ജൊഹന്നാസ്ബര്‍ഗ്: പാരിസ്ഥിതിക പ്രത്യാഘാത സര്‍വ്വെയില്‍ ഇന്ത്യയ്‌ക്ക് 75-ാം സ്ഥാനം. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കാണ് ഏറ്റവും കുറവ് പാരിസ്ഥിതിക പ്രത്യാഘാതം നേരിടുന്ന രാജ്യം. ഹരിത സ്രോതസുകളില്‍ നിന്നാണ് മൊസാംബികിന്റെ ഊര്‍ജ ഉപഭോഗത്തില്‍ അധികവും.
ഇന്ത്യയിലെ മൊത്തം ഊര്‍ജ ഉപയോഗിത്തത്തിന്റെ 15.2 ശതമാനം മാത്രമേ പുനരുപയോഗിക്കാനാകുന്ന ഊര്‍ജ മേഖലയില്‍ നിന്നുള്ളൂ. മലിനജലത്തിന്റെ റീ സൈക്ലിംഗ് 2.2 ശതമാനം മാത്രമാണ്. അതുപോലെ തന്നെ ഇന്ത്യയില്‍ പ്രതിദിനം ഒരു വ്യക്തി 0.34 കിലോ ഗ്രാം ഖര മാലിന്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഹരിത ഊര്‍ജ ഉപയോഗം, കുറഞ്ഞ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍, കുറഞ്ഞ അളവിലുള്ള വായു മലിനീകരണം, കുറഞ്ഞ മാലിന്യ ഉല്‍പ്പാദനം തുടങ്ങിയവയില്‍ മികച്ച പ്രകടനവുമായി ആഫ്രിക്കന്‍ ഭൂഖണ്ഡം പട്ടികയില്‍ മുന്‍നിരയിലെത്തി. എന്നാല്‍ മൊസാംബികിന്റെ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്ക പട്ടികയില്‍ 95-ാമതായാണ് ഇടം നേടിയത്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയാണ് പാരിസ്ഥിതിക പ്രത്യാഘാതത്തില്‍ ഏറ്റവും മോശമായ രാജ്യം. ഒരു വ്യക്തിക്ക് ശരാശരി 37.1 ടണ്‍ എന്ന നിലയിലാണ് അവിടുത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളല്‍.
















