ചില കഥകള്‍ പറഞ്ഞാല്‍ ഒരിക്കലും തീരില്ല. കൊടി പിടിച്ചെന്നപോലെ പിന്നാലെ വരും ഒത്തിരി കഥകള്‍. അങ്ങനെ തീരാക്കഥകളുടെ ഒരു ചേരുവ തന്നെയാണ് മട്ടാഞ്ചേരി പാലം. ഹാര്‍ബര്‍ പാലമെന്നും പേരുണ്ട്. തികഞ്ഞ ആത്മാര്‍ഥതയുടേയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണം കൊണ്ട് ചരിത്രം ചാലിച്ചെഴുതിയ കഥയാണ് പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്ക്കുന്ന മട്ടാഞ്ചേരി പാലത്തിനു പറയാനുള്ളത്. ആ കഥ പക്ഷേ സര് റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോയുടെ കൂടി കഥയാണ്. കൊച്ചിയെ സ്നേഹിച്ച കായലില്‍ നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിനെ സൃഷ്ടിച്ച ബ്രിസ്റ്റോ സായിപ്പാണ് ഹാര്‍ബര്‍ പാലത്തിന്റെ എഞ്ചിനിയര്‍.
ഐലന്റിനേയും ഫോര്‍ട്ടുകൊച്ചിയേയും ബന്ധിപ്പിക്കുന്ന മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് 1940ലാണ്. 1943 ഏപ്രില്‍ 13ന് പാലം കമ്മീഷന് ചെയ്തു. ഒരു കലിങ്കു പണിയാന്‍ വര്‍ഷങ്ങളെടുക്കുന്ന നമ്മുടെ നാട്ടില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയക്കൊന്നും വികസിക്കാത്ത കാലത്താണ് ഒന്നിരുട്ടി വെളുക്കും മുന്‍പെന്നപോലെ കേവലം മൂന്നു വര്‍ഷംകൊണ്ട് ബ്രിസ്റ്റോ സായിപ്പ് പാലം ജനത്തിനു തുറന്നുകൊടുത്തത്. അദ്ദേഹത്തിന്റെ കഴിവും ബുദ്ധിശക്തിയും സാങ്കേതിക മികവും ചേര്‍ന്ന എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന്റെ വന്‍ മാതൃകയാണ് ഇപ്പാലം. അതിലും വലുതായിരുന്നു ബ്രിസ്റ്റോയുടെ ഇന്നര്‍ എഞ്ചിനിയറിംഗ്. അതായത് കൊച്ചിയോടുള്ള അതിരറ്റ സ്നേഹവും ആത്മ സമര്‍പ്പണവും എന്ന ഇന്നര്‍ എഞ്ചിനിയറിംഗ്.
വലിയ പ്രത്യേകതയുള്ളതാണ് ഹാര്‍ബര്‍ പാലം. സ്പ്രിംഗ് ആക്ഷനുള്ളതുകൊണ്ട് എത്ര വലിയ ഭാരവും താങ്ങും. പാലത്തിന്റെ നടുക്ക് വലിയൊരു ഭാഗം മുകളിലേക്കു വലിച്ചെടുത്ത് മണ്ണുമാന്തി കപ്പലിനും മറ്റും കടന്നു പോകാനുള്ള സൗകര്യം ഉള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഇരുമ്പും മരവും കൊണ്ടു നിര്‍മിച്ച പാലത്തിന് 16 സ്പാനുകളുണ്ട്. വേമ്പനാട്ടു കായലിനു കുറുകെയുള്ള പാലം വൈദഗ്ധ്യം കൊണ്ട് അന്നു ഇന്ത്യയില്‍ തന്നെ വേറിട്ടതായിരുന്നു.
പാലം പൂര്‍ത്തിയായിട്ടും അതിലൂടെ സഞ്ചരിക്കാനും മറ്റും ആളുകള്‍ക്കു പേടിയായിരുന്നു. ആ പേടി തീര്‍ക്കേണ്ടിയും വന്നു ബ്രിസ്റ്റോക്ക്. ടണ്‍ കണക്കിനു ഭാരം കേറ്റിവെച്ച് പാലത്തിനു തൊട്ടു കീഴെ ബോട്ടില്‍ ബ്രിസ്റ്റോയും ഭാര്യയും ഇരുന്നു. പാലം ഇടിഞ്ഞു വീഴുമെങ്കില്‍ തങ്ങളുടെ തലയില്‍ തന്നെ വീഴട്ടെ. ഒന്നും സംഭവിച്ചിച്ചില്ല. അങ്ങനെയാണ് സഞ്ചാരം തുടങ്ങിയത്.
ഹാര്‍ബര്‍ പാലത്തിനു സമാന്തരമായി കുറച്ചകലെയായി മറ്റൊരു പാലം-ബിഒടി പാലം തീര്‍ത്തിട്ടുണ്ട്. ഇതിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തി വിടുന്നുണ്ട്. കുറെക്കാലം ഇൗ പാലം കൊച്ചിന് പോര്‍ട്ടിന്റെ അധീനതയിലായിരുന്നു. പിന്നീട് പിഡബ്ളുഡി ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: