മലയാളത്തിന്റെ വലിയ തലമുറ എഴുത്തുകാരന് തകഴി ശിവശങ്കരപ്പിള്ളയുടെ ബൃഹത് നോവല്‍ കയര്‍ ജീവിതം ഇഴപിരിച്ചെടുത്തതാണ്. 150 വര്‍ഷത്തെ ചരിത്രവും സംസ്ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ ഏഴു തലമുറക്കഥകളാണ് തകഴി എടുത്തു പറയുന്നത്. നൂറിലധികം കഥാപാത്രങ്ങളിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള അവിഛിന്നമായ ബന്ധത്തിന്റെ കെട്ടുറപ്പാണ് കയര്‍.
986 പേജുള്ള ഈ നോവല്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തികാവസ്ഥകളുടെ പരിഛേദനവും കൂടി തുറന്നുവെക്കുന്നുണ്ട്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് ഇന്ത്യ, പ്രത്യേകിച്ച് കേരളീയ ഗ്രാമങ്ങളിലെ ജീവിതത്തിന്റെ ചൂടും ചൂരും എങ്ങനെയായിരുന്നുവെന്നതിന്റെ ഒരു നഖചിത്രം ഇതിലുണ്ട്. അന്നത്തെ ജാതി മത സദാചാര വിദ്യാഭ്യാസപരമായ തലങ്ങളും വായിച്ചെടുക്കാം. ക്രമേണെ ഫ്യൂഡലിസത്തിന്റെ ശക്തി കുറഞ്ഞ് പുരോഗമന പ്രസ്ഥാനങ്ങള്‍ സാമൂഹിക ജീവിതത്തിലേക്കു വിപ്ലവകരമായ വിത്തുകള്‍ വിതയ്ക്കാന്‍ പാകമായ ജീവിതാവസ്ഥ എങ്ങനെയാണ് ഒരുക്കപ്പെടുന്നതെന്ന് റിയലിസത്തിന്റെ വക്താവു കൂടിയായ തകഴി എഴുതുന്നു. രാജ്യത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ ഉരുത്തിരിഞ്ഞ ശക്തമായ സ്വരാജ്യ സ്നേഹവും ഗാന്ധിയുടെ നേതൃത്വത്തില്‍ ഉണ്ടായ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെയും അലയൊലികള്‍ നോവലിന്റെ അവസാന ഭാഗത്തുണ്ട്. സ്വന്തം കാലത്തിന്റെയും പ്രദേശത്തിന്റെയും അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ്.
ഏറ്റവും ലളിതമായ ഭാഷയില്‍ മാനുഷിക വികാരങ്ങളുടെ കടച്ചില് കൊണ്ടെഴുതപ്പെട്ടതാണ് കയര്‍. അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ അവകാശത്തെക്കുറിച്ചും കൂലിയെക്കുറിച്ചുമുള്ള പരിചിന്തനകള്‍ കയറിലുമുണ്ട് കാലമാറ്റമനുസരിച്ച് മനുഷ്യരിലും സാമൂഹിക ബന്ധങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളും പുരോഗതിയും നോവലില്‍ തെളിനീരായുണ്ട്. ദുരൂഹതയില്ലാത്ത വിധം നേരെ ചൊവ്വേയുള്ള അവതരണ രീതിയാണ് ഈ രചനയിലും തകഴി അവലംബിച്ചിരിക്കുന്നത്.വസ്തുതകളെ നേരിട്ടു കണ്ട് അതേ പടി ചിത്രീകരിക്കുന്ന രീതി തന്നയാണ് കയറിലും.
1978 ല്‍ പുറത്തിറങ്ങിയ കയര്‍ അന്നു വലിയ ചര്‍ച്ചയായിരുന്നു. ദൂരദര്‍ശനില്‍ പരമ്പരയായും കയര്‍ അവതരിപ്പിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: