സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയമുള്ളവര്‍ക്കുമെല്ലാം സന്ദേശമയക്കുന്നതിനും മറ്റുമായി ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവുമധികം പരതിയത് ഇമെയിലിന് വേണ്ടിയാകും. എന്നാല്‍ ഇമെയില്‍ ആരാണ് കണ്ടുപിടിച്ചതെന്ന് ആര്‍ക്കൊക്കെ അറിയാം? ഏത് സാഹചര്യത്തിലാണ് ഇതിന്റെ കണ്ടുപിടുത്തം നടന്നത്? അതിലൊക്കെ ഉപരി ആരാണ് ഇമെയില്‍ ആദ്യം ഉപയോഗപ്പെടുത്തിയത്?
എന്നാല്‍ കേട്ടോളൂ, ശിവ അയ്യാദുരൈയെന്ന ഇന്ത്യന്‍ വംശജനാണ് ഇമെയിലിന് ജന്മം നല്‍കിയത്. തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേയ്ക്ക് കുടിയേറുമ്പോള്‍ അയ്യാദുരൈയ്ക്ക് പ്രായം ഏഴ് വയസ്സ്. 1978ല്‍ തന്റെ പതിനാലാം വയസ്സില്‍ അയ്യാദുരൈ ഈ മഹത്തായ ഉദ്യമത്തിന് ഏര്‍പ്പെടുമ്പോള്‍ സോഫ്റ്റ്വെയറിനായി പേറ്റന്റോ പകര്‍പ്പുകളോ ഉണ്ടായിരുന്നില്ല. 1980ലാണ് അമേരിക്കന്‍ സര്‍ക്കാര്‍ സോഫ്റ്റ്വെയറിനും പകര്‍പ്പവകാശ മാനദണ്ഡങ്ങള്‍ കൊണ്ടു വരുന്നത്. തുടര്‍ന്ന് 81ല്‍ അയ്യാദുരൈ പകര്‍പ്പവകാശത്തിനായി അപേക്ഷിക്കുന്നു. 82ല്‍ ഇതിനുള്ള അവകാശം അയ്യാദുരൈയ്ക്ക് ലഭിക്കുന്നു.
ഇമെയില്‍ കണ്ടെത്തുന്നതിനായി ശിവയെ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ അറിയണമെങ്കില്‍ ന്യൂജേഴ്സിയിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് ആന്‍ഡ് ദെന്തിസ്ട്രിയിലെ (യുഎംഡിഎന്‍ജെ) അദ്ദേഹത്തിന്റെ പഠന കാലത്തേയ്ക്ക് നമ്മള് യാത്ര ചെയ്യണം.
വളരെ തുച്ഛമായ ചെലവിലാണ് അയ്യാദുരൈ ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ഇച്ഛാശക്തിയും കുടുബത്തിന്റെ പിന്തുണയും ഒന്നുകൊണ്ട് മാത്രമാണ് അയ്യാദുരൈയ്ക്ക് തന്റെ കണ്ടുപിടുത്തം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കൂടാതെ അധ്യാപകരുടെ സഹായം കൂടി ലഭിച്ചതോടെ പദ്ധതി പരിപൂര്‍ണ്ണമായ വിജയത്തിലേയ്ക്ക് എത്തുകയായിരുന്നു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായി സമയം ചിലവഴിച്ചിരുന്ന അയ്യാദുരൈയുടെ തലവര മാറുന്നത് ഡോ ലെസ്ലി പി മിച്ചല്സണിനെ കണ്ടുമുട്ടുന്നതോടു കൂടിയാണ്. കുടുംബ സുഹൃത്തായ മാര്ട്ടിന് പെര്‍മാനാണ് യുഎംഡിഎന്ജെയിലെ ലെബോറട്ടറി കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ഡയറക്ടറായ ലെസ്ലിയെ അയ്യാദുരൈയ്ക്ക് പരിചയപ്പെടുത്തുന്നത്. അയ്യാദുരൈയുടെ കഴിവ് തിരിച്ചറിഞ്ഞ ലെസ്ലി ഗവേഷണ പണ്ഡിതനെന്ന തലത്തിലേയ്ക്ക് അയ്യാദുരൈയെ ഉയര്‍ത്തി. കൂടാതെ മെയിലിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സ്കൂളില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയുള്ള കണ്ടെത്തലുകളുടെ ഉദ്യമത്തിലേയ്ക്ക് അദ്ദേഹം കടന്നു. സ്റ്റെലാ ഒലെക്സെയ്ക് എന്ന അധ്യാപിക ഗവേഷണ സ്ഥലം സന്ദര്‍ശിച്ച് പാഠ്യ വിഷയങ്ങളും അയ്യദുരൈയ്ക്ക് പകര്‍ന്ന് നല്കി. അങ്ങനെ പഠനവും ഗവേഷണവും അയ്യാദുരൈ ഒരുമിച്ച് കൊണ്ട് പോയി. ഒടുവില്‍ പദ്ധതിയില്‍ വിജയം കൈവരിച്ച അയ്യാദുരൈയ്ക്ക് 1981ല്‍ വെസ്റ്റിങ് ഹൗസ് സയന്‍സ് ടാലന്റ് സെര്‍ച്ച് ഹോണേഴ്സ് അവാര്‍ഡും ലഭിച്ചു.
ഇന്ന് ഇമെയില്‍ സര്‍വ്വസാധാരണമായി ലോകമെമ്പൈടുമുള്ളവര് കൈകാര്യം ചെയ്യുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറ് ആരുടേതാണെന്ന് ആരും ചിന്തിക്കുന്നില്ല. ആശയവിനിമയം ഇത്ര സരളമാക്കാന്‍ കഴിയുന്നവിധത്തിലാക്കി ലോക ജനതയുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു നല്കിയ മിസ്റ്റര്‍ ശിവ അയ്യാദുരൈയ്ക്ക് നന്ദി അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: