കലയുടെ കണികകള്‍ കൂട്ടിയിണക്കിക്കൊണ്ട് മനുഷ്യന്റെ മനസ്സിന് ആനന്ദം പകരാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് കക്കോടിമുക്കിലെ മാമ്പറ്റ ജലജയെന്ന വീട്ടമ്മ. പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പേപ്പര്‍ ആര്‍ട്ട് വര്‍ക്കുകള്‍ എന്നിവയില്‍ മികവ് തെളിയിക്കുകയാണ് ജലജ. അമ്മയില്‍ നിന്നാണ് തനിക്ക് ഈ കഴിവുകള്‍ കിട്ടിയതെന്ന് ജലജ പറയുന്നു.
ചെറുപ്പത്തില്‍ ഉള്ളിത്തോലുകളില് കലാവിരുത് കാട്ടിയും പേപ്പര്‍ കഷ്ണങ്ങള്ക്കൊണ്ട് കാഴ്ച വസ്തുക്കള്‍ ഉണ്ടാക്കിയും തന്റെ കലാവാസനയെ ജലജ വിലയിരുത്തുമായിരുന്നു. പേപ്പര്‍ കൊണ്ട് പല രൂപത്തിലുള്ള പൂച്ചെടികളും പൂച്ചട്ടിക്കളും മൃഗങ്ങളുടെ രൂപങ്ങളും ഉണ്ടാക്കും. അത് കൂട്ടുകാരികള്‍ക്ക് സമ്മാനമായി നല്‍കും. ഇതായിരുന്നു കുട്ടിക്കാലത്ത് തന്റെ വിനോദമെന്ന് ജലജ പറയുന്നു. കലാലയത്തിലെത്തിയിട്ടും ഇതിന് മാറ്റമുണ്ടായില്ല. പെയിന്റിങിലേക്ക് ശ്രദ്ധ തിരിയുന്നത് അപ്പോഴാണ്.
കാന്‍വാസില്‍ ജലജ വരച്ചിടുന്ന കൃഷ്ണന്റേയും ശിവന്റേയും ഗണപതിയുടേയും രൂപങ്ങള്‍ കണ്ടാല്‍ അതിലെ ബിംബചാരുത ഭക്തിയുടെ അവാച്യമായ അനുഭൂതി പകരുന്നാണ്. അത്ര മനോഹരമാണ് ആ ചിത്രങ്ങള്‍. പൂച്ചെണ്ടുകള്‍, പാവക്കുട്ടികള്‍, പൂക്കൂടകള്‍, തീപ്പെട്ടിക്കൊള്ളി കൊണ്ടുണ്ടാക്കിയ പെന്‍ സ്റ്റാന്‍ഡുകള്‍ എന്നിവയെല്ലാം ജലജയുടെ കലാവാസനയുടെ തെളിവുകളാണ്. പഠനശേഷം നേരമ്പോക്കിനുവേണ്ടി ചെയ്ത ഈ കാര്യങ്ങളെല്ലാം പിന്നീട് മുതല്‍ക്കൂട്ടായി.
കൂട്ടുകാരികളുടെ വിവാഹങ്ങള്‍ക്കും, സഹപാഠികളുടെ വീട്ടിലെ വിശേഷങ്ങള്‍ക്കുമെല്ലാം ജലജ സമ്മാനിക്കുക തന്റെ തന്നെ സൃഷ്ടികളാണ്. പോട്ട് പെയിന്റ്ങ്, ഗ്ലാസ് പെയിന്റിങ്, ഫാബ്രിക് പെയിന്റിങ്, എന്നിവയിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട് ഈ ചിത്രകാരി. ചിപ്പികളില്‍ പ്രത്യേക വര്‍ണങ്ങള്‍ നല്കി, പശകൊണ്ട് ഒട്ടിച്ച് രൂപപ്പെടുത്തുന്ന മയിലിന്റെ രൂപം ജലജയുടെ കലാസൃഷ്ടികളില്‍ പ്രത്യേക സ്ഥാനം അലങ്കരിക്കുന്നു.
മണ്ണാര്‍ക്കാട് മുന്‍സിഫ് എം.രമേശനാണ് ജലജയുടെ ഭര്‍ത്താവ്. തന്റെ കലാവാസന മനസ്സിലാക്കി അതിനുവേണ്ടി പ്രചോദനവും ആത്മധൈര്യവും നല്‍കുന്നത് ഭര്‍ത്താവാണെന്ന് ജലജ പറയുന്നു. മഞ്ചേരി, കാഞ്ഞങ്ങാട്, താമരശ്ശേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെല്ലാം ജോലി നോക്കിയിട്ടുണ്ട് അദ്ദേഹം. അപ്പോഴെല്ലാം ജലജയും തന്റെ കലാവിരുതുമായി ഒപ്പമുണ്ടാകും. ആവശ്യക്കാരില്‍ നിന്ന് ഓഡറുകള്‍ സ്വീകരിച്ച് അതെല്ലാം നിര്‍മിച്ചുനല്‍കുന്നതാണ് തന്റെ സന്തോഷമെന്ന് ജലജ പറയുന്നു. ധനം മോഹിച്ചല്ല ഇതൊന്നും ചെയ്യുന്നത്. സൗജന്യമായി പഠിപ്പിച്ചു നല്‍കുകയും ചെയ്യുന്നു. മൂത്തമകന് അപ്പു ബഹറിനില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. മരുമകള്‍ ജൂബി. മകള്‍ കീര്‍ത്തന, മൈസൂരില്‍ അവസാന വര്‍ഷ നിയമവിദ്യാര്‍ത്ഥിനി. മക്കള്‍ക്കും ചിത്രരചനാ വാസനയുണ്ടെന്നും ജലജ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: