നരേന്ദ്രമോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം പത്രക്കാരനായ തനിക്കൊന്ന് പെട്ടെന്ന് പറഞ്ഞു തരാമോ എന്ന ചോദ്യവുമായാണ് മ്മടെ കണാരേട്ടന് കഴിഞ്ഞ അപരാഹ്നത്തില്‍ വീട്ടിലേക്ക് വന്നത്. കണാരേട്ടന് അങ്ങനെയാണ്. മനസ്സിലെന്തെങ്കിലും ഊറിക്കൂടിയാല്‍ പിന്നെ മൂപ്പര്‍ക്ക് നട്ടപ്പിരാന്താണ്. (പേടിക്കേണ്ട, ഒരു നാട്ടുപ്രയോഗമാണ്. ആകെ അസ്വസ്ഥത എന്ന് സംസ്കരിച്ചെടുത്തോളിന്). ആ പിരാന്ത് തീരും വരെ കണാരേട്ടന് ഒരു സമാധാനവുമുണ്ടാവില്ല. പ്രിയപ്പെട്ട കപ്പയും മത്തിമുളകിട്ടതു കണ്ടാലും മൂപ്പരുടെ ഭാവത്തില്‍ മാറ്റമുണ്ടാവില്ല. അത് നന്നായറിയുന്നതുകൊണ്ട് കാര്യമൊന്നു വിശദീകരിക്കിന്‍ കണാരേട്ടാ എന്നായി ഞാന്‍. അതാ കൂളായിട്ട് അദ്ദേഹം പറയുന്നു. ഒന്ന് കൈപിടിക്കാന്‍ നോക്കും, മറ്റത് ഉള്ള കൈവെട്ടാനും. ഇനി ഡയറക്ട് ടു കണാരേട്ടന് : എടോ ഓരോ കുടുംബത്തിനും ഒരു അക്കൗണ്ട് വേണമെന്നല്ലേ മോദി പറഞ്ഞത്. എന്താ അയിന്റൊരു പേര്, ങ്ഹാ ജനധനം (ജന്‍ധന്‍ എന്ന് മനസ്സിലാക്കിക്കോളൂ) വല്യ വല്യ കണക്കപ്പിള്ളമാര്ക്കുമാത്രമേ ഇമ്മാതിരി അക്കൗണ്ട് ഉണ്ടാവൂ എന്നു കരുതി ഇരുന്നവരുടെ മുമ്പിലേക്കല്ലേ മോദി പൂത്തിരി കത്തിച്ചുവന്നത്. ന്നാല് മ്മടെ മുഖ്യമന്ത്രി പറയുന്നതെന്താ ?
എന്താണെന്ന് തിട്ടമില്ലാതെ കണാരേട്ടനെ നോക്കിയിരിക്കെ അടുത്ത ഡോസ് അതാ വരുന്നു: ഓരോ വീട്ടിലും ഒരു വിധവ എന്നാ ഓന് പറയുന്നേ. ഓന്റെ പാര്‍ട്ടി നേരത്തെ നടപ്പാക്കിയ പദ്ധതി സര്‍ക്കാര്‍ വകുപ്പിലൂടെ പൂര്‍ത്തിയാക്കാനുള്ള പങ്കപ്പാടാണിപ്പോള്. ഒരു സാധാരണക്കാരന് രണ്ടു സര്‍ക്കാരുകളെ ഒരു ഗവേഷണപടുത്വവുമില്ലാതെ വിശകലനം ചെയ്തതിന്റെ ഏറ്റവും ചെറിയ പതിപ്പാണിത്. സമൂഹത്തെ ഉള്ളുറപ്പിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ജനങ്ങള്‍ എത്ര ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന് നമുക്കറിയാം. ഭാരതത്തിന് എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) കിട്ടണമെങ്കില്‍ നമുക്ക് ആദ്യം എഫ്ഡിഐ (ഫസ്റ്റ് ഡവലപ് ഇന്ത്യ) വേണമെന്ന് നിഷ്കര്‍ഷിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തനിക്കെതിരെയുള്ള ഒരാരോപണത്തിനും മറുപടി പറഞ്ഞ് സമയം പാഴാക്കാതെ അതൊക്കെ പ്രവൃത്തി കൊണ്ട് ഒന്നുമല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് സമാജത്തിന്റെ മനസ്സറിയുന്ന ഒരു പ്രസ്ഥാനത്തില്‍ തന-മന-ധന-പൂര്‍വം പ്രവര്‍ത്തിച്ചതുകൊണ്ടാണ്, പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്.
എന്നാല്‍ ഛിദ്രവാസനകള്‍ക്ക് നിരന്തരം വളവും വെള്ളവും കൊടുത്ത് സമൂഹത്തില്‍ അസ്വസ്ഥതയും അശാന്തിയും പടര്‍ത്തുന്ന സംഘടനയുടെ ഉപോല്‍പ്പന്നമായി അധഃപതിച്ച മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്ര ഗൗരവമേറിയ സംഗതിയല്ല. തന്റെ പ്രസ്ഥാനമല്ലാതെ മറ്റൊന്നും ഇവിടെ വേണ്ടെന്ന തിട്ടൂരം ഉല്ലംഖിക്കുമ്പോള് തനി സ്വഭാവം പുറത്തുവരുന്നു. അക്രമവും അരാജകത്വവും നൂറുമേനി വിളയുന്നു. ചെകുത്താന്മാര്ക്ക് നാട് പങ്കുവെച്ചുകൊടുക്കാനുള്ള ആഗോള കരാറില്‍ ഒപ്പുവെച്ച സ്ഥിതിയാണിപ്പോള്‍. ഒരു വീട്ടില്‍ ഒരു വിധവയെ സൃഷ്ടിച്ചാല്‍ തങ്ങളുടെ പാര്‍ട്ടിക്ക് നാട് അട്ടിപ്പേറായി കിട്ടുമെന്ന വഴിവിട്ട വിപ്ലവ സിദ്ധാന്തം ആവര്‍ത്തിച്ചു പഠിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. ആര്‍ക്കും എന്തും ചെയ്യാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴി മറിഞ്ഞുപോവുന്നത് നാം നിസ്സഹായതയോടെ കാണുകയാണ്. എടോ ഗോപാലകൃഷ്ണാ തനിക്കെന്തറിയാം എന്ന മാനസിക നിലവാരത്തില്‍ നിന്ന് ഏതോ പിള്ളയുടെ സ്ഥലമെങ്ങനെ വീണ്ടെടുത്തുകൊടുക്കുമെന്ന മണ്ണുമാഫിയാ സംസ്കാരത്തിന്റെ അരികിലേക്ക് സ്വഭാവരീതികള്‍ എത്തിപ്പെട്ടിരിക്കുന്നു. അതിന് പിന്‍പാട്ടുമായി പാര്‍ട്ടി സെക്രട്ടറിയും രംഗത്തുണ്ട്.
ഉത്തരേന്ത്യയിലെ ഏതു കുഗ്രാമത്തിലെ ചെറിയൊരസ്വസ്ഥതയുടെ കാരണം പോലും നരേന്ദ്രമോദി സര്‍ക്കാരില്‍ കെട്ടിയേല്പ്പിക്കാന് വ്യഗ്രത കാണിക്കുന്നവര്‍ നഗരഹൃദയത്തില്‍ ഒരു നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും അത്ര വലിയ സംഭവമായി കാണുന്നില്ല. എന്നു മാത്രമോ, അതൊക്കെ ഒറ്റപ്പെട്ടതല്ലേ എന്ന് മ്ലേച്ഛമായി നിസ്സാരവല്‍ക്കരിക്കുന്നു. ഇതിനെതിരെയുള്ള പൊതുവികാരം മനസ്സിലാക്കിയതുകൊണ്ടോ, പണ്ടത്തെ കൊതിക്കെറുവിന്റെ മേല്‍പ്പാളി അങ്ങനെ തന്നെ കിടക്കുന്നതിനാലോ എന്തോ വലിയ സഖാവ് എടുത്തടിച്ചപോലെ ചിലതു പറഞ്ഞിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. ഓര്‍മകളുണ്ടായിരിക്കണം. അഴിമതിയും മറ്റും ചൂണ്ടിക്കാണിച്ച് ജനങ്ങളെ ആവേശത്തിന്റെ ഗിരിശൃംഗത്തില്‍ എത്തിച്ചവര്‍ ഭരണപ്പാല്പ്പായസം മൃഷ്ടാഹ്നം തട്ടിവിടുകയാണ്. പണ്ടത്തെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചാല്‍ മേധാക്ഷയം സംഭവിച്ചതുപോലെയാണ്. ഏതോ പിള്ള, എന്തോ സംഗതി എന്ന തരത്തിലേക്ക് അധഃപതിച്ചിരിക്കുന്ന രാഷ്ട്രീയ സംസ്കാരം എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാമോ? ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്തന് പിന്മുറക്കാര് എന്ന് കവി വെറുതെ എഴുതിവെച്ചതല്ലെന്ന് എത്രയെത്ര ചരിത്ര സംഭവങ്ങളിലൂടെ നാമറിഞ്ഞിട്ടുണ്ട്. അത്തരം അറിവുകള്‍ നമുക്കു പകര്‍ന്നുതരുന്ന കരുത്ത് അളക്കാനാവില്ല. അത് ഇപ്പറഞ്ഞവരൊക്കെ ഓര്‍ത്തുകൊള്ളട്ടെ.
******* ******* ******** ******* *******
വിത്തില്‍ അടങ്ങിയ വൃക്ഷത്തെ കണ്ടെത്തുക അത്ര എളുപ്പമല്ല.്വ ആ വിത്തില്‍ അതെങ്ങനെ കുടികൊള്ളുന്നു എന്നതിനെക്കുറിച്ചും അത്ഭുതം കൂറുകയല്ലാതെ മറ്റുമാര്‍ഗമില്ല. സാഹിത്യത്തിലും ഇങ്ങനെയുണ്ട്. മലപ്പുറത്തു നിന്ന് 36 വര്‍ഷമായി മുടക്കമില്ലാതെ പുറത്തിറങ്ങുന്ന മാസികയാണ് ഇന്ന്. നേരത്തെ സൂചിപ്പിച്ചതുപോലെ സാഹിത്യ സാംസ്കാരിക മേഖലയിലെ വടവൃക്ഷത്തെ ഇത്തിരിച്ചിമിഴില്‍ ഒതുക്കിവെച്ചിരിക്കുന്ന ഒരു വിത്താണ് അത്. സമൂഹത്തിനു മുമ്പില്‍ വഴിവിളക്കായി നില്ക്കുന്ന ഒരു കവിയാണ് അതിന്റെ സര്‍വസ്വവും.
മണമ്പൂര്‍ രാജന് ബാബു എന്ന കടന്നുകാണുന്ന കാഴ്ചപ്പാടുള്ള ആ കവിയുടെ നിസ്തന്ദ്രമായ പരിശ്രമത്തിന്റെ പത്തര മാറ്റാണ് ഓരോ മാസവും 21-ാം തിയ്യതി ഇറങ്ങുന്ന ഈ ഇന്‍ലന്റ് മാസിക. എം.ടി. മുതല്‍ ഇങ്ങേ അറ്റത്തുള്ള ബാപ്പു കൂട്ടിലങ്ങാടിക്കു വരെ ഒരേ പന്തിയില്‍ ഒരു വേര്‍തിരിവുമില്ലാതെ സാഹിത്യസദ്യ വിളമ്പുന്ന ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതമാണ്. 40 ഉം 45 ഉം സാഹിത്യകാരന്മാരെ ആറുപേജുള്ള ഇന്‍ലന്റ് മാസികയില്‍ ഉള്‍പ്പെടുത്തുന്നു എന്നറിയുമ്പോള്‍ തന്നെ മനസ്സിലാക്കാം എങ്ങനെ ഊതിക്കാച്ചിയ മാണിക്യമാണ് അതില്‍ ഉണ്ടാവുകയെന്ന്.
ഫെബ്രുവരി ലക്കത്തില്‍ ആലങ്കോട് ലീലാകൃഷ്ണന് അതിഥിമൊഴിയില് എഴുതിയ നാലു വരി നിങ്ങളെ എപ്പോഴും മഥിച്ചുകൊണ്ടിരിക്കും. ഇതാ അത്: ആര്‍ക്കും എപ്പോഴും നിര്‍ദ്ദയം വെടിവച്ചുകൊല്ലാവുന്ന ഒരു പ്രാര്‍ഥനയുടെ പേരാണ് ഗാന്ധിജി എന്നത്.
നമ്മുടെ ഉച്ഛ്വാസത്തിലും നിശ്വാസത്തിലും സത്യത്തിന്റെ ഗന്ധം പേറുന്ന മഹാത്മാവിന്റെ സ്മരണയ്ക്കു പോലും പതിത്വം കല്‍പ്പിക്കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഇതിനെക്കാള്‍ തീക്ഷ്ണമായി എങ്ങനെ ചാട്ടുളി വീശും. ഓര്‍മ്മകളുടെ മഹാകാശങ്ങളില്‍ നക്ഷത്ര ശോഭയോടെ കുടിയിരിക്കുന്ന ഗാന്ധിജിയെന്ന സത്യത്തെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നവരും അംഗീകാരം തേടുന്നവരും ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ആലങ്കോടിന്റെ നാലുവരി ഉരുവിടണമെന്നാണ് കാലികവട്ടത്തിന്റെ എളിയ അപേക്ഷ. ഇന്ന് ന് വേണ്ടി നാളെകള്‍ പോലും ഇന്നാക്കുന്ന പ്രിയപ്പെട്ട മണമ്പൂര്‍ രാജന് ബാബുവിന് നന്മ നേരുന്നു.
തൊട്ടുകൂട്ടാന്‍
കളഞ്ഞുപോയ പ്രണയമേ,
തിരയുന്നു നിന്നെ ഞാന്‍
ഈ കിണറാഴങ്ങളില്‍….!
വി.ടി. വിനു, പേരശ്ശന്നൂര്‍
കവിത: പാതാളക്കരണ്ടി
ഇന്ന് മാസിക (ഫെബ്രു).
daslak@gmail.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: