ഓരോ നാടകവും എനിക്ക് സമരവും സ്വാതന്ത്ര്യപ്രഖ്യാപനവുമാണ്. പിന്നെങ്ങനെ നാടകം വന്നു വിളിക്കുമ്പോള്‍ എനിക്ക് ശാസനകളുടെ തടവില്‍ പാര്‍ക്കാനാകും. സത്യം പറയട്ടെ, എന്റെ നാടിനേയും നാടകത്തേയും പിരിയാന്‍ മടിച്ചാണ് ഞാന്‍ മരിക്കാതിരിക്കുന്നത്. അടുത്ത ബെല്ലിനും നാടകം തുടരുക തന്നെ ചെയ്യും. ഈ നാട് ഉണരുക തന്നെ ചെയ്യും. ‘
വെയില് എന്ന നാടകത്തിലൂടെ നാലാം തവണയും സംസ്ഥാന അവാര്‍ഡ് ജേതാവായ ഹേമന്ത് കുമാര്‍ നാടകജീവിതത്തെക്കുറിച്ചുളള ചോദ്യത്തിന് അവാര്‍ഡിന്റെ തിളക്കത്തിലും മറുപടി നല്‍കിയത് ഇങ്ങനെയാണ്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കിലെ പടിഞ്ഞാറങ്ങാടി എന്ന ഗ്രാമത്തില്‍ ജനിച്ച ഈ നാടക യൗവ്വനം നീണ്ട പതിനാറ് വര്‍ഷങ്ങളായി മികച്ച രചനകളോടെ അരങ്ങിന്റെ ആത്മാവായി തുടരുന്നു.
വെയില്, രജകന്‍, രാധേയനായ കര്ണ്ണന്, പരകായ പ്രവേശം, കുറിയേടത്ത് താത്രി, ഉച്ചപ്രാന്തന്‍ എന്നീ നാടകങ്ങള്‍ക്ക് കേരള സംഗീത-നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരങ്ങളില്‍ മികച്ച നാടകങ്ങള്‍ക്കുളള അവാര്‍ഡുകള്‍ ലഭിക്കുകയും ജനപ്രിയങ്ങളായ നൂറ്റിനാല്പതോളം നാടകങ്ങള്‍ക്ക് ഇതിനോടകം രചന നിര്‍വ്വഹിക്കുകയും ചെയ്തു. എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷന്റെ ഒ. മാധവന് പുരസ്കാരം, എസ്.എല്‍. പുരം സദാനന്ദന് അവാര്‍ഡ്, അടൂര്‍ ഭാസി ഫൗണ്ടേന്‍ അവാര്‍ഡ്, ബാലന് കെ. നായര്‍ നാടക അവാര്‍ഡ്, അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന് അവാര്‍ഡ്, ലോഹിതദാസ് പുരസ്കാരം തുടങ്ങി നൂറ്റമ്പതില്‍ പരം പ്രാദേശിക അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തി.
അപ്പോത്തിക്കിരി, കാരണവര്‍, എന്നീ സിനിമകള്‍ക്കും വിചാരം, ചില നേരങ്ങളില്‍ ചിലര്‍, ഞങ്ങളുടെ വീട് തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയ ഹേമന്ത് കുമാര്‍ ഇപ്പോള്‍ മലയാളത്തിലെ സൂപ്പര്‍താര ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി നാടക തിരക്കിനിടയിലും ഷൂട്ടിംഗിനായുളള തയ്യാറെടുപ്പിലാണ്. സംസ്ഥാന നാടക മത്സരത്തിലെ ഈ വര്‍ഷത്തെ മികച്ച രചയിതാവിനുളള അവാര്‍ഡ് പ്രഖ്യാപനമറിഞ്ഞ് നിറ സന്തോഷങ്ങളുടെ വേലിയേറ്റങ്ങളില്ലാതെ ഭാര്യ സുജയോടും മക്കള്‍ ലക്ഷ്മി, കൃഷ്ണ, വേദവ്യാസ് എന്നിവര്‍ക്കൊപ്പമിരുന്ന് അദ്ദേഹം ജന്മഭൂമിയോട് സംസാരിച്ചു.
$ ‘പേര് അറിവാളര്‍’ പോലൊരു നാടകം സമൂഹ മധ്യത്തിലേക്ക് എത്തിക്കുമ്പോള്‍ രാഷ്ട്രീയ ഇടപെടലുകള്‍ പേടിച്ചിരുന്നോ? അതുപോലെ തന്നെ രാജീവ് ഗാന്ധി വധക്കേസിന് നാടക രൂപം ചമച്ചതിന്റെ ഉദ്ദേശ്യശുദ്ധി എന്താണ്.?
നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമെന്ന കൃത്യമായ ധാരണയോടെയാണ് ഈ നാടകത്തെ സമീപിച്ചത്. ഇന്ത്യ കണ്ട ഊര്‍ജ്ജസ്വലനായ ഒരു പ്രധാനമന്ത്രിയുടെ മരണ കാരണമായ ഈ കേസ് നാടക രൂപത്തിലാകുമ്പോള്‍ ദേശവിരുദ്ധമാകരുതെന്നും നിഷ്കര്‍ഷിച്ചിരുന്നു. അതിനെ രാഷ്ട്രീയ ഇടപെടലുകളുടെ പേടി എന്നതിന് പകരം ജാഗ്രത ഉണ്ടായിരുന്നു എന്ന വാക്കായിരിക്കും ഉചിതം. പേരറിവാളന്റെ സ്ക്രിപ്റ്റ് പുസ്തക രൂപത്തിലായപ്പോള്‍ പ്രകാശനത്തിനായി അര്‍പ്പുതം അമ്മാള്‍ വന്നതും അല്പം ഭാവനയിലൂടേയും വികസിക്കുന്ന നാടകത്തിന് അഭിനന്ദനം അറിയിച്ചതും അഭിമാനകരമായ നിമിഷങ്ങളായിരുന്നു. ഇരുപത് വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന മകനോട,് തന്റെ കഥയുടെ നാടകരൂപത്തേക്കുറിച്ച് അര്‍പ്പുതം അമ്മാള്‍ പറയുകയും ജയിലില്‍ വച്ച് അദ്ദേഹം നാടകത്തിന് വിജയാശംസ നേര്ന്നതുമെല്ലാം വല്ലാത്തൊരു അനുഭവമായിരുന്നു.
$ സിനിമയും സീരിയലുകളും മറ്റിതര റിയാലിറ്റി ഷോകളും മലയാളികളുടെ സ്വീകരണ മുറികളെ സന്തോഷിപ്പിക്കുമ്പോള്‍ നാടകമെന്ന കലാരൂപത്തെ ഇന്നത്തെ തലമുറ എങ്ങനെ കാണുന്നു.? നാടകം ഇപ്പോള്‍ സജീവമായ അവസ്ഥയിലാണോ.?
മഹാപര്‍വ്വതങ്ങളേയും സമുദ്രങ്ങളേയും മറ്റ് മനോഹര കാഴ്ചകളേയും നമ്മള് വീടിന്റെ സ്വീകരണ മുറികളിലേക്ക് കൊണ്ടുവന്നു കാണാറില്ല. നമ്മള് ചെന്ന് കാണുക തന്നെ വേണം. നാടകത്തിന്റെ ആഢ്യ സ്വഭാവവും അതുതന്നെയാണ്. നാടകം മരിക്കുന്നു, അന്യം നിന്നു പോവുന്നു എന്ന സംവാദങ്ങളും തര്‍ക്കങ്ങളും നടത്തുന്നവര്‍ സത്യത്തില്‍ നാടകം കാണാതെ വീട്ടിലെ സ്വീകരണ മുറികളില്‍ ഇരിക്കുന്നവര്‍ മാത്രമാണ്.
സിനിമകളിലും മറ്റ് ഷോകളിലും ലഭിക്കുന്ന താരത്തിളക്കവും വേതനവും താരതമ്യേന കുറവായതുകൊണ്ടായിരിക്കാം നാടകമെന്ന ജീവ കലയിലേക്ക് വേണ്ടത്ര ആള്ക്കാര് എത്തപ്പെടുന്നില്ല. മലയാള നാടക രംഗം ഉത്തരോത്തരം പുരോഗതിയിലേക്ക് എന്ന അവകാശവാദം ഏറെയില്ലെങ്കിലും നിര്ജ്ജീവാവസ്ഥയിലല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
$ ഇന്നത്തെ സമകാലീന രചനകള്‍ സാംസ്കാരിക ശുദ്ധി കലശങ്ങള്‍ക്കായി പിറന്നു വീഴുന്നുണ്ടോ?. അതോ വിപണനസാധ്യതകള്‍ മാത്രം പരിഗണിച്ച് ഫോര്‍മുലകളില്‍ ഒതുങ്ങുകയാണോ?.
പണ്ടുകാലത്ത് സോദ്ദേശ്യ നാടകങ്ങളും സാംസ്കാരിക ശുദ്ധികലശങ്ങള്ക്കായി പിറന്നുവീണ രചനകളും അവതരിപ്പിച്ചിരുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ നട്ടുനനച്ച വേദികളിലായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനമടക്കം മൂല്യബോധമുളള സംഘടനകളുടെ പ്ലാറ്റ്ഫോമില്‍ നാടകം അവതരിപ്പിച്ചിരുന്ന കാലത്തില്‍ നിന്ന് നാമേറെ മുന്നോട്ടു പോയപ്പോള്‍ നാടകം കാണുന്നതും നാടകപ്രവര്ത്തനമെന്ന് ധരിച്ചിരുന്ന കാലഘട്ടവും മാഞ്ഞുപോയി. അതിജീവനത്തിനായുളള നാടകത്തിന്റെ പോരാട്ടം പിന്നെ ഉത്സവപ്പറമ്പുകളിലും പളളിപ്പറമ്പുകളിലും ക്ലബ്ബുകളിലുമായി.
അതുകൊണ്ടുതന്നെ വിപണന സാധ്യതകള്‍ പരിഗണിച്ച് നാടകങ്ങള്‍ നീങ്ങിയപ്പോള്‍ സാംസ്കാരിക നവോത്ഥാനം എന്നൊക്കെയുളള പ്രഖ്യാപനങ്ങള്‍ക്കപ്പുറം അതിജീവനത്തിന്റെ ഭാഗമെന്നോണം നാടകം ചില വിജയഫോര്‍മുലകളില്‍ ഒതുങ്ങിയെന്നതും നേരു തന്നെ. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാത്ത കാലഘട്ടം എളുപ്പം പുലരുന്ന ഒരു കേരളം സംജാതമെങ്കില് ഇനിയും ഏറെ നീതിബോധമുള്ക്കൊണ്ട നാടകങ്ങള്‍ പിറക്കുക തന്നെ ചെയ്യും.
$ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത ഡ്രാമാനന്ദത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?
ഡ്രാമാനന്ദം ചാരിറ്റബിള്‍ സൊസൈറ്റി എന്ന പേരില്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള സൂചനയുണ്ട്. ഒരു കാലത്ത് അരങ്ങിനെ ജ്വലിപ്പിച്ച പ്രതിഭകള്‍ ഇപ്പോള്‍ അരങ്ങിനു പുറത്തും ജീവിതത്തിന്റെ പുറംപോക്കിലുമാണ്. ആശയറ്റ അവരുടെ മനസ്സിന് അല്പമെങ്കിലും സഹായമെത്തിക്കുക എന്ന നല്ല ഉദ്ദേശ്യമാണ് സൊസൈറ്റിയുടേത്. നാടകവുമായി ബന്ധപ്പെട്ട ബാക്കി സംഘടനകള്‍ നിലവിലിരിക്കുമ്പോഴും ഏജന്‍സികളടക്കം മറ്റൊരു സംഘടനകള്‍ക്കും ദോഷമല്ലാത്ത രീതിയിലാണ് ഡ്രാമാനന്ദത്തിന്റെ പ്രവര്‍ത്തനരീതി.
നന്മനിറഞ്ഞ നാടകത്തിന്റെ നാള്‍വഴികളെ വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിലെ മുഴുവന്‍ ഭൂപ്രദേശങ്ങളിലും ‘നാടകപ്പറ’എന്ന പേരില്‍ സവിശേഷമായ പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഏറ്റവും അവശത അനുഭവിക്കുന്ന നാടക വാര്‍ദ്ധക്യങ്ങള്‍ക്ക് ആവുംവിധം പെന്‍ഷനും തുടങ്ങിയിട്ടുണ്ട്. നാടക പ്രവര്‍ത്തകരും സംഘാടകരും ഏജന്‍സികളും കാണിക്കൂട്ടവും ഒന്നിച്ച് കൈകോര്‍ക്കുന്ന പരസ്പരസഹായ പുണ്യപദ്ധതിയെങ്ങനെ ഏജന്‍സി വിരുദ്ധമാകും. ഡ്രാമാനന്ദം സൊസൈറ്റി നാടക ബുക്കിങ് ഓഫീസോ അന്നം മുടക്കി സംഘടനയോ അല്ല. കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
$ ഫ്രെയിമുകള്‍ക്കും കഥകള്‍ക്കും സവിശേഷ പ്രാധാന്യം വേണം എന്നതിനെക്കുറിച്ച്?.
പുതിയ പരീക്ഷണങ്ങള്‍ നടത്താനുളള അഭിവാഞ്ഛയും പ്രതിഭയും എല്ലാ നാടക ബോധമുളള ആളുകള്‍ക്കും ഉണ്ട് എന്നു തന്നെയാണ് വിശ്വാസം. എത്ര മനോഹരമായ പരീക്ഷണ കഥകളും അവതരണ മികവും കൈയ്യിലുണ്ടെങ്കിലും അത് പ്രദര്ശനത്തിനെത്തിക്കാനുളള സമിതികളും ഉടമകളുമാണ് ഉണ്ടാവേണ്ടത്. ഭാഗ്യവശാല്‍ മികച്ച സംഘാടകരായുളള സമിതികളുമായി സഹകരിക്കാനും അതിലേറെ മികവുളള സംഘാടക സമിതികള്‍ രൂപീകരിക്കാനും സാധിച്ചു എന്നത് സംതൃപ്തി തരുന്നു.
പ്രഗത്ഭമതികളായ രാജേഷ് ഇരുളവും, രാജീവന് മമ്മിളി, മനോജ് നാരായണന് തുടങ്ങിയ സംവിധായകരും എല്ലാ വിജയങ്ങള്‍ക്കും കാരണക്കാരായി കൂടെയുളളതും അനുഗ്രഹമായി കരുതുന്നു. ഒറ്റയ്ക്ക് നാടകത്തെ അട്ടിമറിച്ചേക്കാമെന്ന് വിചാരിക്കുന്നേയില്ല. മികച്ച നടീ-നടന്മാരും പ്രതിഭയുളള ടെക്നീഷ്യന്‍സും സംവിധായകരും, സംഘാടകരും ചേരുമ്പോഴാണ് ക്രിയേഷന് ഏറെയുളള നാടകങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഉറപ്പിച്ചു പറയുന്നു നാടകം കൂട്ടായ്മയുടെ കലയാണ്.
$ നാടക രചനാരംഗത്ത് നവാഗത പ്രതിഭകള്‍ കുറവാണോ. അതോ മികച്ച രീതിയില്‍ തുടരുന്ന കൂട്ടു കെട്ടുകളെ മാറി പരീക്ഷിക്കാന്‍ സമിതിയുടമകള് തയ്യാറാകുന്നില്ലേ?
ഈ ചോദ്യം നാടക രംഗം നേരിടുന്ന പ്രതിസന്ധിയെന്നു പറയാം. നവമാധ്യമ ലോകത്ത് നിറയെ കവിത എഴുതുന്നവരും, കഥയെഴുതുന്നവരുമുണ്ട് എന്തിനേറെ അക്ഷരം കൂട്ടിയെഴുതാന്‍ പഠിച്ചാല്‍ സിനിമയ്ക്കും സീരിയലിനും വരെ തിരക്കഥ ചമയ്ക്കുന്നവരും ധാരാളമാണ്. നാടകത്തില്‍ പ്രതിഫലക്കുറവുണ്ടെന്നും മറ്റു മേഖലകളിലെ പോപ്പുലാരിറ്റി ഈ രംഗത്ത് പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവില്ല എന്നു കരുതുന്നതും ഒക്കെയാവാം ഇതിനു കാരണം.
തൊട്ടതെല്ലാം പൊന്നാക്കിയ എം.ടി. വാസുദേവന്‍ നായര്‍ പോലും ‘ഗോപുര നടയില്‍’ എന്ന ഒറ്റ നാടകം മാത്രമാണ് എഴുതിയിട്ടുളളത്. അദ്ദേഹമൊക്കെ നാടകങ്ങളും കൂടുതലായി എഴുതിയിരുന്നെങ്കില്‍ വളരെയേറെ ആളുകള്‍ ഇതില്‍ ആകൃഷ്ടരായി കടന്നു വരുമായിരുന്നു എന്നു തോന്നുന്നു. മലയാളത്തില്‍ എണ്ണംപറഞ്ഞ ഒരു ഗദ്യകാരനും നാടകത്തിലേക്കെത്തിനോക്കുന്നില്ല എന്നതും പോരായ്മയല്ലേ. സമിതിയുടമകള് കൂട്ടുകെട്ടുകള്‍ തുടരുന്നതിനെക്കുറിച്ചുളള അഭിപ്രായം എന്തെന്നു വച്ചാല്‍ നവാഗത പ്രതിഭകള്‍ ഏറെയില്ല എന്നതും, അതുപോലെ തന്നെ പരിമിതമായ ഈ നാടക അരങ്ങിന്റെ അതിജീവനം അല്‍പ്പം കടുത്ത പ്രതിസന്ധിയിലൂടെയാണ് എന്നുളളതുമാണ്. മികച്ച രംഗബോധമുളള നവാഗതര്‍ കടന്നു വരികയാണെങ്കില്‍ ഡ്രാമാനന്ദം സൊസൈറ്റി അര്‍ഹതയുളളവര്‍ക്ക് പ്ലാറ്റ്ഫോം ഒരുക്കാനും സന്നദ്ധമാണ്.
‘നിലാവിന്റെ ഗീതം’ എന്ന നാടകത്തില്‍ നിന്നാരംഭിച്ച് പതിനാറോളം വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഹേമന്ത് കുമാര്‍ ഈ നാടകവര്ഷത്തിലും പതിനൊന്നോളം പുതിയ നാടകങ്ങളുടെ രചനയിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: