വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് തൊടുപുഴ പെരുമ്പിള്ളിച്ചിറയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കാല്‍നൂറ്റാണ്ടുകാലമായി അതു നാട്ടുകാരുടെ ഉത്സാഹത്തില്‍ ചൈതന്യം പ്രസരിപ്പിക്കുന്ന ആത്മീയ കേന്ദ്രമായി നില്ക്കുന്നു. അതിന് മുന്‍പ് മുട്ടുശാന്തി പോലും കഷ്ടിയായ സ്ഥിതിയിലായിരുന്നു. അങ്ങനെയിരിക്കെ ക്ഷേത്രത്തിന്റെ ചുമതല വഹിച്ചിരുന്ന ആള്, അക്കാലത്ത് തൊടുപുഴയില്‍ എല്ലാ ശനിയാഴ്ചകളിലും ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തിവന്ന സ്വാമി നിര്‍മലാനന്ദഗിരി മഹാരാജിനെ സമീപിച്ച് ക്ഷേത്രകാര്യം അവതരിപ്പിച്ചു.
അതിനു പറ്റിയ ഒരാളെ കണ്ടെത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത സ്വാമിജി, ചിന്മയമിഷനിലെ വേദാനന്ദ സരസ്വതി സ്വാമികളെ അവിടെ കൊണ്ടുവന്ന് സ്വാമിജിയെ ക്ഷേത്രം ഏല്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് സ്വാമിജിയുടെ മാര്‍ഗദര്‍ശനത്തില്‍ ക്ഷേത്രം ആത്മീയ കേന്ദ്രമായി വളര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം സ്വാമിജി ക്ഷേത്രം വിശ്വഹിന്ദു പരിഷത്തിന് കൈമാറി.
നിര്‍മലാനന്ദഗിരി മഹാരാജ് അക്കാലത്ത് മൂലമറ്റം ആശ്രമത്തിലായിരുന്നു താമസം. ആധ്യാത്മിക മേഖലയും ആരോഗ്യപരിപാലനും സമാജപരിവര്‍ത്തനവും വ്യത്യസ്ത മേഖലകളായി അദ്ദേഹം കണക്കാക്കിയില്ലെന്ന് തോന്നും. എല്ലാം ചേര്‍ന്ന ഒരു ഇന്റഗ്രല്‍ യോഗയായിരുന്ന അദ്ദേഹത്തിന്റേത്. രാമായണ ധര്‍മത്തെയും ഗീതാദര്‍ശനത്തെയും പുരസ്കരിച്ചു മണിക്കൂറുകള്‍ നീണ്ട പ്രഭാഷണങ്ങള്‍ സ്വാമിജി ചെയ്തത് കേട്ട് അദ്ഭുതത്തോടെ ഇരുന്നിട്ടുണ്ട്.
അരോഗജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളായിരുന്നു അവസാനകാലത്ത് നിരന്തരം നടന്നുവന്നത്. മാസത്തിലെ നിശ്ചിത ദിവസങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്കോട്ടുവരെയുള്ള കേന്ദ്രങ്ങളില്‍ ആതുരരെയും ശിഷ്യരെയും കണ്ട് ഔഷധോപദേശങ്ങള് അദ്ദേഹം നല്കിവന്നു. ഓരോ സ്ഥലത്തും നൂറുകണക്കിന് ശിഷ്യരും ആരാധകരും എത്തിവന്നു. ഒന്നുരണ്ടുവര്ഷമായി ഒറ്റപ്പാലത്തിനടുത്ത് ആശ്രമത്തില്‍ തന്നെ കഴിയുകയായിരുന്നു. ശിഷ്യരും മറ്റും അവിടെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിവന്നു.
സ്വന്തം അനുഭവവും പറയാനുണ്ട്. എനിക്ക് അമൃതയില്‍ ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞു പത്തുവര്‍ഷം ചെന്നപ്പോള്‍ ഒരു നേരിയ മസ്തിഷ്കാഘാതം അനുഭവപ്പെട്ടു. അതിന്റെ ചികിത്സ കഴിഞ്ഞു, തൊടുപുഴയിലെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെട്ട മരുമകളുമൊരുമിച്ച് സ്വാമിജി ആളുകളെ കണ്ടിരുന്ന മുതിര്‍ന്ന സ്വയംസേവകന് ശ്രീവത്സന്റെ വസതിയില്‍ ചെന്നു കണ്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ടത് അദ്ദേഹം ഓര്‍മയില്‍ വച്ചിരുന്നു. ചികിത്സാ സംബന്ധമായ ആസ്പത്രി റിപ്പോര്‍ട്ടുകള്‍ നോക്കി ആറുമാസത്തേക്ക് മരുന്നുകഴിക്കാന്‍ നിര്‍ദ്ദേശിച്ചു. ചിലവ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയവ എത്തിച്ചു തരും, മറ്റു ചിലവ എത്രയും എളുപ്പം വീട്ടുപരിസരത്തു ലഭ്യമായ മരുന്നു ചെടികള്‍ ഉപയോഗിച്ചു തന്നെത്താന്‍ തയ്യാറാക്കിക്കഴിച്ചാല് മതി.
മസ്തിഷ്കാഘാതത്തിന്റെ ഫലമായി നേരിയ ബലഹീനതയുള്ളതുമായി പൊരുത്തപ്പെട്ടു തുടര്‍ന്നു ജീവിക്കേണ്ടിവരും. സംഭാഷണത്തിനിടെ എളമക്കര കാര്യാലയത്തില്‍ മുതിര്‍ന്ന പ്രചാരകന് പി. രാമചന്ദ്രനെ അത്യാസന്നനിലയില്‍ ചെന്നു കണ്ട് ആശ്വസിപ്പിച്ച വിവരം സ്വാമിജി പറഞ്ഞു. സ്വന്തം ആരോഗ്യം നോക്കുന്നതില്‍ രാമചന്ദ്രന് ക്ഷമിക്കാനാവാത്ത ഉപേക്ഷ കാണിച്ചുവെന്നും അഭിപ്രായപ്പെട്ടു. കോട്ടയം ജില്ലാ പ്രചാരകനെന്ന നിലയ്ക്കും ക്ഷേത്ര സംരക്ഷണ സമിതി സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്കും ഉണ്ടായ അനുഭവങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു.
ഒട്ടേറെപ്പേര്‍ക്ക് നിര്‍മലാനന്ദഗിരി മഹാരാജ് അയുര്ദാനം നല്‍കിയിട്ടുണ്ട്. ആശയറ്റവര്‍ക്ക് ആത്മവിശ്വാസം നല്‍കിയാണത് സാധിച്ചത്. എന്റെ അനുജത്തിയുടെ മകന് ദിനേശ് നാരായണന് ഇക്കണോമിക് ടൈംസിന്റെ ദല്‍ഹി പതിപ്പിന്റെ പത്രാധിപരും ദേശീയ അന്തര്‍ദേശീയ തലത്തില്‍ പലവട്ടം പുരസ്കൃതനുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. 2014 ല്‍ അയാള്‍ കാരവാന് പത്രികയില്‍ എഴുതിയ മോഹന്‍ജി ഭാഗവതിനെക്കുറിച്ചുള്ള സുദീര്‍ഘ ലേഖനം ആ വര്‍ഷത്തെ രാഷ്ട്രീയ രംഗത്തെ വിശകലനം ചെയ്ത ഏറ്റവും മികച്ച ദേശീയ പുരസ്കാരത്തിനര്‍ഹമായി.
ദിനേശിന്റെ പത്നി അര്‍ച്ചന ബ്ലുംബര്‍ഗ് എന്ന അന്താരാഷ്ട്ര വാണിജ്യവാര്‍ത്താ ചാനലിന്റെ ദല്‍ഹി പ്രതിനിധിയാണ്. ദേശീയതലത്തില്‍ സാമ്പത്തിക വിഷയങ്ങളെപ്പറ്റിയുള്ള മാധ്യമചര്‍ച്ചകളില്‍ അവര്‍ സജീവമാണ്. അവരുടെ അനുജന് അര്‍ബുദബാധ സ്ഥിരീകരിക്കപ്പെട്ടതോടെ നിരാശയിലാണ്ടു. ആധുനിക പരിചരണങ്ങള്‍ ഒട്ടും ആശ നല്കുന്നതായില്ല. ദിനേശ് നിര്‍മലാനന്ദ ഗിരി മഹാരാജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. സ്വാമിജി അപ്പോള്‍ ദല്‍ഹിയിലുണ്ടായിരുന്നു. അദ്ദേഹവുമായി പരാമര്‍ശങ്ങള്‍ നടത്തി. അവര്‍ ഒറ്റപ്പാലത്തുപോയി അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കുശേഷം ഔഷധസേവ ആരംഭിച്ചു പതിവുപോലെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയവയും വീട്ടിലും പരിസരത്തും ലഭിക്കുന്ന സാധാരണ ഔഷധച്ചെടികള്‍, മുക്കുറ്റി, ചെമ്പരത്തിമൊട്ട്, കാശിത്തുമ്പ, മുയല് ചെവിയന്‍ പോലെയുള്ളവ ഉപയോഗിച്ചു തയ്യാറാക്കുന്നവ.
അദ്ഭുതമെന്നു പറയട്ടെ ആ ചെറുപ്പക്കാരന് സ്വാമിജിയുടെ ചികിത്സയും ഉപദേശങ്ങളും സഞ്ജീവനിയായിത്തീര്ന്നു. ഒരുമാസം മുന്‍പ്, സ്വാമിജിയുടെ ദര്‍ശനമടക്കം കേരള സന്ദര്‍ശനത്തിന് അവര്‍ കുടുംബസമേതം പരിപാടി ആസൂത്രണം ചെയ്തിരുന്നു. അതിന്റെ ഒരുക്കത്തിനിടെയാണ് സ്വാമിജി സമാധിയായ വാര്‍ത്ത വന്നത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി കേരളത്തിലെ സാമൂഹ്യ, ആധ്യാത്മികരംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു നിര്‍മലാനന്ദഗിരി മഹാരാജ്. നിലയ്ക്കല്‍ പ്രക്ഷോഭകാലത്തും വിശ്വഹിന്ദു മഹാസമ്മേളത്തിലുമൊക്കെ അദ്ദേഹം നേതൃത്വപരമായ പങ്കു നിര്‍വഹിച്ചു. ഹിന്ദുധര്‍മത്തിനും സംസ്കാരത്തിനും സൃഷ്ടിക്കപ്പെടുന്ന വെല്ലുവിളികളും ഭീഷണികളും ഏതു കോണില്‍ നിന്നായാലും സ്വാമിജി സംഹാരഭിഷണമായ വാക്കുകള്കൊണ്ടാണവയെ നേരിട്ടിരുന്നത്.
ഹൈറേഞ്ചിലെ വ്യാപകമായ പാട്ടഭൂമി പിടിച്ചെടുക്കലും കുരിശു കൃഷിയും നടമാടിയ 80കളില്‍, സ്വാമിജി ചെയ്ത ഒരു പ്രഭാഷണത്തിന്റെ നിയമസാധുതയും യുക്തിഭദ്രതയും നിശിതസ്വഭാവവവും അതിശയിപ്പിക്കുന്നതായിരുന്നു. ഒരു സന്യാസി ഇങ്ങനെ പറയാമോ എന്നുപോലും ഞാന്‍ ചിന്തിച്ചുപോയി. എന്നാല്‍ മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം ചിന്തിക്കുമ്പോള്‍ അന്നത്തെ ചിന്താശക്തിയുള്ള ഹിന്ദുക്കളും ഭരണകൂടവും ജാഗൃതമായിരുന്നെങ്കില് ഇന്നുയര്ന്നുവന്നിട്ടുള്ള പല പ്രശ്നങ്ങളും കസ്തൂരിരംഗന്‍ പ്രതിസന്ധിവരെ ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നി.
നിര്‍മലാനന്ദഗിരി മഹാരാജിനെ നമുക്ക് വേണ്ടത്ര ഉള്‍ക്കൊള്ളാനോ അനുസരിക്കാനോ കഴിഞ്ഞില്ല. അദ്ദേഹത്തിന് ആദരഞ്ജലികള്!
നിര്‍മലാനന്ദഗിരി മഹാരാജിന്റെ മഹാസമാധിയെപ്പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ് ദക്ഷിണക്ഷേത്രത്തിലെ മുതിര്‍ന്ന പ്രചാരകന് എം.സി. ജയദേവ അന്തരിച്ച വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞത്. അറുപതുവര്ഷത്തിലേറെക്കാലമായി അറിയുന്ന ജയദേവജി എല്ലാ അര്‍ത്ഥത്തിലും പ്രചാരകന് തന്നെയായിരുന്നു. കര്‍ണാടക സാഹിത്യത്തിലെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന രാഷ്ട്രോത്ഥാന സാഹിത്യയുടെ ഉടമസ്ഥരായ രാഷ്ട്രോത്ഥാന പരിഷത്ത് അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. സംഘസാഹിത്യമടക്കമുള്ള പൊതുഹൈന്ദവ സാഹിത്യത്തിന്റെ ദേശീയ തലത്തിലെ ഏറ്റവും വലിയ സ്രഷ്ടാവ് പരിഷത്താണെങ്കില്‍ അതിന്റെ സൃഷ്ടാവും പരിപോഷകനും ജയദേവജി ആയിരുന്നു.
ദക്ഷിണഭാരതത്തില്‍ സംഘത്തിന്റെ സന്ദേശമെത്തിച്ചവരില് പ്രധാനിയും പ്രാതസ്മരണീയനുമായ യാദവറാവു ജോഷി, മുന്സര്കാര്യവാഹും ഇംഗ്ലീഷ്, കന്നട,സാഹിത്യ മേഖലകളില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച ആളുമായിരുന്ന ഹൊ.വേ. ശേഷാദ്രി എന്നിവരുടെ മാര്‍ഗ്ഗദര്‍ശനവും ജയദേവജിക്ക് ലഭിച്ചുവന്നു. ഗാന്ധിവധക്കേസിനെ തുടര്‍ന്ന് സംഘത്തിനെതിരായ അധിക്ഷേപങ്ങളും കുറ്റാരോപണങ്ങളും നിറഞ്ഞുനിന്ന കാലത്ത് ആ കേസും സംഘനിരോധനവും സംബന്ധിച്ച് ഗുരുജിയും സര്‍ക്കാരും മറ്റുമായി നടന്ന എഴുത്തുകുത്തുകളും മറ്റും ജസ്റ്റിസ് ഓണ്‍ ട്രയല്‍(നീതി കുറ്റവിചാരണ ചെയ്യപ്പെടുന്നു) എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ അണിയറയില്‍ ശേഷാദ്രിക്ക് സഹായമായി നിന്നത് ജയദേവജിയായിരുന്നു.
ജയദേവജിയുടെ ഭാവനയില്‍ ഉദിച്ച മറ്റൊരാശയം ഇന്നും അതിശയിക്കപ്പെടാതെ നില്‍ക്കുന്നത് ഭാരത-ഭാരതി പരമ്പരയാകുന്നു. ആഴ്ചയില്‍ ഒന്നുവീതം ഓരോ മഹദ് വ്യക്തിയുടെ ലഘുജീവചരിത്രം 10 വര്‍ഷത്തേക്ക് പ്രസിദ്ധീകരിക്കുക. ആകെ 510 എണ്ണം. അതിനെഴുത്തുകാര്, ഹിന്ദിയിലും ഇംഗ്ലീഷിലും വിവര്‍ത്തകര്‍, അച്ചടിക്കാന്‍ കടലാസ്, പ്രസ് എന്നിവയൊരുക്കുക ഇതൊക്കെ ഹിമാലയന്‍ പ്രയത്നമായിരുന്നു. ഇടയ്ക്ക് അടിയന്തരാവസ്ഥ വന്ന് അതിനെ താറുമാറാക്കിയെങ്കിലും, പിന്നീട് അത് പൂര്‍ത്തീകരിക്കപ്പെട്ടു. ദല്‍ഹിയിലെ സുരുചി സാഹിത്യയും, തിരുപ്പതി ദേവസ്ഥാനവും അതുമായി സഹകരിച്ചുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
എനിക്കുണ്ടായ വ്യക്തിപരമായ അനുഭവം കൂടി. 1989-90 കാലത്ത് ലോക കമ്യൂണിസ്റ്റ് സൗധം തകര്‍ന്നുവീണപ്പോള്‍, അതിനെപ്പറ്റി ഒരു ലഘു മലയാള പുസ്തകം ജന്മഭൂമി പ്രസിദ്ധീകരിച്ചു. അങ്ങനെയൊന്ന് കന്നടയില്‍ പ്രസിദ്ധീകരിക്കാന്‍ ഇംഗ്ലീഷില്‍ തയ്യാറാക്കി അയക്കണമെന്ന് ജയദേവജി അറിയിച്ചു. പരമേശ്വര്‍ജിയുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ഡിക്ലൈന്‍ ഓഫ് കമ്യൂണിസം എന്ന ഒന്ന് തയ്യാറാക്കി അയച്ചു. അത് ജയദേവജി കന്നടയില്‍ വിവര്‍ത്തനം ചെയ്യിച്ച് അവസാന ദത്ത കമ്മ്യൂണിസം എന്ന പേരില്‍ മുന്നൂറോളം പുറങ്ങളുള്ള പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു ചരിത്രാധ്യാപകന്‍ 30 പുറങ്ങളുള്ള മുഖവുര എഴുതി.
പുസ്തകത്തിന് പ്രശസ്ത പത്രങ്ങള്‍ എഴുതിയ നിരൂപണങ്ങള്‍ അടക്കം അഭിനന്ദനങ്ങള്‍ അദ്ദേഹം അയച്ചുതന്നു. അത് ഇംഗ്ലീഷില്‍ കൂടി പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ തല്കാലത്തേക്ക് മാത്രം പ്രസക്തിയുള്ള വിഷയമാകയാല്‍ അതുപിന്നെ വേണ്ടെന്നുവച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം തൊടുപുഴ സംഘശിക്ഷാവര്‍ഗിന് അദ്ദേഹം വന്നപ്പോള്‍ പ്രാന്തകാര്യാലയത്തില്‍ നിന്ന് ഒരുമിച്ച് കാറിലായിരുന്നു യാത്ര. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന മേഖലയുടെ ഒരവലോകനം അപ്പോള്‍ ലഭിച്ചു.
കര്‍ണാടകത്തില്‍ സംഘപരിവാറിനും പൊതുജീവിതത്തിനും കനപ്പെട്ട മുതല്ക്കൂട്ടുനല്കിയ മഹത്ജീവിതമായിരുന്നു ജയദേവജിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: