പട്ടാമ്പി: മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന ഇ-വെയ്സ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍, കേടുവന്ന ഫ്രിഡ്ജുകളുടെ മാലിന്യങ്ങള്‍ എന്നിവ പരിപൂര്‍ണ്ണമായി ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിരോധിച്ചു.
ഇനി മുതല്‍ ഇത്തരം മാലിന്യം പഞ്ചായത്തിനകത്ത് കച്ചവടം ചെയ്യാന്‍ പാടില്ല. നിലവില്‍ ആക്രിക്കച്ചവടം നടത്തുന്ന ഗോഡൗണിലെ മുഴുവന്‍ മാലിന്യവും നീക്കം ചെയ്ത ശേഷം മാത്രമെ പുതിയവ ഇറക്കാവു. പഞ്ചായത്ത് ലൈസന്‍സ് നല്കിയ ഉടമകള്‍ക്ക് മാത്രമെ ഇനി മുതല്‍ സ്ക്രാപ്പിംഗ് നടത്താന്‍ കഴിയു എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാര്‍ പറമ്പില്‍ പറഞ്ഞു.
വ്യാഴാഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ പി.പി.വിജയനാണ് വിഷയം അവതരിപ്പിച്ചത്. 21 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ആരോഗ്യ വകുപ്പിന് ലഭിച്ച കണക്കനുസരിച്ച് 65 ക്യാസര്‍ രോഗികളുണ്ട്. അതില്‍ 12 പേര് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതാണ്. ഓങ്ങല്ലൂര്‍ കാരക്കാട് പ്രദേശത്ത് ആക്രിക്കച്ചവടം വ്യാപകമായതിനെതുടര്‍ന്നാണ് നടപടി ശക്തമാക്കിയത്.
കാരക്കാട് പ്രദേശത്ത് വിവിധ ജില്ലകളില്‍ നിന്നുമുള്ള പാഴ്വസ്തുക്കളുടെ സ്ക്രാപ്പിംഗ് മൂലം മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിച്ചിരിക്കുകയാണ്.
കാരക്കാട് പാറപ്പുറം, പഴഞ്ചിരി, കൊള്ളിപ്പറമ്പ്, പുല്ലാനി കോളനി എന്നിവിടങ്ങളില്‍ നിന്നുമായി ഇതിനകം 50പേര്‍ക്ക് ഡങ്കിപനി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പാലം സബ് കളക്ടര്‍ പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: