കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനക്ഷേമപദ്ധതികളുടെ പേര് പറയാമോ? ചോദ്യം കേന്ദ്ര യുവജനക്ഷേമ-കായിക വകുപ്പ് സഹമന്ത്രി വിജയ്‌ഗോയലിന്റേത്. കോഴിക്കോട് നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച യൂത്ത് ഇന്ത്യ വിഷന്‍ 2020 സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കെ.പി. കേശവന്‍ ഹാളില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ത്ഥികളോട് കേന്ദ്രമന്ത്രി ചോദ്യമെറിഞ്ഞത്. എന്നാല്‍ ഹാളില്‍ തികഞ്ഞ നിശബ്ദത. മന്ത്രി ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടും മറുപടി പറയാന്‍ എഴുന്നേറ്റത് മൂന്നോ നാലോ പേര്‍.
എത്രപേര്‍ പത്രം വായിക്കുന്നുണ്ടെന്ന ചോദ്യത്തിനും നല്ല പ്രതികരണമല്ല ഹാളില്‍ നിന്ന് ലഭിച്ചത്. യുവജന ക്ലബുകളുടെ ഭാരവാഹികളും എന്‍എസ്എസ് വളണ്ടിയര്‍മാരും ചുമതലപ്പെട്ടവരുമായിരുന്നു സദസ്സിലുണ്ടായിരുന്നത്. സാമൂഹ്യസേവനത്തിനും രാഷ്‌ട്രപുനര്‍നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രണ്ട് യുവസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനക്ഷേമപദ്ധതികളെക്കുറിച്ച് വിവരമുള്ളവര്‍ ഇല്ലെന്നത് മന്ത്രിയില്‍ ആശ്ചര്യമുളവാക്കി. ജനോപകാരപ്രദമായ പദ്ധതികള്‍ ബോധവല്‍ക്കരണം വഴി സമൂഹത്തിലെത്തിക്കേണ്ട സംഘടനകളുടെ പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്നതിന്റെ കണക്കെടുപ്പായിരുന്നു മന്ത്രി നടത്തിയത്.
മറുപടി പറയാന്‍ ചുറുചുറുക്കോടെ മുന്നോട്ടുവരണമെന്ന് എഴുന്നേറ്റ് നിന്ന് സംസാരിക്കാനുള്ള ആര്‍ജ വം നേടണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. ആദ്യം എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ശബ്ദം തൊണ്ടയില്‍ കുരുങ്ങും. എന്നാല്‍ സംസാരിച്ചു തുടങ്ങിയാല്‍ സഭാകമ്പം മാറും- അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഫലപ്രദമാകണമെന്ന നിരീക്ഷണമാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രിയുടെ ചോദ്യങ്ങളില്‍ തെളിഞ്ഞത്.
















