ചുവന്ന ചെപ്പില്‍ പളുങ്കു നിറച്ചുവെച്ചതു പോലെയുളള മാതളപ്പഴം കണ്ടു മോഹിക്കാത്തവരാരാണ്? മാതളത്തിനെ അറബിയില്‍ വിളിക്കുന്നത് റുമാന്‍ പഴമെന്നാണ്. ഇറാഖിലെ ‘ഉറ്’ എന്ന പ്രാചീന നഗരത്തില്‍ നിന്ന് വന്നതു കൊണ്ടാണത്രേ ഈ പേരു വന്നത്.
മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഫലവര്‍ഗ്ഗമാണിത് എന്ന പ്രത്യേകതയുണ്ടിതിന്.
ഇന്ത്യയില്‍ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിന്റെ കുരുവിന് കടുപ്പം കുറയും. നീരിനു കൂടുതല്‍ മധുരവും, പുളിപ്പ് കൂടുതലുമുള്ള ഒരു ഇനം മാതളം ഹിമവല്‍ സാനുക്കളില്‍ വളരുന്നുണ്ട്. ഇതിന്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു
ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. പുരാതന ഭാരതത്തിലെ ആയുര്വേദാചാര്യന്മാര് മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തില്‍ ഇത് ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാന്‍ ഉപയോഗിച്ചു പോന്നിട്ടുണ്ട്.
ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചില്‍ മാറാന്‍ മാതളത്തോട് കറുപ്പ് നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച് എണ്ണയില്‍ കുഴച്ച് പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദിയും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. മാതളത്തിന്റെ കുരുക്കള്‍ പാലില്‍ അരച്ച് കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച് കളയാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു.
മാതളത്തിലുള്ള നിരോക്സീകാരികള്‍ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാന്‍ ഇതിനുള്ള കഴിവ് തെളിഞ്ഞിട്ടുണ്ട്. മാതളമൊട്ട് അരച്ച് തേനില്‍ സേവിക്കുന്നത് കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്.
മാതളത്തിന്റെ തോട് നന്നായി ഉണക്കിപ്പൊടിച്ച് കുരുമുളകു പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കാനും ഉപയോഗിക്കുന്നു. ഇത് ദന്തക്ഷയം തടയാനും മോണയിലെ രക്തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായില്‍ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: