താനൂര്‍: മോര്യാ കാപ്പിലെ 150 ഏക്കറോളം പുഞ്ചകൃഷി അധികൃതരുടെ അനാസ്ഥമൂലം കരിഞ്ഞുണങ്ങുന്നു. പൂരപ്പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചാണ് മോര്യാകാപ്പില്‍ പുഞ്ചകൃഷി നടത്തിയിരുന്നത്. നഗരസഭയും ജലസേചന വകുപ്പും ചേര്‍ന്നാണ് തടയണ നിര്‍മിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം പ്രവൃത്തികള്‍ യഥാസമയം നടത്താന്‍ നഗരസഭയോ ജലവിഭവ വകുപ്പോ തയ്യാറാകാത്തതാണ് കൃഷി നാശത്തിന് കാരണമായത്. ഇത് കാരണം ഏതാണ്ട് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പാട്ടകൃഷി നടത്തിയ ഇവര്‍ക്ക് വിള ഇന്‍ഷുറന്‍സ് ആനുകൂല്യം പോലും ലഭിക്കില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമായിരുന്നു ഇത്. അന്ന് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായെങ്കിലും പരിഹരിക്കുമെന്ന് വീരവാദം മുഴക്കിയ അബ്ദുറഹ്മാന്‍ എംഎല്‍എ, തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അതെല്ലാം മറന്ന മട്ടാണ്. കഴിഞ്ഞ ദിവസം പാടശേഖരത്തില്‍ സന്ദര്‍ശനം നടത്തി അദ്ദേഹം ചില വാഗ്‌ദ്ധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയെങ്കിലും അതൊക്കെ നടക്കണമേയെന്നാണ് കര്‍ഷകരുടെ പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: