തൃശൂര്‍: ജില്ലയിലെ ചേര്‍പ്പ് മേഖലയിലെ ജനകീയനായ സാമൂഹ്യ പ്രവര്ത്തകന് ജെ.പി പൂച്ചിന്നിപ്പാടം എന്നറിയപ്പെടുന്ന ജയപ്രകാശ് പൂച്ചിന്നിപ്പാടത്തിന് നാടിന്റെ അന്ത്യാഞ്ജലി.
സാമൂഹ്യസേവനത്തിന്റെ നാനാതുറകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ജെ.പി. വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്മ്മിച്ചുനല്കിയും അശരണരായ രോഗികള്‍ക്ക് ചികിത്സാ സൗകര്യങ്ങളും മരുന്നുകളും ഏര്‍പ്പാടാക്കിയും നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യങ്ങളൊരുക്കിക്കൊടുത്തും സേവനത്തിന്റെ പര്യായമായി മാറിയ വ്യക്തിത്വം.
പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ചെറിയ പ്രായത്തില്‍ത്തന്നെ രാഷ്ട്രീയ സ്വയം സേവകസംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ഇരിങ്ങാലക്കുട താലൂക്ക് സേവാ പ്രമുഖ്, വി.എച്ച്.പി. ജില്ലാ സെക്രട്ടറി, തുടങ്ങിയ സംഘടനാ ചുമതലകളും വഹിച്ചിക്കുകയുണ്ടായി.
ഊരകം സഞ്ജീവനി ബാലികാസദനത്തില്‍ ആദ്യകാലം മുതല്‍ കുട്ടികളുടെ പഠന-പാഠ്യേതര സൗകര്യങ്ങളുടെ രക്ഷാകര്‍ത്താവായിരുന്ന അദ്ദേഹം. നിരവധി നിര്‍ദ്ധന യുവതികളുടെ വിവാഹങ്ങള്‍ക്കും വേദിയൊരുക്കിക്കൊടുത്തിട്ടുണ്ട്.
പെരുവനം ചിറ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ ആയിരുന്ന അദ്ദേഹം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള സംരക്ഷണത്തിനായും നെല്‍കൃഷി സംരക്ഷണത്തിനായും അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം പൂച്ചിന്നിപ്പാടം ജംങ്ഷനില്‍ നടന്ന റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ശേഷം വിശ്രമിക്കവെയാണ് കുഴഞ്ഞുവീണത്. അമിത രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതാണ് മരണത്തിനിടയാക്കിയത്. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്സ് ഹൈസ്കൂള്‍ പി.ടി.എ. പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂളില്‍ ചേര്‍ന്ന അനുശോചന യോഗങ്ങളില്‍ ബി.ജെ.പി. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, ആര്.എസ്.എസ്. ജില്ലാ സംഘചാലക് ബാലഗോപാല്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെയും നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: