വടകര: എതിര്‍ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന സിപിഎം ഫാസിസ്റ്റ് അക്രമങ്ങള്‍ക്കുമുന്നില്‍ മുട്ടുകുത്തി ജീവിക്കില്ലെന്നും നിവര്‍ന്നു നിന്നു മരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും കെ.സി ഉമേഷ്ബാബു പറഞ്ഞു. ഒഞ്ചിയം ഏരിയയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന നിരന്തര അക്രമങ്ങള്‍ക്കെതിരെ വടകരയില്‍ റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ രാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസം അതിന്റെ പാരമ്യതയിലാണ് കേരളത്തിലുള്ളത്. ജനങ്ങള്‍ എന്നും ഇതിനെ സഹിക്കുമെന്ന് ഇത്തരക്കാര്‍ കരുതരുത്. ബംഗാളില്‍ സിപിഎമ്മിന് വന്ന ഗതി ചരിത്രമാണ്. ലോകാവസാനംവരെ ബംഗാളില്‍ സിപിഎം തിരിച്ചുവരില്ലെന്ന് അവര്‍ക്കറിയാം. അതേ സ്ഥിതി കേരളത്തിലും സംഭവിക്കുകയാണ്.
രാഷ്‌ട്രീയപ്രവര്‍ത്തനവും വിപ്ലവപ്രവര്‍ത്തനവും നടത്തേണ്ടത് തൊഴിലാളിവര്‍ഗമാണെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. നാടിനും വീടിനുംകൊള്ളാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരെ രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ അടുപ്പിക്കരുതെന്നും ഇവര്‍ക്ക് രാഷ്‌ട്രീയപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മാര്‍ക്‌സിയന്‍ സിദ്ധാന്തം പറയുന്നു. എന്നാല്‍ ഇത്തരക്കാരെ ഉപയോഗിച്ചാണ് സിപിഎം ഇന്ന് രാഷ്‌ട്രീയം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരാണ് ഇരുളിന്റെ മറവില്‍ ബോംബെറിയാനും വെട്ടാനും നടക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിന്റെ അധ:പതനമാണ് കാണിക്കുന്നതെന്നും ഉമേഷ്ബാബു പറഞ്ഞു. ഒമ്പതുമാസം കൊണ്ട് കേരളത്തിലെ ഏറ്റവും മോശമായ സര്‍ക്കാരെന്ന പേര് പിണറായിവിജയന്‍ സര്‍ക്കാര്‍ നേടിയിരിക്കുന്നു. ഈ നിലയ്‌ക്ക് ഇവര്‍ക്ക് അഞ്ചുവര്‍ഷം ഭരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതാണ് ഒഞ്ചിയത്തെ സ്ത്രീകളെ ഇത്തരമൊരു സമരത്തിലേക്ക് എത്തിച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തുന്ന ഭരണാധികാരികള്‍ ഇറ്റാലിയന്‍ സര്‍വാധികാരിയായിരുന്ന മുസോളനിയുടെ ചരിത്രം പഠിക്കണമെന്നും ഉമേഷ്ബാബു പറഞ്ഞു. ചടങ്ങില്‍ ടി.കെ രോഹിണി ടീച്ചര്‍ അധ്യക്ഷയായി. കെ.എസ് ഹരിഹരന്‍, കെ. കെ രമ, ടി.കെ വിമല ടീച്ചര്‍, ടി.പി മിനിക, എന്‍ സ്മിത എന്നിവര്‍ സംസാരിച്ചു.
















