പയ്യംപള്ളി ചന്തു, ഒതേനന്, ഉണ്ണിയാര്‍ച്ച തുടങ്ങി പാണന്മാര് പാടി പുകഴ്ത്തിയ വീര സാഹസിക കഥകളിലെ നായകന്മാര് മുതല്‍ കളരിക്ക് ആദ്യമായി ആധികാരിക ഗ്രന്ഥം രചിച്ച ചിറയ്ക്കല്‍ ടി. ശ്രീധരന് നായര്‍, വി.പി.നാരായണന് നായര്‍ വരെയെത്തി തേരുരുള്‍ പായിച്ചു കൊണ്ടിരിക്കുന്ന മഹത്തായ കളരി ഗുരു പാരമ്പര്യമാണ് വടക്കേ മലബാറിന് അവകാശപ്പെടാനുള്ളത്.
കടത്തനാട്, കോലത്തുനാട്, തുളുനാട് എന്നീ മൂന്ന് വ്യത്യസ്ത നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു വടക്കേമലബാര്‍. സപ്തഭാഷാസംഗമഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് കളരിപ്പയറ്റിലെ ആദ്ധ്യാത്മിക ഭൗതിക മണ്ഡലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ കളരിപ്പയറ്റ് വടക്കേ മലബാറിലെന്ന ‘ പുതിയ ഗ്രന്ഥം കൂടി ഉദയം ചെയ്തിരിക്കുന്നു. ഭാരതീയ വിദ്യാനികേതന്‍ പ്രസിദ്ധീകരിച്ച പുസ്തകം രചിച്ചിരിക്കുന്നത് ഡോ.മേലത്ത് ചന്ദ്രശേഖരന് നായരാണ്. മദ്ധ്യ കേരളത്തില്‍ നിന്നും തെക്കേ മലബാറില്‍ നിന്നും സകുടുംബം വടക്കേ മലബാറില്‍ കുടിയേറി കളരികള്‍ സ്ഥാപിച്ച ചരിത്രവുമുണ്ട് വടക്കേ മലബാറിന് അവകാശപ്പെടാന്‍. വൈദേശികാധിപത്യം വടക്കേ മലബാറില്‍ കളരിപ്പയറ്റിന്റെ പുരോഗതിയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു.
കടത്തനാട്ടില്‍ പിള്ളതാങ്ങി, കോലത്ത് നാട്ടില്‍ അറപ്പുകൈ, തുളുനാട്ടില്‍ ഗരഡി സമ്പ്രദായം, തുളുനാടിന് തൊട്ട് തെക്ക് കേരള ഭൂമിയില്‍ ഉണ്ടായിരുന്ന വട്ടയം തിരിപ്പ് എന്നിങ്ങനെ പ്രധാനമായും നാല് ശൈലികളാണ് കളരിപ്പയറ്റില്‍ സാധാരണയായി കണ്ടു വരുന്നത്. മെയ്പ്പയറ്റില്‍ ആരംഭിച്ച് കോല്‍ത്താരി, അങ്കത്താരി, ഉറുമി എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് അവസാനം വെറും കൈമുറയിലേക്കെത്തുന്നതോടെ കളരി അഭ്യസനം പൂര്‍ണ്ണമാകുന്നു. കളരിപ്പയറ്റിലെ ആധ്യാത്മിക തലങ്ങളെയും അച്ചടക്ക സംഹിതകളെയും കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഗ്രന്ഥകാരന് ഇതില്‍ നിര്‍വ്വഹിക്കുന്നത്. കളരിപ്പയറ്റില്‍ അടങ്ങിയിരിക്കുന്ന ആദ്ധ്യാത്മിക മൂല്യങ്ങളായിരിക്കാം മറ്റ് ആയോധന കലകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
കേരളത്തിന്റെ തച്ചു ശാസ്ത്രത്തിലധിഷ്ഠിതമായ കെട്ടിട നിര്‍മ്മാണ രീതിയാണ് കളരികളുടെ നിര്‍മ്മാണത്തില്‍ പിന്തുടരുന്നത്. അഭ്യാസവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും, പവിത്രതയും, കളരികളിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതിനുള്ള സ്വാധീനവും ചര്‍ച്ച ചെയ്യപ്പെടുന്നു. പുരാതന കളരികളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളും നിലച്ചു പോയ പ്രാക്തനേയ കേരളീയ കലകളെ കുറിച്ചുള്ള വിവരണവും ഗ്രന്ഥത്തില്‍ കാണാം. പൂരക്കളിയിലെ മറത്തുകളിയടക്കമുള്ള പൗരാണിക കലകളിലെ ശാരീരിക ചലനങ്ങളില്‍ കളരിയുടെ സ്വാധീനം നമ്മുക്ക് ദര്‍ശിക്കാന്‍ കഴിയും.
കളരിപ്പയറ്റിന്റെ ലക്ഷ്യം തന്നെ തത്വജ്ഞാനികളായ വീര പൗരന്മാരെ നാടിന് സംഭാവന ചെയ്യുകയെന്ന സല്കര്മ്മത്തിലധിഷ്ഠിതമായിരുന്നുവെന്ന് വടക്കേ മലബാറിലെ പുരാതന കളരികളില്‍ നിന്ന് ലഭ്യമായ രേഖകള്‍ പറയുന്നു. കളരികളുടെ വകഭേദങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ അപഗ്രഥിച്ച് വായനക്കാര്‍ക്ക് പകര്‍ന്നു നല്കുന്നതില് ഒരു പരിധിവരെ വിജയം കൈവരിച്ചിരിക്കുന്നു. കാരണം നിയതമായ രേഖപ്പെടുത്തലുകളില്ലാത്ത പ്രാക്തനേയ കളരി സമ്പ്രദായത്തെക്കുറിച്ച് വിവരിക്കുക അസാധ്യമാണ്. ഈ പുസ്തകത്തില്‍ രചയിതാവ് സ്വന്തമായ നിഗമനങ്ങളിലേക്ക് കടക്കാതെ ലഭ്യമായ വിവരങ്ങള്‍ അതുപോലെ രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നതില് നമ്മുക്കാശ്വസിക്കാം.
കളരിപ്പയറ്റിലെ വിവിധ തലങ്ങളെക്കുറിച്ച് തലനാരിഴ കീറി പരിശോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതില്‍ പൂര്‍ണ്ണ വിജയം ലഭിച്ചുവോയെന്ന് പറയുക അസാധ്യമാണ്. ഒരുകാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക വിജ്ഞാന ഭൗതിക തലങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത് കളരികളാണ്. ആധുനിക കാലഘട്ടത്തില്‍ അവയ്ക്ക് എന്ത് സംഭവിച്ചുവെന്ന് വിവരിക്കുന്നു. സമസ്ത രൂപങ്ങളും ആവിഷ്കാര സമ്മിശ്രങ്ങളാണ്. ആകാശ ഭൂതത്തില്‍ നിന്നാണ് വായു, അഗ്നി, ജലം, ഭൂമി, മനുഷ്യ ശരീരം, സസ്യങ്ങള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്.
കെട്ടിടനിര്‍മ്മാണ രീതികളില്‍ ദിക്കുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവയ്ക്ക് മനുഷ്യശരീരവുമായുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പ് തന്നെ പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടാണ്. പ്രപഞ്ച സന്തുലനാവസ്ഥയില്‍ മനുഷ്യനുണ്ടാക്കുന്ന ഓരോ വ്യതിയാനങ്ങളും അവന്റെ ഭാവിയെ എങ്ങനെ നിര്‍ണ്ണയിക്കുന്നു. പരിണാമ പ്രക്രിയയിലെ മുന്നോട്ടുള്ള ഗതിവിഗതികളില്‍ പ്രകൃതിയില്‍ മനുഷ്യനുണ്ടാക്കുന്ന സന്തുലനാവസ്ഥ വിരുദ്ധമായ കടന്നു കയറ്റങ്ങള്‍ എന്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യതയുണ്ടെന്ന് പറയാതെ പറയുകയാണ് ഗ്രന്ഥകാരന്.
കളരിപ്പയറ്റിനെ കായികക്ഷമതയ്ക്കും, സ്വയം പ്രതിരോധത്തിനുമുള്ള വ്യായാമ മുറയായി മാത്രം ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കളരിപ്പയറ്റ് വടക്കേ മലബാറില്‍ എന്ന ഈ പുസ്തകം. സംഗീതം, നൃത്തം, നൃത്യം, നാട്യം, താളവാദ്യങ്ങള്‍, ചിത്രരചന, കൊത്തുപണി, ശില്പരചന മുതലായ ഭാരതീയ കലകളിലെന്ന പോലെ അര്‍പ്പണ മനോഭാവവത്തോടെ കര്‍മ്മം ചെയ്ത്, അഹങ്കാരത്തെയും സ്വാര്ത്ഥകാമനകളെയും ഇല്ലാതാക്കി, വാസന വൈരാഗ്യം നേടി, മനസ്സിനെ ശുദ്ധവും ശാന്തവുമാക്കി, ശരീരത്തെ പരമാത്മാസാക്ഷാത്കാരത്തിന് ഉപയുക്തമാക്കുവാനുള്ള മറ്റൊരു വഴിയാണ് ആയോധന നൃത്തകലാരൂപമായ കളരിപ്പയറ്റ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്കി കൊണ്ട്, പ്രപഞ്ചസത്യം ഗ്രഹിച്ച്, അഷ്ടാംഗയോഗത്തിലധിഷ്ടിതമായ ദിനചര്യയോടുകൂടി അഭ്യസിച്ചിരുന്ന ഈ ബ്രഹ്മവിദ്യ പ്രാചീന കേരളീയരെ ഉത്തമ പൗരന്മാരാക്കി മാറ്റുന്നതില്‍ മര്‍മ്മപ്രധാനമായ പങ്ക് വഹിച്ചിരുന്നു.
കളരിപ്പയറ്റിലെ ഈ നിഗൂഢ തത്ത്വശാസ്ത്രത്തിന്റെ സനാതന പ്രതീകങ്ങള്‍ വടക്കേ മലബാറിലെ പ്രാചീന കളരികളില്‍ സജീവമായി ഇന്നും കിടപ്പുണ്ട്. ഈ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് കളരിപ്പയറ്റ് വടക്കേ മലബാറില്‍ എന്ന ഈ ഗ്രന്ഥം. പ്രൊഫസര്‍ എം.ജി.എസ് നാരായണന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് ഈ പുസ്തകം. കളരിപ്പയറ്റിന്റെ ഉത്ഭവം, വികാസം, താത്വിക സങ്കല്പം, തറവാട് കളരികളുടെയും കുഴിക്കളരികളുടെയും വാസ്തുശാസ്ത്രം, പരമ്പരാഗത കളരി ദൈവങ്ങള്‍, കാളരിയിലെ താന്ത്രിക ആചാരങ്ങളും അനുഷ്ഠാനങ്ങളും, പരിശീലന പദ്ധതി, രീതി, തുടങ്ങി 11 ഭാഗങ്ങളിലായി വിവിധ ഉപഭാഗങ്ങളിലൂടെ കളരിപ്പയറ്റിലെ അഭ്യാസങ്ങള്‍ക്കപ്പുറം അഭ്യാസേതര മേഖലകള്‍ക്ക് പ്രാധാന്യം നല്കി മേലത്ത് ചന്ദ്രശേഖരന് രചിച്ചതാണ് കളരിപ്പയറ്റ് വടക്കേ മലബാറിലെന്ന ഗ്രന്ഥം.
ഒരുപക്ഷെ മലയാളത്തില്‍ ഇത്തരത്തില്‍ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥമായിരിക്കാമിത്. യദാ സാ പരമാശക്തി: സ്വേച്ഛയാ വിശ്വരൂപിണി എന്ന് തുടങ്ങുന്ന ഈ ഗ്രന്ഥം അവസാനിക്കുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന വൈദിക ദര്‍ശനത്തിന്റെ സാക്ഷാല്‍ക്കാരം പറഞ്ഞു കൊണ്ടാണ്. ഇന്ന് നിലച്ച് കൊണ്ടിരിക്കുന്ന കളരികളില്‍ പലതും ആദ്ധ്യാത്മിക കേന്ദ്രങ്ങളായി നിലകൊള്ളുന്നു. കളരിയുടെ ആദ്ധ്യാത്മിക വശങ്ങള്‍ക്കപ്പുറം ഇന്ന് അത് ചികിത്സാ രംഗത്തുള്ള ഉപകരണമായി പരിണമിച്ചിരിക്കുന്നുവെന്ന സത്യം പുസ്തകത്തില്‍ തുറന്ന പറയുവാനുള്ള ആര്‍ജ്ജവം കാണിച്ചിരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: