വര്‍ഗ്ഗീയ ചേരിതിരിവുകളോ പ്രസക്തി നഷ്ടപ്പെട്ട കമ്യൂണിസമോ അല്ല കേരളത്തിനാവശ്യമെന്നു തിരിച്ചറിയുമ്പോള്‍, അറുപതു വര്‍ഷത്തിനുശേഷമെങ്കിലും കേരളത്തിന് അതിന്റെ തനിമ വീണ്ടെടുക്കണ്ടയോ എന്നു പുതിയ തലമുറയേ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു.
അതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനുള്ള ബാധ്യത സംഘത്തില്‍ക്കൂടി വളര്‍ന്ന ചിന്തകന്മാര് ഏറ്റെടുക്കണം. ബിജെപിയുമായി ബന്ധപ്പെട്ട ചെറുപ്പക്കാര്‍ക്ക് ദീനദയാല്‍ജിയെ മനസ്സിലാക്കിക്കൊടുക്കേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചിന്തിച്ചുപോകുന്നു. ബിജെപി നേതാക്കള്‍ അവരുടെ മാര്‍ക്സിയന്‍ വീരവാദങ്ങള്‍ ഒഴിവാക്കണം.
രണ്ടുവര്‍ഷം മുമ്പ് കേരളത്തിലുടനീളം ഒരു സാംസ്കാരിക തീര്‍ത്ഥയാത്ര നടത്താന്‍ തപസ്യയെ പ്രേരിപ്പിക്കുകയും അതിന്റെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് കേരളത്തെ കണ്ടെത്തുക എന്ന വിഷയത്തെക്കുറിച്ച് വിശദമായി ഒരു ലേഖനവുമെഴുതിയിരുന്നു ഞാന്‍. കേരളീയ സമൂഹത്തില്‍ പുതിയൊരു ചിന്താഗതി വളരേണ്ടതുണ്ട്. കേരളം മത രാഷ്ട്രീയ വിഭാഗങ്ങളായി മാറിനില്‍ക്കേണ്ടതില്ല.
കേരളത്തിന്റെ പൈതൃകത്തിലേക്ക് അവരുടെ അഭിമാനം വളര്‍ത്തിയെടുക്കണം. വേര്‍തിരിച്ചു വിഭജനഭാവം വളര്‍ത്തുന്ന ചിന്താഗതിയെ നിരുത്സാഹപ്പെടുത്തണം. അതുകൊണ്ടാണ് കേരളത്തിന്റെ പൈതൃകം തുടങ്ങുന്നതു 1956-ല്‍ അല്ല, ചരിത്രാതീതകാലം മുതലാണെന്നു മനസ്സിലാക്കണമെന്നുപറഞ്ഞത്.
സഹ്യനും സമുദ്രത്തിനും മധ്യേ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയെന്ന പൗരാണിക സങ്കല്പ്പത്തിലേക്ക് കേരളീയ മനസ്ഥിതി വളര്‍ത്തണം. മുസ്ലിമും ക്രിസ്ത്യാനിയും ഇടയ്ക്കു മതംമാറിയെങ്കിലും ഇന്നലത്തെ കേരളീയരാണ്, ഇന്നത്തെ കേരളീയരുമാണ്. പുറത്തുനിന്നു വന്നവര്‍ മടങ്ങിപ്പോയി.
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേര്‍ന്നാണ് ഇന്നാട് നന്നാക്കേണ്ടതെന്ന ബോധവും അഭിമാനവും വളര്‍ത്തണം. കേരളീയന്റെ പൈതൃകം എന്തെന്ന് എല്ലാവരും ചിന്തിക്കണം. കേരളമെന്നത് ഭാരതത്തിന്റെ അവിഭാജ്യമായ ഒരു ഗണരാജ്യമാണെന്നും, വേദപുരാണാദികള്ക്ക് മുമ്പേയുള്ള ഈ ഭൂഭാഗം ഭാരതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നും അതിന്റെ ചരിത്രപുരുഷന്മാര് എല്ലാവരുടെയും ആരാധ്യരാണെന്നും മനസ്സിലാക്കണം.
കേരളത്തിന്റെ പാരമ്പര്യം, കാര്ഷികതയാണെന്നു മനസ്സിലാക്കണം. കച്ചവടവും വ്യവസായവും പിന്നീടു വന്നതാണ്. പുതിയ സര്‍ക്കാര്‍, ഹരിതകേരളമെന്നും ജൈവകൃഷിയെന്നും പറയുമ്പോള്‍ അതിനു പ്രാധാന്യം നല്‍കണം. എന്നാല്‍ അവിടംകൊണ്ടവസാനിക്കുന്നില്ല, കേരള പാരമ്പര്യം. കേരളം കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കണം.
ഒരുകാലത്ത് കേരളീയരെല്ലാവരും കര്‍ഷകരായിരുന്നു. കേരളത്തിന്റെ ഭൂമി കൃഷിക്കുള്ളതാണ്. ഭൂ മാഫിയയ്ക്കു തീറെഴുതരുത്. ഗൃഹനിര്‍മ്മാണം തന്നെ ഒരു വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്. അതിന് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കുമതി ചെയ്ത് കേരളീയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല.
ഹരിതകേരളമെന്നു പറയുമ്പോള്‍ കേരളീയ യുവാക്കളെ കൃഷിയും തൊഴിലും ചെയ്യാന്‍ പ്രേരിപ്പിക്കുകയും, നാട്ടില്‍ത്തന്നെ ജോലി ചെയ്യുന്നതില്‍ അഭിമാനവും ആദായവും ഉണ്ടാക്കിക്കൊടുക്കുകയും വിശാലമായ വനസമ്പത്തും, 42 നദികളും നിരന്തരം മഴയും ലഭിക്കുന്ന ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്നതില്‍ വരുത്തിയ തെറ്റായ കാഴ്ചപ്പാട് മാറ്റിയെടുക്കണം. പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നതാകണം കേരള സര്‍ക്കാരിന്റെ ഹരിതകേരളം.
വനം വന്യജന്തുക്കള്ക്കും വനവാസികള്‍ക്കും സൈ്വരവിഹാരത്തിനുള്ളതാണ്. വന്യജന്തുക്കളെ രാജാക്കന്മാര് വേട്ടയാടിയിരുന്നത് അവയെ വനത്തിലേക്ക് ഓടിച്ചുവിടാനാണ്. കൊന്നൊടുക്കാനല്ല. വനവാസികളെ നക്സലൈറ്റുകളാക്കാതെ അവരുടെ ആവശ്യങ്ങള്‍ എല്ലാം നിര്‍വ്വഹിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് ഉറപ്പാക്കണം.
12 കോടിയിലധികം വരുന്ന വനവര്‍ഗങ്ങളെ ഭാരതത്തിനെതിരെ സമരം ചെയ്യുന്നവരാക്കിയ തെറ്റായ നയം മാറ്റണം. ചാനല്‍ ചര്‍ച്ചയെന്ന മാര്‍ക്സിയന്‍ തന്ത്രത്തിന് മറുപടി കൊടുക്കാന്‍ നമ്മള് ബാദ്ധ്യസ്ഥരല്ല.
നരേന്ദ്രമോദി മുന്നോട്ടുവച്ചിട്ടുള്ള പദ്ധതികളൊന്നും തന്നെ വര്‍ഗ്ഗീയമല്ല. സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും വികസനമാണ് അദ്ദേഹം മുന്നോട്ടുവച്ചതെല്ലാം. അതുള്‍ക്കൊള്ളാനും പ്രചരിപ്പിക്കാനും തയ്യാറാകണം. വിഭജനവാദം കുത്തിപ്പൊക്കുന്ന പ്രലോഭന പ്രസംഗങ്ങള്‍ മാധ്യമങ്ങളും ചാനലുകളും നിര്‍ത്തിവയ്ക്കണം.
തീവ്രവാദത്തിന്റെയും വിദേശ ചര്‍ച്ചിന്റെയും കുത്സിതമാര്‍ഗങ്ങള്‍ സ്വയം ജനങ്ങള്‍ മനസ്സിലാക്കി തിരസ്കരിക്കാനവസരമുണ്ടാകും. ഉദാഹരണത്തിന് കുട്ടികളുടെ പീഡനകാര്യമാണെങ്കിലും, സ്ത്രീപീഡനകാര്യത്തിലാണെങ്കിലും പുരോഹിതന്മാര് സ്വയം പരിഹാസ്യരാവുകയാണ്. ക്രിസ്ത്യന്‍-മുസ്ലിം സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന ദേശീയപ്രവണതകളും, ആ സമൂഹത്തിലെ വ്യക്തിപ്രഭാവങ്ങളെയും ഉള്‍ക്കൊള്ളാന്‍ ദേശീയ പാര്‍ട്ടികള്‍ തയ്യാറാവുകയും വേണം.
മാര്‍ക്സിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍തന്നെ, ഇവിടുത്തെ പൈതൃക കേന്ദ്രങ്ങളെയും കലകളെയും കയ്യടക്കാന്‍ ശ്രമം തുടങ്ങി. പ്രഭുകുടുംബത്തേയും സവര്‍ണ സമൂഹത്തെയുമാണവര് പാര്‍ട്ടി കേന്ദ്രമാക്കി മാറ്റിയത്. പാവപ്പെട്ട തൊഴിലാളികളെ വിപ്ലവത്തിന്റെ പേരില്‍ തോക്കിനു നേരെ അയച്ചിട്ടു നേതാക്കള്‍ പ്രഭുകുടുംബങ്ങളില്‍ അഭയം തേടുകയായിരുന്നു.
സര്‍ക്കാര്‍ കോളേജുകള്‍ എസ്.എഫ്.ഐയുടെ പിടിയിലമര്‍ത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റിയും കൊച്ചി മഹാരാജാസും തൃശൂര്‍ കേരളവര്‍മ്മയും പാലക്കാട് വിക്ടോറിയയുമെല്ലാം കയ്യടക്കി പ്രിന്‍സിപ്പല്‍മാരെ ഭയപ്പെടുത്തുകയാണ്. പൈതൃക സ്ഥാപനം കയ്യടക്കുന്നത് രാജ്യനന്മയ്ക്കല്ല, നാടിന്റെ ഐക്യം തകര്‍ക്കാനാണ്.
പൈതൃകസംരക്ഷണത്തിന്റെ കാര്യത്തിലും കള്ള നാണയങ്ങളുണ്ട്. കൊച്ചിയില്‍ ഏതാനും വര്‍ഷങ്ങളായി കൊച്ചി മുസിരിസ് ബിനാലെ എന്ന ഒരു അഭാരതീയ കലോത്സവം നടക്കുന്നു. കേരള സര്‍ക്കാരും മറ്റ് ചില തല്പരകക്ഷികളും കൊടുക്കുന്ന ധനംകൊണ്ട് നിലനില്‍ക്കുന്ന ഒരുതരം അന്തര്‍ദേശീയ പ്രതിഛായയുള്ള കലോത്സവമാണത്. കൊച്ചിയുടെ പാരമ്പര്യമെന്താണ്? മുസിരിസെന്നതിന്റെ പാരമ്പര്യമെന്താണ്?
ഏഴോ എട്ടോ നൂറ്റാണ്ടിന് മുമ്പ് കൊച്ചിയെന്നൊരു നഗരമുണ്ടായിരുന്നില്ല. ആയിരങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരിലുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര് പറയുന്ന ഒരു തുറമുഖനഗരമാണ് മുസിരിസ്. കേരളത്തിന്റെ വനവിഭവങ്ങള്‍ തേടിവന്ന, യവനവ്യാപാരികളാണ് മുസിരിസ് കണ്ടെത്തിയതെങ്കില്‍, മൂന്നോ നാലോ നൂറ്റാണ്ട് മുമ്പ് കച്ചവടവും കയ്യേറ്റവുമായി വന്ന യൂറോപ്യന്‍ കമ്പനികള്‍ കച്ചവടത്തിന്റെ പേരില്‍ ആധിപത്യമുറപ്പിച്ച് കേരള രാജാക്കന്മാരെ അടിമകളാക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയില്‍ നടക്കുന്ന ബിനാലെ ഓര്‍മ്മിപ്പിക്കുന്നത്. അത് ഒരു വിധത്തിലും കേരളത്തിന്റെ സ്വാഭിമാനവും ദേശീയ ശക്തിയും വളര്‍ത്തുകയില്ല.
അടുത്ത കാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം മുന്നേറിയിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. യുപിയിലും മറ്റും ബിജെപി ബഹുഭൂരിപക്ഷം നേടിയപ്പോള്‍ അതില്‍ മുസ്ലിങ്ങളെത്രയുണ്ടെന്ന് കണക്കെടുക്കുകയാണ് കേരള സെക്യുലര്‍ പാര്‍ട്ടികള്‍. മോദി ഭരണത്തിന്റെ പ്രത്യേകത, പിന്നാക്ക ജനത്തിന്റെ ഉയര്‍ച്ചയും സാമ്പത്തിക വികസനവുമാണ്.
അത് ജാതിയും മതവും തിരിച്ചല്ല. രാഷ്ട്രത്തെ ഒന്നായി കണ്ടുള്ള നയമാണതിലുള്ളത്. ന്യൂനപക്ഷമെന്നോ, ഭൂരിപക്ഷമെന്നോ വേര്‍തിരിച്ചുകാണാതെ സമഗ്രമായ വികസനമാണ് മോദിനയം. കേരളത്തിലെ വര്ഗീയക്കളികളില് നിന്ന് രാഷ്ട്രീയകക്ഷികള്‍ പിന്തിരിയേണ്ടകാലം വൈകിയിരിക്കുന്നുവെന്നാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്.
ഇവിടത്തെ ചാനല്‍ ചര്‍ച്ചക്കാരുടെയും മാര്‍ക്സിയന്‍ ചിന്താഗതിക്കാരുടെയും കപടരാഷ്ട്രീയം വിലപ്പോകില്ല എന്ന് വളരെ വൈകാതെ കേരളം മനസ്സിലാക്കണം. അറുപതു കഴിഞ്ഞ കേരള ഭരണത്തില്‍ പുതിയൊരു പരീക്ഷണത്തിനു തയ്യാറാകണം.
കേരളത്തിന്റെ നെല്ലറയും പൈതൃകഭൂമിയുമായ നാഞ്ചിനാടിനെയും, കായികശേഷിയുടെ തുളുനാടിനെയും വെട്ടിമുറിച്ച് സൃഷ്ടിച്ച ഇന്നത്തെ കേരളം വിഭജനവാദികളുടെ അധീനതയിലാണ്. ഉള്ളതെല്ലാം നഷ്ടപ്പെടുത്തി പ്രതിദിനഭക്ഷണത്തിന് പുറംനാടിനെ ആശ്രയികേണ്ടിവരുന്ന ഇന്നത്തെ കേരളത്തിന് ഒരു മാറ്റം വേണം, ജനങ്ങളില്‍ വര്‍ഗ്ഗീയ വൈരം വളര്‍ത്തി തമ്മിലടിപ്പിക്കുന്ന പ്രവണതയ്ക്കറുതിവരണം.
കക്ഷി രാഷ്ട്രീയവും മതരാഷ്ട്രീയവും നാടിനെ നശിപ്പിക്കുകയാണെന്നു മനസ്സിലാക്കി പൈതൃകത്തിലഭിമാനിക്കുന്നവരാകണം. കയ്യേറ്റക്കാരായി വന്നവരെയും ആചാരവ്യത്യാസമുള്ളവരെയും ദേശീയതയുടെ പേരില്‍ ഒരുമിപ്പിക്കാനുള്ള സംഘടിത ശ്രമം നടക്കണം.
പൊതുവേ പറഞ്ഞാല്‍ പുതിയ ഒരു കേരളം രൂപംകൊള്ളണം. ആ വിശാലമായ പൈതൃകത്തിലഭിമാനമുള്ളതാകണം. മാതൃഭാഷയേയും അതിന്റെ സംസ്കാരത്തെയും തിരസ്കരിക്കുന്ന ഇന്നത്തെ പ്രവണതകള്‍ മാറ്റിയെടുക്കണം.
തുഞ്ചന്റെ നാട്ടില്‍ തുടങ്ങിയ സര്‍വ്വകലാശാല കേരളീയ സംസ്കൃതിയുടെ ഉണര്ത്തെഴുന്നേല്പ്പിനുള്ളതാകണം.
ഫിലിം ഫെസ്റ്റിവലും കമ്പ്യൂട്ടര്‍ പഠനവും നടത്തുന്ന മലയാള സര്‍വകലാശാല മാറ്റിയെടുക്കണം. കേരളീയ സംസ്കൃതിയുടെ കേന്ദ്രമായി ഭാരതപ്പുഴയുടെ തീരത്ത് കേരളീയ സര്‍വ്വകലാശാല ഉയരണം. ആ മാറ്റമാണ് കേരളത്തിലുണ്ടാകേണ്ടത്. അതിനു ശ്രമിക്കുന്നവരായ യുവാക്കളെയാണ് കേരളത്തിനിന്നാവശ്യം. വര്‍ഗ്ഗീയ രാഷ്ട്രീയം കമ്യൂണിസ്റ്റ് തന്ത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: