തൃശൂര്‍: ജില്ലയില്‍ ഇന്ന് 10 പുതിയ ഡെങ്കിപ്പനി കേസുകള്‍ കണ്ടെത്തി. ഇളനാട് രണ്ട്, കൈപ്പമംഗലം, മണലൂര്‍, കൊടുങ്ങല്ലൂര്‍, മുണ്ടത്തിക്കോട്, മടവന, ചേലക്കര പഴഞ്ഞി, വാടാനപ്പള്ളി എന്നിവിടങ്ങളില്‍ ഒന്നു വീതം കേസുകള്‍ കണ്ടെത്തി. ഇതുവരെ 1,417 പേരാണ് ജില്ലയില്‍ പനിക്ക് ചികിത്സ തേടിയിരിക്കുന്നത്.
ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്നലെ മുതല്‍ മൂന്ന് ബുധനാഴ്ചകളില്‍ ഡെങ്കിപ്പനി ബോധവത്കരണ നിയന്ത്രണ പ്രവര്‍ത്തന ഊര്‍ജിത പരിപാടി മിഷന് ഡെങ്കി നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത അറിയിച്ചു.
യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ദിനങ്ങളില്‍ വീടുകളില്‍ എത്തി കൊതുക് ഉറവിട പരിശോധനയും നിര്‍മ്മാര്‍ജ്ജനവും നടത്തും.
സ്ഥലത്തെ ജന പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരിക്കും ഇത്. ഡെങ്കിപ്പനി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്യുന്ന സ്ഥലങ്ങില്‍ ഫോഗിംഗ്, വീടിനുള്ളിലെ ചുമരുകളില്‍ സ്പ്രേയിംഗ് എന്നിവ നടത്തുമെന്ന് ഡിഎംഒ അറിയിച്ചു.
ഇന്നു മുതല്‍ മൂന്ന് വെള്ളിയാഴ്ചകളില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ആവശ്യാനുസരണം അലോപ്പതി, ആയൂര്‍വേദം, ഹേമിയോ വിഭാഗങ്ങളുടെ സംയുക്ത മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. ക്യാമ്പുകളോടനുബന്ധിച്ചും പ്രത്യേകമായും സാമൂഹ്യാധിഷ്ഠിത, വിശ്വാസാധിഷ്ഠിത സംഘടനകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: