ഏറ്റുമാനൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായധനം ഏറ്റുമാനൂര്‍ സ്വദേശിക്ക് ലഭിച്ചു.
നഗരസഭ വാര്‍ഡ് 34ല്‍ പുത്തന്‍വീട്ടില്‍ ഹരിഹരന്‍ (70) എന്നയാള്‍ക്ക് പ്രധാനമന്ത്രിയുടെ ആശ്വാസ നിധിയില്‍ നിന്ന് കഴിഞ്ഞ ദിവസം 30000 രൂപാ സഹായധനം കിട്ടിയത്. ദീര്‍ഘനാളായി പ്രമേഹ രോഗബാധിതനായ ഹരിഹരന്റെ ഒരു കാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ചു നീക്കപ്പെട്ടു. അടുത്ത കാലും മുറിച്ചുനീക്കേണ്ട അവസ്ഥയിലാണ്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത വിഭാര്യനായ ഇദ്ദേഹത്തെ ശുശ്രൂഷിക്കുന്നത് 90 കാരിയായ മാതാവ് കുട്ടിയമ്മയാണ്. സ്ഥിരവരുമാനമില്ലാത്ത ഈ കുടുംബം ദാരിദ്യത്തിലുഴലുന്നതറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ ഉഷാസുരേഷ് ആണ് സഹായധനം ലഭ്യമാക്കാന്‍ മുന്‍കൈ എടുത്തത്.
കൗണ്‍സിലര്‍ ഹരിഹരന്റ ദയനീയാവസ്ഥയെക്കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
ഈ സഹായ അഭ്യര്‍ത്ഥനയുടെ ഫലമായാണ് തുക അനുവദിച്ചത്. കോട്ടയം താലൂക്ക് ആഫീസില്‍ നിന്ന് നല്‍കിയ 30000 രൂപയുടെ ചെക്ക് കൗണ്‍സിലര്‍ ഉഷാസുരേഷ് കുട്ടിയമ്മയുടെ വീട്ടിലെത്തി കൈമാറി.
















