ചെറുതുരുത്തി: മോഹിനിയാട്ടത്തെ നെഞ്ചിലേറ്റി, കലയ്ക്കായി ജീവിതം ഉഴിഞ്ഞ് വച്ച കലാമണ്ഡലം ലീലാമ്മയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ കാലത്ത് 9 മണിക്ക് കേരള കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതശരീരം ഒരു നോക്കു കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിചേര്‍ന്നത്. സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പൊട്ടി കരയുന്നത് കണ്ട് നിന്നവരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു.
എം.എല്‍.എ.യു.ആര് പ്രദീപ്, മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.രാധാകൃഷ്ണന്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ, വടക്കാഞ്ചേരി മുന്‍സിപ്പല്‍ വൈസ് ചെയര്മാന് കിഷോര്‍ കുമാര്‍, കലാമണ്ഡലം രജിസ്ട്രാര്‍ കെ.കെ.സുന്ദരേശന് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പത്ത് മണിയോടെ സംസ്്കാര ചടങ്ങുകള്‍ക്കായി തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് കലാമണ്ഡലത്തില്‍ വെച്ച് അനുസ്മരണ സമ്മേളനം നടന്നു.
മോഹിനിയാട്ടത്തിന്റെ കലാമണ്ഡലം ശൈലിയുടെ അതിശക്തമായ പ്രതിനിധാനമായിരുന്നു കലാമണ്ഡലം ലീലാമ്മയെന്ന് അനുശോചനകുറിപ്പിലൂടെ അറിയിച്ചു.
മോഹിനിയാട്ടത്തിന് ലാസ്യഭംഗിയാര്‍ന്ന ശാസ്ത്രീയാടിത്തറ അരക്കിട്ടുറപ്പിക്കുന്നതില്‍ തന്റെ ഗുരുനാഥയായ പത്മശ്രീ കലാമണ്ഡലം സത്യഭാമ ടീച്ചറോടൊപ്പം പ്രവര്‍ത്തിക്കുകയും ഒട്ടേറെ പുതിയ ചിട്ടപ്പെടുത്തലുകള്‍ നിര്‍വഹിക്കുകയും ചെയ്തു.
35 വര്‍ഷത്തെ അദ്ധ്യാപന വൃത്തിയില്‍ നിന്നും 2007-ല്‍ നൃത്തവിഭാഗം മേധാവിയായി വിരമിച്ച കലാമണ്ഡലം ലീലാമ്മ ടീച്ചര്‍ തുടര്‍ന്ന് നിളാക്യാമ്പസ്സ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ വിസിറ്റിംങ് ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: