അതിര്‍ത്തി വേലികള്‍ ഒന്നുമില്ലാത്ത ഏക ലോകത്തെക്കുറിച്ച് നമ്മള് പറയാറുണ്ട്.വ്യത്യസ്തതകളില്ലാതെ മനുഷ്യരെല്ലാം ഒന്നായി സന്തോഷത്തോടെ കഴിയുന്ന അങ്ങനെയൊരു ലോകം പക്ഷേ,സ്വപ്നത്തില്‍ മാത്രമാകാം എന്നും നാം കരുതാറുണ്ട്.വേലികളും മതിലുകളുമില്ലാത്ത ആദര്‍ശാത്മകമായ ലോകത്തെക്കുറിച്ചു വിചാരപ്പെടുമ്പോഴുംഅത്തരം വേലികളും മതിലുകളും എന്ന സാങ്കേതിക സംജ്ഞയെക്കുറിച്ച് ചിന്തിക്കുന്നതും രസകരമായിരിക്കും.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തമിഴ്നാട് അതിര്‍ത്തിയോടും മറ്റും ചേര്‍ന്നു കിടക്കുന്ന കേരള പ്രദേശങ്ങളില്‍ കന്നുകാലികളെ മോഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു.അതവരുടെ ജീവിത രീതിയായിരുന്നു.അങ്കത്തിനു പുറപ്പെടുന്ന ചേകോന്മാരെപ്പോലെ ധീര വീര സാഹസികതയിലേക്കുള്ള എടുത്തു ചാട്ടംപോലെയായിരുന്നു ഈ നാല്ക്കാലി മോഷണത്തിനായുള്ള ജാഗ്രത.അങ്കം ജയിച്ചു വരാന്‍ അതായത് കന്നുകാലികളെ മോഷ്ടിച്ചു കൊണ്ടു വന്ന് തങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ നെറ്റിയില്‍ കുറി ചാര്‍ത്തി ഭര്ത്താക്കന്മാരെ ഭാര്യമാര്‍ ഒരുക്കി വിടുമായിരുന്നു.ഇത്തരം മോഷണത്തിനിടയില്‍ ഭര്‍ത്താവ് മരിച്ചാലും അതു വീരമൃത്യുവായി കരുതുന്ന ആചാരമായിരുന്നു ആ സമൂഹത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
ഇത്തരം കന്നുകാലി മോഷണം പെരുകിയതേടെ ഒരു ഭാഗത്ത് കനത്ത വീരസ്യവും മറുഭാഗത്ത് വന്‍ നഷ്ടവും സംഭവിച്ചുകൊണ്ടിരുന്നു.ഇതു സമൂഹത്തില്‍ പ്രശ്നമായി.ആറ്റുനോറ്റ് മക്കളെപ്പോലെ കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് കന്നുകാലി മോഷണം കലയും ജീവിതവുമാക്കിയവരില്‍ നിന്നും അതിജീവനം വേണമായിരുന്നു.അങ്ങനെ അവര്‍ ചിന്തിച്ചു കണ്ടെത്തിയ പോംവഴിയായിരുന്നു അതിര്‍ത്തിയില്‍ വേലികെട്ടുക എന്നത്.അങ്ങനെ ഓരോ കുടുംബക്കാരും അവരുടെ അതിര്‍ത്തികളില്‍ പൊക്കമുള്ളവേലി കെട്ടാന്‍ തുടങ്ങി.ഈ വേലി ചാടിക്കടന്നു പശുക്കളെ മോഷ്ടിച്ചു പോകാന്‍ സാധ്യമല്ലായിരുന്നു.വേലിയുടെ ആരംഭം അങ്ങനെ ആയിരുന്നുവെന്നും പറയപ്പെടുന്നു.. അതു പിന്നെ കേരളത്തില്‍ സാവധാനത്തിലാണെങ്കില്‍പ്പോലും സാര്‍വത്രികമായി.
അതിര്‍ത്തി വേലികെട്ടി തിരിക്കുക അല്ലെങ്കില്‍ അതിരു വേലികെട്ടി സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നിനുമായിരുന്നില്ല ഈ വേലി നിര്‍മ്മാണം.വേലികെട്ടാതെയും ചെറുതും വലുതുമായ പറമ്പുകള്‍ അന്നുണ്ടായിരുന്നു.ഇന്നത്തെ ജനപ്പെരുപ്പമോ ഭൂവാവശ്യമോ അന്നുണ്ടായിരുന്നില്ല.അതുകൊണ്ടു തന്നെ ഭൂമി കൈയ്യേറുമെന്ന ആശങ്കയ്ക്കും ഇടയില്ലായിരുന്നു.പിന്നീട് വേലി സര്‍വസാധാരണമായപ്പോഴും വേലിയില്ലാത്ത പറമ്പുകളും സാധാരണയായിരുന്നു.വേലിയുണ്ടായിട്ടും ഒരു പറമ്പില്‍ നിന്നും മറ്റൊരു പറമ്പിലേക്കുള്ള നടപ്പിനും സഞ്ചാരത്തിനൊന്നും തടസം നില്‍ക്കുകപോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിരുന്നില്ല.പല വേലികള്‍ക്കുള്ളിലൂടേയും വേലിയില്ലാത്ത വീട്ടു മുറ്റത്തൂടേയും ഒരനുവാദവുമില്ലാതെ ഏതു പാതിരയ്ക്കും സഞ്ചരിക്കാമായിരുന്നു.
പിന്നീട് കാലം മാറി.ജനപ്പെരുപ്പമായി.ഭൂമിയുടെ ആവശ്യവും അവകാശവും വര്‍ധിച്ചു.മനുഷ്യന് ഒന്നും പോരാതായി.ആര്‍ത്തിയായി.അപ്പോള്‍ എവിടേയും എന്തും കൈയ്യേറ്റമായി.അങ്ങനെ സ്വാഭാവികമായും അതിര്‍ത്തി സംരക്ഷിക്കേണ്ടി വന്നു.എല്ലായിടത്തും വേലി വന്നു.വഴി കുറഞ്ഞു.വഴി തന്നെ പലയിടങ്ങളിലും ഇല്ലാതായി.പിന്നീട് കൂടുതല്‍ ഉറപ്പിനായി മതിലുകള്‍ വന്നു.മതിലുകള്‍ വീടിനേയും കുടുംബത്തേയും സംരക്ഷിക്കുന്നതായി.ചിലവ ജയില്‍ മതിലുകള്പോലെ പൊക്കമായി.അവയില്‍ തൊട്ടാല്‍ മരിക്കുന്ന വൈദ്യുതകമ്പികള്‍ ചാര്‍ത്തി.ചില മതിലുകള്‍ പൊളിയുമ്പോള്‍ പുതിയവ ഉയരുന്നു.ഇസ്രയേല്‍ മതിലുകെട്ടുന്നു.ചൈന കെട്ടുന്നു.അമേരിക്കയും കെട്ടാന്‍ ആലോചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: