വടകര: വ്യാജചികിത്സയും ദുര്‍മന്ത്രവാദവും നടത്തി ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന പരാതിയില്‍ വ്യാജ സിദ്ധ പൊലിസ് പിടിയിലായി. പുറങ്കര അഴിത്തല സാന്റ് ബാങ്ക്‌സിനു സമീപം കാളിയത്ത് ഹൗസില്‍ ഭാനുത്ത (50) യെയാണ് വടകര പൊലിസ് വീട്ടിലെത്തി ഇന്നലെ വൈകിട്ടോടെ പിടികൂടിയത്. പുറമേരിയില്‍ വ്യാജ സിദ്ധയുടെ ചികിത്സയില്‍ സ്ത്രീ മരിച്ച സംഭവത്തെ തുടര്‍ന്ന് പൊലിസിന് ലഭിച്ച രഹസ്യ വിവരമാണ് ഇവരെ കുടുക്കിയത്. വടകര എസ്.ഐ. കെ.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തി്.
രോഗം മാറാന്‍ ഭസ്മവും ഊതിയ വെള്ളവും നല്‍കി യാണ് ആളുകളെ ഇവര്‍ ആകര്‍ഷിച്ചിരുന്നത്. വിവിധതരം എണ്ണകള്‍, പൊടി, കടലാസ് പൊതികള്‍, വെള്ളി ആഭരണങ്ങള്‍, കറന്‍സി നോട്ടുകള്‍, ജിന്നിന്റെ ഫോട്ടോ, ഉറുക്ക്, തകിട്, കുറെ ഡബ്ബകള്‍ എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു. വിവിധ പൊതികളിലാക്കി വെച്ച കറന്‍സിയും കണ്ടെടുത്തു. പത്തു വര്‍ഷത്തോളമായി ഇവര്‍ വ്യാജ ജിന്നു ചികിത്സ നടത്തിവരുന്നതായി പൊലിസ് പറഞ്ഞു. ഇവിടെ പ്രാര്‍ഥനക്കും രോഗശാന്തിക്കുമായി എത്തുന്നവരെ വിശ്വസിപ്പിക്കാന്‍ നിരവധി മതഗ്രന്ഥങ്ങളും സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നും പത്രവായനയോ ടെലിവിഷന്‍ കാണുന്ന ശീലമോ ഇല്ലെന്നും പൊലിസ് വ്യക്തമാക്കി.
പൊലിസ് പരിശോധന നടത്തുന്ന അവസരത്തില്‍ രോഗശാന്തിക്കായി പ്രാര്‍ഥന നടത്താന്‍ നിരവധി പേര്‍ കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരോടൊപ്പം ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. വിശ്വാസവഞ്ചനക്ക് കേസെടുത്ത ഭാനുത്തയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
















