പ്യൂപ്പകളെല്ലാം ഒരിക്കല്‍ ചിത്രശലഭങ്ങളായി തിരിച്ചുവരും എന്നു പറയുംപോലെ പഴയതില്‍ ചിലതെല്ലാം പുതുമയായി തിരിച്ചു വരുന്നുണ്ട്. അതുപോലയാണ് ചില നാടന്‍ പലഹാരങ്ങളുടെ കാര്യവും. നാട്ടിന് പുറത്ത് പണ്ട് രുചിഭേദങ്ങള്‍ തീര്‍ത്ത ഇത്തരം പലഹാരങ്ങള്‍ മറവിയില്‍ നിന്നും ഓര്മ രുചിയുമായി വലിയ ഹോട്ടലുകളുടെ ആധുനിക അലമാരകളില്പ്പോലും നിറയുകയാണ്.
പഴംപൊരി, ഉണ്ടംപൊരി, പരിപ്പുവട, സുഖിയന്‍, ഉള്ളിവട, നെയ്യപ്പം, കൊഴുക്കട്ട തുടങ്ങി അനവധി നാടന്‍,വീട്ടു പലഹാരങ്ങള്‍ ഇപ്പോള്‍ മിക്കവാറും ഹോട്ടലുകളിലും കാണാം. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇതു കഴിക്കുന്നുണ്ട്. ചിലരാകട്ടെ പാഴ്സലായി വീട്ടിലേക്കും കൊണ്ടുപോകും. നാടന്‍ എന്നതുപോലെ വീട്ടു പലഹാരമെന്നും ഇവയ്ക്കു പേരുണ്ട്. മിക്ക ചായക്കടകളിലും ആദ്യം തീരുന്നത് ഉണ്ടംപൊരിയാണ്. പിന്നെ സുഖിയന്‍ പരിപ്പു വട. മറ്റു പലഹാരങ്ങളില്‍ കടന്നു കൂടുന്ന കൃത്രിമ രുചിക്കൂട്ടുകളും നിറങ്ങളുമൊന്നും ഇവയില്‍ ഉണ്ടാവില്ലന്നുള്ളതാണ് പലര്‍ക്കും ആശ്വാസം. രാവിലെ പത്തു മണിക്കും വൈകുന്നേരം നാലു മണിക്കും ചായയ്ക്കൊരു കടി എന്ന തരത്തിലാണ് ഇത്തരം പലഹാരങ്ങള്‍ ചായക്കടകളില്‍ വിറ്റുപോകുന്നത്.
കേരളത്തിന്റെ തെക്കും വടക്കും ഇത്തരം പലഹാരങ്ങള്‍ക്കു സദൃശമായി വേറെയും പലഹാരങ്ങളുണ്ട്. എന്നാല്‍ എല്ലാം എവിടെയും കിട്ടും എന്ന സൗകര്യമായിട്ടുണ്ട് ഇപ്പോള്‍. അങ്ങനെ തെക്കനും വടക്കനും മധ്യവുമെല്ലാം ഒരുപോലെ. ചിലര്‍ ഇത്തരം പലഹാരങ്ങള്‍ എണ്ണ എന്നു പറഞ്ഞ് തൊടാറില്ല. ചില കടകളില്‍ പിഴിഞ്ഞെടുക്കാവുന്ന തരത്തില്‍ ഉണ്ടംപൊരിയിലും പഴംപൊരിയിലും പരിപ്പുവടയിലൊക്കെ എണ്ണ കണ്ടുവെന്നും വരാം. ഈ പേടി കൊളസ്ട്രോളിനോടാണ്.
ചെറുപയറിനും ഏത്തപ്പഴത്തിനും പരിപ്പിനുമൊക്കെ വിലകൂടുന്നതനുസരിച്ചു തല്‍ക്കാലത്തേക്കു പഴംപൊരിയും പരിപ്പുവടയും സുഖിയനും ചിലപ്പോള്‍ ചായക്കടകളില്‍ നിന്നും അപ്രത്യക്ഷമാകാം. ചിലര്‍ വിലകൂടിയാലും പതിവുകാരെ തൃപ്തിപ്പെടുത്തിയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: