കാഞ്ഞങ്ങാട്: ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശബരിനാഥിന്റെ ചികിത്സക്ക് സുമനസുകളുടെ കൈത്താങ്ങും കാരുണ്യവും വേണം. മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷ തുടങ്ങുകയാണ്. പക്ഷേ പരീക്ഷയെഴുതേണ്ട ശബരി അതൊന്നുമറിയാതെ ബോധരഹിതനായി ചലനമറ്റ് പരിയാരത്ത് കിടക്കുകയാണ്. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കുളില് നിന്ന് പഠന യാത്ര പോയ ശബരിനാഥനാണ് പരീക്ഷ അടുത്തത് പോലുമറിയാതെ അബോധാവസ്ഥയില്‍ പരിയാരത്ത് മെഡിക്കല്‍ കോളജില്‍ കിടക്കുന്നത്. ജനുവരി നാലിനാണ് പഠന യാത്ര പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് പയ്യന്നൂര്‍ വെള്ളൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. പുതുവര്‍ഷ ദിനത്തില്‍ 91 കുട്ടികളുമായാണ് കാറഡുക്ക ഹയര്‍സെക്കണ്ടറിയില്‍ നിന്ന് രണ്ടു ബസുകളിലായി മൂന്നാര്‍, കൊച്ചി, വീ ഗാലാന്റ് എന്നിവ കാണാന്‍ യാത്ര തിരിച്ചത്. പഠനയാത്ര കഴിഞ്ഞ് തിരിച്ചുവരവെ എതിരെ വന്ന ലോറി ബസിന്റെ മുന്നില്‍ ഇടിച്ചുവെങ്കിലും രക്ഷപ്പെടാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചതിനാല്‍ വളവില്‍വെച്ച് അതിന്റെ പിന്‍ഭാഗം ശബരി ഉറങ്ങുന്ന സീറ്റിലടിച്ച് ശബരിയുടെ തലയുടെ പിന്‍ഭാഗം ചതയുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് ഉറങ്ങുകയായിരുന്ന നാലു കുട്ടികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരുന്നത്. തലക്ക് പരിക്കേറ്റ അതീവ ഗുരുതരമായി പരിക്കേറ്റ ശബരിനാഥിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തും പ്രവേശിപ്പിക്കുകയായിരുന്നു. ഇതുവരെ മൂന്നു ശസ്ത്രക്രിയകള്‍ ശബരിയുടെ തലച്ചോറിലെ ഞെരമ്പുകള്‍ നേരെയാക്കുന്നതിന് വേണ്ടി ചെയ്തിട്ടുണ്ട്. ഞെരമ്പുകളുടെ പ്രത്യേക ചികിത്സക്ക് വേണ്ടി വെല്ലൂരിലെ ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റാനാണ് പരിയാരത്തേ ഡോക്ടര്‍മാരുടെ നിര്‍ദേശം. ചികിത്സക്കായി അച്ഛനമ്മനാരായ കാറഡുക്ക അടുക്കത്തെ എം.സി.രാജനും നിഷയും വീടും പുരയിടവും പണയപ്പെടുത്തി നാലര ലക്ഷം രൂപ ഇതിനോടകം ചിലവാക്കി. പാവപ്പെട്ട കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി പരിയാരത്തെ ഡോക്ടര്‍മാര്‍ പ്രത്യേക പാക്കേജിലാണ് ശബരിയെ ചികിത്സിക്കുന്നത്. എ.വിജയകുമാര്‍ ചെയര്‍മാനും മോഹനന് കാടകം കണ്‍വീനറുമായ ചികിത്സാ കമ്മറ്റിയാണ് നിലവിലുള്ളത്. കേരള ഗ്രാമീണ്‍ ബാങ്ക് മുള്ളേരിയ ബ്രാഞ്ചില്‍ അക്കൗണ്ട് നമ്പര്‍ 40596101041493 ഐ.എഫ്.സി. കോഡ്:KLGB 0040596 എന്ന പേരില്‍ കമ്മറ്റി അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: