കണ്ണീരിനുവേണ്ടി കണ്ണീരുകോരുന്ന കേരളം. വറ്റിവരണ്ട പുഴകളും കുളങ്ങളും. ഉണങ്ങി കരിഞ്ഞു പ്രേതങ്ങളായി മാറിയ മരങ്ങളും കാടുകളും. കുടിക്കാന്‍ വെള്ളം കിട്ടാതെ അലറിവിളിച്ചു പറക്കുന്ന പറവകളും മൃഗങ്ങളും. നാട്ടിലെങ്ങും വെള്ളത്തിനുവേണ്ടിയുള്ള ദയനീയ വിലാപങ്ങള്‍. ആഹാരത്തിനും വെള്ളത്തിനും കാട്ടില്‍ ഗതിയില്ലാതെ കാട് വിട്ട് നാട്ടിലേക്കോടിക്കേറുന്ന കാട്ടുമൃഗങ്ങള്‍. അവയിലെത്രയെണ്ണം തീവണ്ടിക്കടിയില്പെട്ടും ബസ്സിടിച്ചും മറ്റും ചത്തുവീഴുന്നു. ഇങ്ങനെ അതിഭയാനകമായ വരള്‍ച്ചയിലൂടെ കടന്നുപോകുന്ന കേരളം തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഇത്തരുണത്തിലാണ് ശാസ്ത്രസാഹിത്യ രചനയില്‍ ശ്രദ്ധേയനായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ ‘തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യവും’ എന്ന പുസ്തകം ജനസമക്ഷത്തിലെത്തിക്കുന്നത്.
സമസ്ത ജീവജാലങ്ങളുടെയും ആരോഗ്യകരമായ നിലനില്‍പ്പിന് തണ്ണീര്‍ത്തടങ്ങള്‍ അത്യാവശ്യമാണ്. ജൈവലോകത്തിന്റെ ഈറ്റില്ലമാണ് അവ. ജീവന്റെ നിലനില്‍പ്പുതന്നെ തണ്ണീര്‍ത്തടങ്ങളെ ആശ്രയിച്ചാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എന്നാല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് ഭൂമിയിലെ അറുപത്തിനാലു ശതമാനം തണ്ണീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. അവയുടെ വൈവിധ്യവും വിസ്തൃതിയും നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു. അതുപോലെ കൊടും ഭീഷണി നേരിടുന്ന ജൈവവൈവിധ്യവും. ഇവ രണ്ടും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാദ്യമായി തണ്ണീര്‍ത്തടങ്ങള്‍ എന്താണെന്നും അവയുടെ പ്രാധാന്യവും പ്രസക്തിയും, അതുപോലെതന്നെ ജൈവവൈവിധ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും എല്ലാം താഴേത്തട്ടിലുള്ളവര്‍ മുതല്‍ എല്ലാവരും അറിയേണ്ടതുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തക്കതായ പുസ്തകങ്ങള്‍ മലയാളത്തിലില്ല. ആ വലിയ വിടവ് വിജയകരമായി നികത്തുകയാണ് ഡോ. അനില്‍കുമാര്‍ സമഗ്രമായ ഈ പുസ്തകത്തിലൂടെ. വിജ്ഞാനപ്രദങ്ങളായ പതിനഞ്ചോളം ലേഖനങ്ങള്‍. ഹൃദ്യവും ലളിതവുമായ പ്രതിപാദ്യം. അറിവും കൗതുകവും ഉത്കണ്ഠയും ഒരുപോലെ വര്‍ധിപ്പിക്കുന്ന ഉള്ളടക്കം.
ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയിലെ ദുരന്തനിവാരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടിയുടെ ‘തണ്ണീര്‍ത്തടങ്ങളും സുസ്ഥിര വികസനവും’ എന്ന മുഖ്യലേഖനമാണ് ആദ്യം. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രതിഭാസങ്ങള്‍ കാര്യകാരണ സഹിതം വിശദീകരിച്ച് വിഷയത്തിന്റെ പ്രാധാന്യം ഉയര്ത്തിക്കാട്ടുവാന് നന്നെ ഉപകരിക്കുന്നതാണ് ഈ ലേഖനം. ജലവിഭവ ഗവേഷണകേന്ദ്രത്തിലെ പ്രശസ്ത ശാസ്ത്രജ്ഞന് ഡോ. പി.എസ്. ഹരികുമാര്‍ തണ്ണീര്‍ത്തടങ്ങള്‍ക്ക് വിശദമായ ആമുഖം നല്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ എന്നു പറഞ്ഞാലെന്താണെന്നും കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും അവ നേരിടുന്ന വെല്ലുവിളികളും മറ്റും വിശദമായി ഇതില്‍ വിവരിച്ചിട്ടുണ്ട്. ചതുപ്പിലെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ച് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ബ്രൈറ്റ് സിങ്ങ് ഗഹനമായ ഒരു ലേഖനം അവതരിപ്പിച്ചിട്ടുണ്ട്. ചതുപ്പുനിലങ്ങളും അവയിലെ ജൈവവൈവിധ്യവും, കണ്ടല്‍ക്കാടുകളും തീരപരിപാലനവും, കൂടാതെ അവ നേരിടുന്ന ഭീഷണികളും മറ്റും ഗൗരവം ഈ ലേഖനത്തിലടങ്ങിയിട്ടുണ്ട്.
കേരളത്തിലെ കണ്ടല്‍ക്കാടുകളെക്കുറിച്ചും ജൈവവൈവിധ്യത്തിന്റെ കളിത്തൊട്ടിലായ സുന്ദര്ബന്സിനെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ ഏറെ രസകരവും വിജ്ഞാനപ്രദങ്ങളുമാണ്. തുമ്പികളുടെ ജൈവവൈവിധ്യത്തെപ്പറ്റിയുളള ലേഖനം വ്യത്യസ്തവും സരസവുമാണ്. സമുദ്രത്തിലെ ജൈവവൈവിധ്യങ്ങളുടെ കലവറ തുറന്ന് അവിടത്തെ പ്രത്യേകതകളും സവിശേഷതകളും കണ്മുന്നിലാക്കി നല്കുന്ന ലേഖനങ്ങള്‍ വായനക്കാരിഷ്ടപ്പെടും. വിശുദ്ധ വനങ്ങളെയും നാട്ടറിവുകളെയും അവയുമായി ബന്ധപ്പെട്ട ജൈവവൈവിധ്യവും ഡോ. അനില്‍കുമാര്‍ മനോഹരമായിത്തന്നെ ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. വായനക്കാരെ വളരെയേറെ ആകര്‍ഷിക്കുന്നതരം വിജ്ഞാനങ്ങളാണ് ഇതിലൂടെ വടവാതൂര്‍ വിളമ്പുന്നത്. തണ്ണീര്‍ത്തടങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ ഉടമ്പടികളെപ്പറ്റി പലരും അജ്ഞരാണ്. റാംസര്‍ ഉടമ്പടി മുതല്‍ കേരള നെല്‍വയല്‍ സംരക്ഷണ ആക്ടും ജൈവവൈവിധ്യ കണ്‍വെന്‍ഷനും അനുബന്ധ ഉടമ്പടികളുമെല്ലാം തന്നെ വിശദമായി സാധാരണക്കാരനുപോലും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന രീതിയിലാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരം ഉടമ്പടികളുടെയും ബന്ധപ്പെട്ട നിയമങ്ങളുടെയും പല്ലിന്റെയും നഖത്തിന്റെയും മൂര്‍ച്ച മനസ്സിലാക്കിയാല്‍ത്തന്നെ വിവേകശൂന്യമായി നടത്തുന്ന ജൈവകൊള്ളയ്ക്ക് കടിഞ്ഞാണിടാന്‍ ഒരളവുവരെ കഴിയും.
തണ്ണീര്‍ത്തടങ്ങളുടെ നാശം ലോകം നേരിടുന്ന വലിയ ദുരന്തമാണെന്നും ജൈവവൈവിധ്യത്തിന്റെ കൊഴിഞ്ഞുവീഴല്‍ മറ്റൊരു മഹാദുരന്തമാണെന്നും ഡോ. അനില്‍കുമാര്‍ ഈ പുസ്തകത്തിലൂടെ മുന്നറിയിപ്പ് നല്കുന്നു. പച്ചപ്പു നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഭാവിക്ക് ഇതൊരു മുന്നറിയിപ്പാണോ? ഒരുകാലത്ത് ഒരുപക്ഷേ കേരളംപോലെ ഹരിതാഭമായ സുന്ദരമനോഹര ഭൂപ്രദേശമായിരുന്നു ഇന്ന് മരുഭൂമിയായ സഹാറ. ജൈവവൈവിധ്യങ്ങളുടെ ശേഷിപ്പും മാനവസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും മറ്റും ഇന്നും സഹാറ പ്രദേശത്ത് കുഴിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. അതുപോലെ അത്യാഗ്രഹത്തിനടിമപ്പെട്ട പുതുതലമുറ ബുദ്ധിശൂന്യമായി നശിപ്പിച്ചുകൊണ്ടിരിക്കുന്ന തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യവും വരും തലമുറയ്ക്ക് വെറുമൊരു ഓര്മ്മയായിക്കൂടെന്നില്ല. സഹാറക്കു പറ്റിയ ദുരന്തം മലയാളക്കരക്കും സംഭവിച്ചുകൂടായ്കയില്ല. ലേഖകന്റെ ഭാഷയില്‍ ”തങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും നിലനില്ക്കാന് തണ്ണീര്‍ത്തടങ്ങള്‍ എത്രത്തോളം സഹായിക്കുന്നുവെന്നറിയണം, എങ്കില്‍ മാത്രമേ തന്നെപ്പോലെ തനിക്കു ചുറ്റുമുള്ള പ്രകൃതിയേയും അതിലെ സമസ്ത ജീവജാലങ്ങളേയും ഹൃദയംകൊണ്ട് സ്നേഹിക്കാന്‍ കഴിയൂ.” ഈ ഉദ്ദേശ്യവും ഉത്തരവാദിത്തവും ഡോ. അനില്‍കുമാര്‍ സമര്‍ത്ഥമായി ഈ പുസ്തകത്തിലൂടെ നിറവേറ്റിയെന്ന് പറയാം.
തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തെപ്പറ്റിയുള്ള ആഗോള ഉടമ്പടികളും തണ്ണീര്‍ത്തടങ്ങളിലെ രാസമലിനീകരണവും സൂക്ഷ്മജീവിേലാകവും തുമ്പിയും സമുദ്രജൈവവൈവിധ്യവുമെല്ലാം പ്രമേയമാക്കിയ ‘തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യവും’ പുസ്തകശേഖരത്തില്‍ വേറിട്ടുനില്ക്കുമെന്നുറപ്പാണ്. അത്രകണ്ട് വിശദവും എന്നാല്‍ സരളവുമായ പ്രതിപാദ്യംകൊണ്ട് ശ്രേഷ്ഠമായ മറ്റൊരു പുസ്തകം പ്രസ്തുത വിഷയത്തിലില്ല. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുത്ത കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അഭിനന്ദനമര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: