ത്ര ധന്യത തികഞ്ഞുകാണ്മതി ല്ലത്ര നൂനമൊരു സാര്‍വ്വഭൗമനില്‍
ചിത്തമാം വലിയ വൈരി കീഴമ-
ര്ന്നത്തല് തീര്‍ന്ന യമിതന്നെ ഭാഗ്യവാന്”
അതെ, ചിത്തമാം വലിയ വൈരിയെ കീഴടക്കുന്നവന് തന്നെയാണ്. പരമഭാഗ്യവാന്‍.
ഭഗവദ്ഗീതയില്‍, വില്ലാളിവീരനും, സാക്ഷാല്‍ ശ്രീപരമേശ്വരനില് നിന്ന് പാശുപതാസ്ത്രം നേടിയവനും മധ്യമ പാണ്ഡവനുമായ അര്ജുനന് ഭഗവാനോടു പരാതിപ്പെടുന്ന ഒരു ഭാഗമുണ്ട്.
ചഞ്ചലം ഹി മനഃകൃഷ്ണാ
പ്രമാഥി ബലവദ്ദൃഢം
തസ്യാഹം നിഗ്രഹംമന്യേ
വായോരിവ സുദുഷ്ക്കരം
(ആത്മസംയമ യോഗഃ 34)
മനസ്സ് ചഞ്ചലവും ഇന്ദ്രിയങ്ങളെ പ്രമഥനം ചെയ്യുന്നതും ശക്തിയേറിയതും ഒന്നില്‍ പിടിച്ചാല്‍ ഇളക്കാന്‍ പ്രയാസമുള്ളതുമാണ്. അതിനെ കീഴടക്കുന്നത് കാറ്റിനെ നിരോധിക്കുന്നതുപോലെ ക്ലേശകരമാണെന്നു ഞാന്‍ വിചാരിക്കുന്നു.
ശ്രീകൃഷ്ണ പരമാത്മാവിന്റെ ബന്ധുവും ഉറ്റതോഴനും അതിശക്തിമാനുമായ അര്‍ജുനന്റെ ഗതിയിതാണെങ്കില്‍ ആയിരമായിരം ഭോഗാസക്തികളുടെ നീരാളിപ്പിടിത്തത്തില്ക്കിടന്ന് കൈകാലിട്ടടിക്കുന്ന സാധാരണ മനുഷ്യന്റെ കാര്യം എന്തു പറയാന്‍! ഹരിനാമകീര്‍ത്തനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനയിതാണ്.
”ഷഡ്വൈരികള്‍ക്കു വിളയാട്ടത്തിനാക്കരുത്
ചിത്താംബുജം മമതവാസ്ഥാന രംഗമത്”
കാമക്രോധമോഹമദമാത്സര്യങ്ങളാകുന്ന ആറു ശത്രുക്കളോടാണ് അനുനിമിഷം മനുഷ്യന് പൊരുതി ജയിക്കേണ്ടത്. ഈ പോരില്‍ ജയിച്ചവര്‍ തുലോം വിരളം. അക്കൂട്ടത്തില്‍ ആദ്യം നമ്മുടെ സ്മരണയില്‍ എത്തുന്ന പേരാണ് ശ്രീനാരായണഗുരുവിന്റേത്. താടിയും മുടിയും വളര്‍ത്തി മരവുരിയും ധരിച്ച് കൊടുംകാട്ടില്‍ തപസ്സിരുന്നുകൊണ്ട് ചിത്തമാം വലിയവൈരിയെ ജയിച്ചെന്നു പറയുന്നതില്‍ ഒരു കേമത്തവും അവകാശപ്പെടാനില്ല. എന്നാല്‍ കാമക്രോധാദികളും, അസൂയയും പരദ്രോഹവാഞ്ഛയുമെല്ലാം നഗ്നതാണ്ഡവം നടത്തുന്ന സാധാരണ മനുഷ്യരുടെയിടയില്‍ ജീവിച്ചുകൊണ്ടും പ്രവര്‍ത്തിച്ചുകൊണ്ടും ‘ചിത്തമാം വലിയ വൈരി’യെ കീഴടക്കിയ മഹാത്മാവിന്റെ കാര്യമതല്ലല്ലൊ.
തിരുവനന്തപുരത്തുള്ള ചെമ്പഴന്തിയില്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച നാരായണന് എന്ന നാണു പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തുടര്‍വിദ്യാഭ്യാസത്തിനു വഴികാണാതെ വര്‍ഷങ്ങള്‍ തള്ളിനീക്കി. ധ്യാനനിമഗ്നനായിരിക്കുന്നതും, പ്രകൃതിയെ നിരീക്ഷിക്കുന്നതും മറ്റുമായിരുന്നു നാണുവിന്റെ അക്കാലത്തെ ഇഷ്ടവിനോദങ്ങള്‍. സവര്‍ണ്ണര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തുതന്നെ ചിലതുണ്ട്. പക്ഷേ ഈഴവനായ നാണുവിന് അവിടെ പ്രവേശനം ലഭിക്കില്ല. അങ്ങനെയിരിക്കുമ്പോഴാണ് കായംകുളത്തിനടുത്തുള്ള പുതുപ്പള്ളിയില്‍ രാമന്‍പിള്ള എന്നൊരാള്‍ സംസ്കൃത പാഠശാല നടത്തുന്ന വിവരം നാണുവിന്റെ മാതുലനും വൈദ്യനും പണ്ഡിതനുമായ കൃഷ്ണന് വൈദ്യന് അറിയുന്നത്. ഉല്പതിഷ്ണുവും ജ്ഞാനിയും മനുഷ്യസ്നേഹിയും നൈഷ്ഠിക ബ്രഹ്മചാരിയുമായ അദ്ദേഹം ജാതിമതഭേദം കൂടാതെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. അവിടെ അടുത്തുതന്നെയുള്ള വാരണപ്പള്ളി എന്ന സമ്പന്നമായ ഈഴവ കുടുംബത്തില്‍ അവര്ണ്ണബാലന്മാര്ക്ക് താമസസൗകര്യവും ലഭിക്കും. പിന്നെ വൈകിയില്ല, നാണുവിനെ വാരണപ്പള്ളിയില്‍ താമസിച്ച്, രാമന്‍പിള്ളയാശാന്റെ പാഠശാലയില്‍ ചേര്‍ന്നു പഠിക്കാന്‍ കൃഷ്ണന് വൈദ്യന് കൊണ്ടുചെന്നാക്കി. അന്ന് നാണുവിന് ഇരുപതുവയസായിരുന്നു.
കായംകുളം പട്ടണത്തില്‍ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുമ്മമ്പള്ളില്‍ തറവാടാണ് രാമന്‍പിള്ളയുടെ മൂലകുടുംബം. മിടുമിടുക്കരും യശസ്വികളുമായ അനേകം ശിഷ്യഗണങ്ങളെക്കൊണ്ടു സമ്പന്നനായിത്തീര്‍ന്ന അദ്ദേഹം പില്ക്കാലത്ത് കുമ്മമ്പള്ളില്‍ രാമന്പിള്ളയാശാന് എന്ന പേരില്‍ പ്രസിദ്ധനായി. പാഠശാല നടത്തുന്നതിനിടയില്‍തന്നെ അദ്ദേഹം ജ്യോതിഷം, വേദാന്തം, വൈദ്യം തുടങ്ങിയ മേഖലകളിലും പ്രാവീണ്യം സമ്പാദിച്ചു. സാമ്പത്തികമായി വളരെ ഉയര്‍ന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന് നിലവിലിരുന്ന സാമൂഹിക വ്യവസ്ഥിതികളോട് തീരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിഷേധസൂചകമായിട്ടാണ് അദ്ദേഹം തന്റെ പാഠശാലയില്‍ സവര്ണ്ണബാലന്മാര്ക്കൊപ്പം അവര്‍ണ്ണരേയും ഉള്‍പ്പെടുത്തിയത്. ജാതിയില്‍ താണവരെ പഠിപ്പിക്കുന്നതിന്റെ പേരില്‍ ആശാന് നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അവഹേളനവും സഹിക്കേണ്ടിവന്നു. അടുത്ത ബന്ധുക്കളും കൂട്ടുകാരുംവരെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. തന്മൂലം ദീര്‍ഘകാലം സ്വഗൃഹം വിട്ടുനില്‍ക്കേണ്ടതായും വന്നു!
കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ വിശാലഹൃദയവും ആദര്‍ശശുദ്ധിയും മനുഷ്യത്വവും സര്‍വ്വോപരി സമസൃഷ്ടി സ്നേഹവും മൂലം നമ്മുടെ നാടിനുണ്ടായ പുരോഗതി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശ്രീനാരായണഗുരു എന്ന ലോകഗുരുവിനെ നമുക്കു ലഭിച്ചത് ആ മഹാപുരുഷന് അന്നു കാണിച്ച ധൈര്യവും സന്മനസ്സും കൊണ്ടാണ്. മൂലൂര്‍ പത്മനാഭ പണിക്കര്‍, പെരുന്നല്ലി കൃഷ്ണന് വൈദ്യന്, മണമ്പൂര്‍ ഗോവിന്ദനാശാന്‍, ആനയടിയില്‍ കുഞ്ഞന്‍ വൈദ്യന് തുടങ്ങിയ അനവധി മഹാന്മാരെയും അവര്‍ണ്ണ സമുദായത്തില്‍നിന്ന് അദ്ദേഹം സമൂഹത്തിനു സംഭാവന ചെയ്തു.
വിദ്യാഭ്യാസകാലത്ത്, ആശാന്റെ ഹൃദയം നാണു അപഹരിക്കുകയും, അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ മുമ്പന്തിയില്‍ സ്ഥാനം നേടുകയും ഉണ്ടായി. ജ്യോതിഷപണ്ഡിതന് കൂടിയായിരുന്ന ഗുരു നാണുവിന്റെ ഭാവി ദീര്‍ഘദര്‍ശനം ചെയ്തിരിക്കണം. അദ്ദേഹം അക്കാലത്തു നടത്തിയിരുന്ന ഭാഗവത സപ്താഹാദികളില്‍ പങ്കെടുക്കാന്‍ നാണുവിനെയും കൊണ്ടുപോയിരുന്നത് അതിനു തെളിവാണ്. തന്റെ അഭാവത്തില്‍, ക്ലാസ് നയിക്കുന്നതിന് നാണുവിനെ ചുമതലപ്പെടുത്തിയിരുന്നതും, ചട്ടമ്പി (മോണിട്ടര്‍) സ്ഥാനം നല്കിയിരുന്നതും ഇവിടെ അനുസ്മരിക്കാം. രണ്ടുപേരുടെയും അടിയുറച്ച ഈശ്വരവിശ്വാസവും ഉന്നതാദര്‍ശങ്ങളും ആ ഗുരുശിഷ്യബന്ധത്തെ കൂടുതല്‍ ദൃഢമാക്കിയ ഘടകങ്ങളാണ്.
രാമന്‍പിള്ളയാശാന്റെ കൃതികളും നാണുവിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. അവയില്‍, വര്‍ക്കല സ്ഥലമാഹാത്മ്യവും കിളിപ്പാട്ടും പ്രബോധ ചന്ദ്രോദയം ഭാഷാനാടകവും ഭഗവന്നാമ സൂത്രമാഹാത്മ്യം കാവ്യവുമാണ് എടുത്തുപറയാവുന്നവ. ഗുരുകുലം വിട്ട നാണു, അവധൂതനായി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട പുണ്യസങ്കേതങ്ങളും സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ വര്ക്കലക്കുന്നിനോളം ഒരു പ്രദേശവും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി കോളിളക്കം സൃഷ്ടിച്ചശേഷം അദ്ദേഹം നേരെ എത്തിയത് വര്‍ക്കലയിലാണ്. തന്റെ ഗുരു രാമന്പിള്ളയാശാന് വര്‍ണ്ണിച്ചിട്ടുള്ളത് അക്ഷരംപ്രതി ശരിയാണെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ട്.
ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍
സ്വാഗതം പറയുമാസരോജനി
യോഗിയെ വശഗനാക്കി രമ്യഭൂ-
ഭാഗ ഭംഗികള്‍ ഹരിക്കുമാരെയും.
എന്നു കുമാരനാശാന് പാടിയത് തന്റെ ദൈവമായ ഈ യോഗിവര്യനെ സ്മരിച്ചുകൊണ്ടാകണം. എന്തായാലും 1904 ല്‍ വര്‍ക്കലക്കുന്നില്‍ പര്‍ണ്ണശാല കെട്ടി ഗുരുദേവന് അവിടെ താമസമാക്കി. തന്റെ ആത്മീയവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ തുടരുവാന്‍ ഇതുപോലെ യോജിച്ച മറ്റൊരു സ്ഥലവുമില്ലെന്ന് ആ ക്രാന്തദര്‍ശിക്കു തോന്നിയിരിക്കാം. സ്വതേ പ്രകൃത്യുപാസകനായ സ്വാമിയുടെ മനസ്സിനെ രോമാഞ്ചമണിയിക്കാന്‍ പോന്നതായിരുന്നു വര്ക്കലക്കുന്നിന്റെ അക്കാല മഹിമകള്‍. സര്‍ക്കാരില്‍നിന്ന് കുറെ സ്ഥലം ചാര്‍ത്തി വാങ്ങിയതിനു പുറമെ, ദാനമായും പലരും ഭൂമി നല്കി.
ദക്ഷിണകാശി എന്നു പണ്ടേ പുകള്‍പെറ്റിരുന്ന വര്‍ക്കലയില്‍ ആദ്യം ശിവപ്രതിഷ്ഠ തന്നെ നടത്തി. അന്നുമുതല്‍ വര്‍ക്കലക്കുന്ന് ശിവഗിരിയായി. ശാരദാപ്രതിഷ്ഠ നടത്തിയത് എസ്എന്‍ഡിപി യോഗത്തിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് (1912). മാനവരാശിയുടെ ഉത്ക്കര്‍ഷത്തിനും ക്ഷേമത്തിനും ഐശ്വര്യത്തിനും ഈശ്വരപ്രാര്ത്ഥനക്കുള്ള സ്ഥാനം സ്വകര്‍മ്മത്തിലൂടെ വിളംബരം ചെയ്യുക എന്നതായിരുന്നു പ്രതിഷ്ഠകളുടെ പിന്നിലെ ലക്ഷ്യം. 54 ക്ഷേത്രങ്ങളില്‍ നേരിട്ടും 26 ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെയും പ്രതിഷ്ഠ നടന്നു. ശിവപ്രതിഷ്ഠയാണ് ഏറെയും നടത്തിയിട്ടുള്ളത് എന്ന വസ്തുതയും ‘ശിവഗിരി’ എന്ന പേരിനോടു ചേര്‍ത്ത് അനുസ്മരിക്കാം. ശിവനോടുള്ള ആത്മബന്ധം അവിടെയും അവസാനിക്കുന്നില്ല. ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രകൃതികളില്‍ പ്രധാനപ്പെട്ടവയെല്ലാം ശിവകേന്ദ്രീകൃതമത്രെ. ശിവപ്രസാദപഞ്ചകം, ശിവശതകം, സദാശിവദര്‍ശനം, ചിദംബരാഷ്ടകം, ശിവസ്തവം തുടങ്ങിയവയെല്ലാം എടുത്തുപറയേണ്ടവയാണ്.
മഹാകവി രവീന്ദ്രനാഥ ടാഗോറും മഹാത്മജിയും ഗുരുദേവനെ സന്ദര്‍ശിക്കാനെത്തിയതും ശിവഗിരിയിലാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട രണ്ട് മഹാസംഭവങ്ങള്‍. 1922 നവംബര്‍ 22-ാം തീയതി 3.30 നായിരുന്നു ടാഗോറിന്റെ സന്ദര്‍ശനം. സന്ദര്‍ശനശേഷം അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി:- ”ഞാന്‍ ലോകത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. അതിനിടക്ക് ധാരാളം മഹര്ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടുവാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം എനിക്കു തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിലെ നാരായണഗുരു സ്വാമിയേക്കാള്‍ മികച്ച- അഥവാ അദ്ദേഹത്തോടു തുല്യനായ- ഒരു മഹാപുരുഷനെയും എനിക്കു കാണാന്‍ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന ആ യോഗനയനങ്ങളും ഇൗശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാന്‍ ഒരിക്കലും മറക്കുന്നതല്ല.”
സാമൂഹിക പരിഷ്കര്‍ത്താവ് എന്ന നിലയില്‍ മാത്രം ഗുരുദേവനെ താഴ്ത്തിക്കാണാന്‍ ശ്രമിക്കുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ വേണ്ടിയാണ് ഈ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചത്. ഒരു സാഹചര്യത്തിലും ക്ഷോഭിക്കാതെ, ആരെയും വെറുക്കാതെ, സ്വന്തമായി യാതൊന്നും വേണമെന്നാഗ്രഹിക്കാതെ, തന്റെ ‘ആയുസ്സും വപുസ്സും തപസ്സും’ മാനവരാശിയുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ശ്രേയസ്സിനുവേണ്ടി സമര്‍പ്പിച്ചവര്‍ ഇതുപോലെ, ലോകചരിത്രത്തില്തെന്ന അധികം പേരുണ്ടെന്നു തോന്നുന്നില്ല.
1925 മാര്‍ച്ച് മാസം 12-ാം തീയതിയാണ് മഹാത്മജി ശിവഗിരിയില്‍ എത്തിയത്. അദ്ദേഹം ആ സംഭവത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെ:- ”മനോഹരമായ തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കുവാന്‍ ഇടയായതും പുണ്യവാനായ ശ്രീനാരായണഗുരുസ്വാമികളെ സന്ദര്ശിക്കുവാനിടയായതും എന്റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാന്‍ കരുതുന്നു.” ഗുരുദേവന്റെ സമാധിക്കു ശേഷം, 1937 ലും ഗാന്ധിജി ശിവഗിരിയില്‍ എത്തുകയുണ്ടായി. അന്നു നടത്തിയ പ്രസംഗത്തില്‍ ‘മഹാനായ സ്വാമി’ എന്നാണ് ഗാന്ധിജി ഗുരുദേവനെ വിശേഷിപ്പിച്ചത്. കൂടാതെ ഒരു വ്യാഴവട്ടത്തിനു മുമ്പ് അദ്ദേഹം ഗുരുദേവനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു. 1958 ഏപ്രില്‍ 25-ാം തീയതി അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ശിവഗിരി സന്ദര്‍ശിച്ച് ഗുരുദേവന്റെ ധന്യമായ ജീവിതത്തെ പ്രശംസിച്ചു.
ഭാരതത്തിലെതന്നെ അറിയപ്പെടുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഇന്ന് ശിവഗിരി. ജനങ്ങളില്‍ ആത്മീയതയും ഐക്യമതവും വളര്‍ത്തുന്നതിന് തീര്‍ത്ഥാടനം സഹായിക്കുമെന്നറിയാവുന്നതുകൊണ്ടാണ് ഗുരുദേവന് അതിനു സമ്മതിച്ചത്. തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചിട്ടകളും നിയമങ്ങളും സ്വാമി തന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തു. തന്റെ സമാധിസ്ഥാനവും ശിവഗിരിയില്‍തന്നെ ആയിരിക്കണമെന്ന് 1926 ല്‍ എഴുതിയ വില്പത്രത്തില് ഗുരുദേവന് എടുത്തുപറഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തകാലത്ത് ശിവഗിരി സന്ദര്‍ശിച്ച് ധന്യത നേടി. ഏറെ താമസിയാതെ ലോകഭൂപടത്തില്തന്നെ, ദക്ഷിണേന്ത്യയിലെ മികച്ച തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ശിവഗിരി സ്ഥാനം പിടിക്കുമെന്നുള്ളത് തീര്‍ച്ചയാണ്. അപ്പോള്‍ കുമ്മമ്പള്ളി രാമന്‍പിള്ള ആശാനുള്ള സ്മാരകം എന്ന നിലയിലും ശിവഗിരിയെ കേരള ജനത ആദരിക്കുമെങ്കില്‍ അതില്‍ കവിഞ്ഞ ഗുരുദക്ഷിണ വേറെയില്ല.
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാല്‍ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: