ലോസ് ഏയ്ഞ്ചലസ്: ചരിത്രത്തില്‍ ആദ്യമായി പുരസ്കാര പ്രഖ്യാപനത്തില്‍ വന്ന പിഴവ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരിഹാസ ശരങ്ങള്‍… നാടകീയ നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഡോള്‍ബി തിയേറ്ററില്‍ ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിന് ഓസ്കര് മുന്‍തൂക്കം. മികച്ച നടിയടക്കം ആറു ഓസ്കര് അവാര്‍ഡുകളാണ് ലാ ലാ ലാന്‍ഡ് എന്ന മ്യൂസിക്കല്‍ റൊമാന്റിക് നേടിയത്.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പ്രഖ്യപനത്തിലെ പിഴവാണ് ഒരിക്കല്‍പ്പോലും സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ ഓസ്കര് വേദിയെ കുറച്ചു സമയത്തേക്കെങ്കിലും പ്രതിസന്ധിയിലാക്കിയത്. മൂണ്‍ലൈറ്റാണ് മികച്ച ചിത്രത്തിനുളള ഓസ്കര് സ്വന്തമാക്കിയത്. എന്നാല്‍, ആദ്യം ലാ ലാ ലാന്‍ഡ് എന്ന് തെറ്റായി പ്രഖ്യാപിച്ചു. ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാക്കള്‍ വേദിയിലെത്തി അവാര്‍ഡ് സ്വീകരിച്ചു. രണ്ടു മിനിറ്റിനുള്ളില്‍ തെറ്റു തിരുത്തി മൂണ്‍ലൈറ്റിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചു.
പതിനാലു നോമിനേഷനുകളില്‍ നിന്നാണ് ലാ ലാ ലാന്‍ഡ് ആറ് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. മാഞ്ചസ്റ്റര്‍ ബൈ ദി സീ എന്ന ചിത്രത്തിലെ പ്രകടത്തിനുള്ള അംഗീകാരമായി കേസി അഫ്ലെക് മികച്ച നടനായി.
ലാ ലാ ലാന്‍ഡ് ഒരുക്കിയ മുപ്പത്തിരണ്ടുകാരനായ ഡാമിയന്‍ ചാസെല്ലെയാണ് മികച്ച സംവിധായകന്. ഓസ്കറില് പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന് എന്ന വിശേഷണവും ഡാമിയനു സ്വന്തം. ഇന്ത്യക്കാരനായ ദേവ് പട്ടേലിനു പ്രതീക്ഷയുണ്ടായിരുന്ന സപ്പോര്‍ട്ടിങ് ആക്റ്റര്‍ വിഭാഗത്തിലെ അവാര്ഡിനുമുണ്ട് സവിശേഷത. മൂണ്‍ലൈറ്റിലെ മികച്ച അഭിനയത്തിനുള്ള അംഗീകാരമായി മഹര്‍ഷാല അലിയാണ് മികച്ച സപ്പോര്‍ട്ടിങ്ങ് ആക്റ്ററായത്. ഓസ്കര് നേടുന്ന ആദ്യത്തെ മുസ്ലിം നടന് എന്ന വിശേഷണത്തോടെയാണ് അലിയെ അവതരിപ്പിച്ചത്. ഫെന്‍സസ് എന്ന ചിത്രത്തിലൂടെ വിയോള ഡേവിസ് സപ്പോര്‍ട്ടിങ് ആക്റ്ററസിനുള്ള ഓസ്കര് സ്വന്തമാക്കി.
ഇറാനില്‍ നിന്നുള്ള ദി സെയില്‍സ്മാനാണ് മികച്ച വിദേശ ചിത്രം. അമേരിക്കന്‍ ഭരണകൂടത്തിന്റെ വിസ നിഷേധ നിലപാടില്‍ പ്രതിഷേധിച്ച് ഈ ചിത്രത്തിന്റെ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദി പുരസ്കാരം സ്വീകരിക്കാന്‍ എത്തിയില്ല.
ഇന്ത്യയിലടക്കം സൂപ്പര്‍ ഹിറ്റായ ജംഗിള്‍ ബുക്കിന് മികച്ച വിഷ്വല്‍ ഇഫക്റ്റിനുള്ള പുരസ്കാരം ലഭിച്ചു. മറ്റ് പ്രധാന ഓസ്കര് ജേതാക്കള്‍, എഡിറ്റിങ് – ജോണ്‍ ഗില്‍ബര്‍ട്ട്(ഹോക്സോ റിഡ്ജ്), തിരക്കഥ – കെന്നത്ത് ലൊനെര്ഗാന്(മാഞ്ചസ്റ്റര്‍ ബൈ ദി സീ), സംഗീതം-ജസ്റ്റിന് ഹര്‍വിറ്റ്സ്(ലാ ലാ ലാന്‍ഡ്), ഛായാഗ്രഹണം-ലിനസ് സാന്‍ഡ്ഗ്രെന്‍ (ലാ ലാ ലാന്‍ഡ്).
മികച്ച വിദേശഭാഷാചിത്രം: ദി സെയില്സ്മാന്
മികച്ച ഛായാഗ്രഹണം: ലിനസ് സാന്ഡ്ഗ്രൈന് (ലാ ലാ ലാന്‍ഡ്)
മികച്ച പശ്ചാത്തല സംഗീതം: ജസ്റ്റിന് ഹര്‍വിറ്റ്സ് (ലാ ലാ ലാന്‍ഡ്)
മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്)
മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ദി വൈറ്റ് എലമെന്റ്സ്
മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്
മികച്ച വിഷ്വല്‍ എഫക്ട്സ്: ജംഗിള്‍ ബുക്ക്
മികച്ച ഫിലിം എഡിറ്റിംഗ്: ജോണ്‍ ഗില്‍ബര്‍ട്ട് (ഹാക്ക്സോ റിഡ്ജ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ഡേവിഡ് വാസ്ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്)
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍
മികച്ച ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍ (അറൈവല്‍)
മികച്ച ശബ്ദമിശ്രണം: കെവിന് കൊണെല്‍, ആന്‍ഡീ റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ് (ഹാക്ക്സോ റിഡ്ജ്)
മികച്ച മേക്കപ്പ്: അലെസാന്‍ഡ്രോ ബര്ട്ടൊലാസ്സി, ജോര്‍ജ്ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നല്‍സണ്‍ (സൂയിസൈഡ് സ്ക്വാഡ്)
മികച്ച വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീറ്റ്സ് ആന്‍ഡ് വേര് ടൊ ഫൈന്‍ഡ് ദെം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: