പാലക്കാട് : ജില്ലയ്ക്കകത്തും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്തുന്നതില്‍ കുട്ടികള്‍ ഇരകളും പങ്കാളികളുമാവുന്നു.
ലഹരിക്ക് അടിമപ്പെടുന്ന കുട്ടികള്‍ ഇവ ലഭിക്കുന്നതിനായി ലഹരി കടത്തുന്നത് കൂടാതെ ലഹരി കടത്ത് സംഘം കുട്ടികളെ ലഹരികടത്തുന്നതിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. ഈയിടെ ഗോപാലപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത കുട്ടിയുടെ കൈയില്‍ കഞ്ചാവ് കൂടാതെ മാരകായുധങ്ങളുമുണ്ടായിരുന്നു.
നെന്മാറ, കൊല്ലങ്കോട് പ്രദേശങ്ങളിലുള്ള കുട്ടികളേയും ഈയടുത്ത് കഞ്ചാവ് സഹിതം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അന്ത: സംസ്ഥാന കടത്ത് തടയാന്‍ ടാസ്ക്ഫോസും ബോര്‍ഡര്‍ പട്രോളിങ് സംഘവും കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷനര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു.
എക്സൈസ് പരിശോധനയ്ക്കിടയില്‍ നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയും കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ ഇനത്തില്‍ 24,78,153 രൂപ നികുതി ഈടാക്കിയിട്ടുണ്ട്. ഊടുവഴികള്‍, പൊതുസ്ഥലങ്ങളിലെ ഒഴിഞ്ഞ ഇടങ്ങള്‍, ഫ്ലൈ ഓവറുകള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്, ബസ് ബേകള്‍ എന്നിവിടങ്ങളില്‍ രാത്രി എട്ടിന് ശേഷം ഇത്തരം സംഘങ്ങള്‍ ഒരുമിക്കുന്നതായി ജനകീയ സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് മഫ്റ്റിയില്‍ പരിശോധന ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
വനംവകുപ്പിന്റെ മണ്‍സൂണ്‍ റെയ്ഡുകള്‍ എക്സൈസ് – വനം-പൊലീസ് വകുപ്പുകള്‍ സംയുക്തമായി നടത്താന്‍ തീരുമാനിച്ചു.
അട്ടപ്പാടി ഭാഗത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ജനമൈത്രി എക്സൈസ് സ്ക്വാഡ് സജീവമാണെന്നും ഡെപ്യൂട്ടി കമ്മീഷനര്‍ പറഞ്ഞു. റെയില്‍വെ സ്റ്റേഷനുകളില്‍ ആര്.പി.എഫ് നിരീക്ഷണം ശക്തമാക്കിയതായും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: