിക്കുന്നത്.
മോഹനവീണ
ഇരുപത് തന്ത്രികളുള്ള സംഗീതോപകരണമാണ് മോഹനവീണ. അതിലേക്ക് പോളി രണ്ടെണ്ണം കൂട്ടിച്ചേര്‍ത്തു. അതാണ് ഇന്ന് എല്ലാ മോഹനവീണയിലും ഉപയോഗിക്കുന്നത്. നിക്കല്‍ സ്ട്രിങ് ഉപയോഗിക്കുന്ന ഒരേയൊരു സംഗീതോപകരണമാണ് മോഹനവീണ. കോപ്പര്‍ റോഡ് കൊണ്ടാണ് അത് വായിക്കുന്നത്. നാല് പ്രധാന തന്ത്രികള്‍, പതിനാല് തരഫുകള്‍, അഞ്ച് ചിക്കാരി തന്ത്രികള്‍ എന്നിങ്ങനെ മൂന്നുതട്ടുകളുള്ള സംഗീത ഉപകരണമാണ് മോഹനവീണ.
സ്വരസ്ഥാനങ്ങള്‍ക്ക് മോഹനവീണയില്‍ പ്രത്യേകസ്ഥാനമില്ല. വായിക്കുന്നയാളുടെ മനസിലാണ് മോഹനവീണയുടെ സ്വരസ്ഥാനങ്ങള്‍. മോഹനവീണ നിര്‍മിക്കുന്നത് കൈകൊണ്ട് കടഞ്ഞെടുത്താണ്. നാല് വര്‍ഷത്തിലേറെക്കാലം വേണം ഒരു മോഹനവീണ നിര്‍മിക്കാന്‍. പിന്നീട് വെയിലത്തുവെച്ച് ഉണക്കും. പിന്നീട് അതുവായിച്ചു നോക്കും, ശരിയായില്ലെങ്കില്‍ വീണ്ടും വെയിലത്ത് വെയ്ക്കും. കുറഞ്ഞത് പത്തുവര്‍ഷം എടുക്കും അതില്‍ നിന്ന് ശബ്ദം വരുത്താന്‍.
കേരളത്തിന് വെളിയില്‍ നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് പോളി വര്‍ഗീസ്. ഇന്ത്യയ്ക്ക് പുറത്തും തന്റെ സംഗീതവുമായി ബന്ധപ്പെട്ട് നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. നാല്പതിലേറെ രാജ്യങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഫെയ്സ്ബുക്ക് തലവനായ സൂക്കര്‍ബര്‍ഗ്ഗിന്റെ ക്ഷണപ്രകാരം അവരുടെ ആസ്ഥാനത്ത് പോളി വര്‍ഗീസ് കച്ചേരി അവതരിപ്പിച്ചിരുന്നു.
കുട്ടിക്കാലം
തൃശൂര്‍ ജില്ലയിലെ വലപ്പാട് പ്രശസ്തനായ പത്രപ്രവര്ത്തകന് വര്‍ഗീസ് മേച്ചേരിയുടെ മകനായാണ് പോളി വര്‍ഗീസിന്റെ ജനനം. അച്ഛന്റെ എഴുത്തും പ്രവര്‍ത്തനങ്ങളുമാണ് തന്റെ ജീവിതത്തെ സ്വാധീനിച്ചതെന്ന് പോളി വര്‍ഗീസ് പറയുന്നു. ചെറിയൊരു സ്ഥലത്ത് ഒതുങ്ങി ജീവിക്കാതെ ലോകത്തിലേക്ക് വളരാന്‍ തന്നെ പ്രേരിപ്പിച്ചത് മഹാനായ ആ പിതാവാണെന്ന് അഭിമാനത്തോടെ പോളി പറയുന്നു.
പുസ്തകങ്ങളുടേയും നാടകപ്രവര്‍ത്തകരുടേയും ഇടയിലുള്ള വളര്‍ച്ചയാണ് നാടകത്തോടും ലോകക്ലാസിക്കുകളോടുമുള്ള ഭ്രമത്തിലേക്ക് നയിച്ചത്. ഇത്തരമൊരു ചുറ്റുപാടില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതത്തോടും കര്‍ണാടക സംഗീതത്തോടും ഭാരതത്തിന്റെ പുരാതന സംസ്കാരത്തോടുമുള്ള ആരാധന ഉടലെടുക്കുന്നത്. അതോടൊപ്പം കവിതകളെഴുതാനും ആരംഭിച്ചു. ഇത്തരം സ്വാധീനങ്ങളാല്‍ പത്താം ക്ലാസിന് ശേഷം ചേരുന്നത് കേരള കലാമണ്ഡലത്തിലാണ്. പഠിച്ചത് മൃദംഗമാണെങ്കിലും കലാമണ്ഡലത്തിലെ ചുറ്റുപാടുകള്‍ ജീവിതം മാറ്റി മറിച്ചു.
ഇപ്പോള്‍ ചെന്നൈയില്‍ സെയ്ദാര്‍പേട്ടിലാണ് പോളിയുടെ താമസം. ഒപ്പം ഭാര്യ സബീനയും മകള്‍ ആറു വയസുള്ള മിത്രയും.
നാടക പ്രവര്‍ത്തനം
വളരെക്കാലം നീണ്ട നാടക പ്രവര്‍ത്തന പരിചയമുണ്ട് പോളി വര്‍ഗീസിന്. ബംഗാളി നാടകങ്ങളും പിന്നീട് തമിഴ് നാടകങ്ങളും അവതരിപ്പിച്ചു. തമിഴ് നാടകങ്ങളില്‍ അപ്പാവും പുള്ളെയും എന്ന നാടകം നൂറ്റിനാല്പ്പതോളം വേദികളില്‍ ഒറ്റയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്. കൂടുതലും ഏകാംഗ നാടകങ്ങളാണ് അവതരിപ്പിച്ചത്. തമിഴില്‍ പശുപതി, നാസര്‍ എന്നിവര്‍ക്കൊപ്പം നാടകസംഘവും ആരംഭിച്ചു.
ആത്മീയമായ സഞ്ചാരമാണ് സംഗീതമെന്നാണ് പോളിയുടെ വിശ്വാസം. നിശബ്ദതയിലാണ് സംഗീതത്തിന്റെ സ്വത്വം കുടികൊള്ളുന്നത്. ഉയര്‍ച്ച, താഴ്ച, നിശബ്ദത എന്നതാണ് സംഗീതം. മ്യൂസിക്ക് തെറാപ്പി എന്ന കാഴ്ചപ്പാട് തെറ്റാണ്. അസുഖം മാറാന്‍ മരുന്നുകള്‍ തന്നെയാണ് കഴിക്കേണ്ടത്. വൈകാരിക നിമിഷങ്ങളുടെ ആരാധകനാണ് പോളി വര്‍ഗീസ്. ഒരിക്കലും തന്റെ സംഗീതത്തെ വില്ക്കാന് ശ്രമിക്കില്ല എന്നതാണ് സംഗീതരംഗത്ത് അദ്ദേഹത്തിന്റെ നിലപാട്.
മലയാളത്തില്‍
സംഗീത സംവിധായകന് ദേവരാജന്‍ മാഷിന്റെ ശിഷ്യനായി ഒരു വര്‍ഷത്തിലേറെക്കാലം മലയാള സിനിമാ സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 ല്‍ പുറത്തിറങ്ങിയ കാള വര്‍ക്കി എന്ന സിനിമയ്ക്ക് സംഗീതം നല്കിയതും ഇദ്ദേഹമായിരുന്നു. പോളി സംഗീത സംവിധാനം നിര്‍വഹിച്ച ‘കൂട്ടിലേക്ക് ‘ എന്ന സിനിമയിലെ സംഗീതത്തിന്, 2005 ലെ ‘ജീവന് അറ്റ്ലസ്’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് മലയാള സിനിമാ സംഗീതത്തിലെ കച്ചവട താല്പര്യങ്ങളില് പങ്കുചേരാന്‍ ഇഷ്ടമില്ലാത്തതിനാല്‍ പതിയെ പിന്മാറുകയായിരുന്നു പോളി ചെയ്തത്.
സംഗീതത്തോടൊപ്പം തന്നെ സാഹിത്യരംഗത്തും തന്റേതായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് അദ്ദേഹം. കുട്ടിക്കാലം മുതല്‍ തന്നെ കവിതകള്‍ എഴുതിത്തുടങ്ങി. ബംഗാളി, തമിഴ് ഭാഷകളില്‍ കവിതകള്‍ എഴുതി. തമിഴ് മാഗസിനുകളില്‍ മലയാളം കവിതകള്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളി വര്‍ഗീസിന്റെ കവിത മദ്രാസ് സര്‍വ്വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലേറെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ആത്മകഥാംശമുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ് പോളി വര്‍ഗീസ്.
അപൂര്‍വ്വ ഭാഗ്യം
മറ്റൊരു ഇന്ത്യന്‍ കലാകാരനും കിട്ടാത്ത അപൂര്‍വ്വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് പോളി ഇപ്പോള്‍. ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ ആദരം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കുകയാണ് ഈ കലാകാരന്. മെയ് 22നാണ് വിക്ടോറിയന്‍ പാര്‍ലമെന്റ് പോളിയെ ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: