ജി.ശങ്കരക്കുറുപ്പിന്റെ ഒരു പഴയ കവിതയുണ്ട്, ഇന്നു ഞാന്‍ നാളെ നീ.പ്രമേയ ഗൗരവംകൊണ്ട് അതു പക്ഷേ എക്കാലത്തേയും കവിതയാണ്.ഇന്നു എന്റേതാണെങ്കില്‍ നാളെ നിന്റേതാണ് മരണമെന്ന താഥാര്ഥ്യമാണ് ഈ കവിത പങ്കുവെക്കുന്നത്.മരണവും ജീവിതവുമായുള്ള ചിറകുകളുമായി ആയുസിന്റെ പറക്കലാണത്.
മലയാളത്തില്‍ ഇന്നുവരെ മരണത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും സജീവവും ദാര്‍ശനികവുമായ കവിതയാണിത്.ജീവിതത്തിനും മരണത്തിനുമിടയിലെ നമ്മളെന്ന അരനാഴികനേരത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും വിചാരപ്പെടും എന്നതാണ് ഇക്കവിത വായിച്ചശേഷം നമുക്കുണ്ടാകുന്ന പരിണതി.
കഴിഞ്ഞ ദിവസം ഒരു മരണത്തില്‍ സംബന്ധിച്ചിരുന്നു.നന്നേ പ്രായമെത്തി മരിച്ച ഒരു സാധാരണക്കാരി.ആയിരക്കണക്കിനാളുകളാണ് വന്നുപോയത്.മാറാരോഗം ബാധിച്ച് ഒന്നു നടക്കാന്‍പോലും കഴിയാത്ത തൊണ്ണൂറെത്തിയവര്പോലും ഒരു നോക്കു കാണാന്‍ വരുന്നതു കണ്ടു.ഇതു മരണത്തില്‍ മാത്രം കാണുന്ന കാഴ്ചയാണ്.നാളെ താനും ഇങ്ങനെയാണെന്നു കരുതിക്കൊണ്ടു മാത്രമല്ല,അതൊരു സ്വാഭാവിക മാനുഷികതയാണ്.
ജീവിതത്തെപ്പിടിച്ച് മരണത്തെ തിരുത്താനാവില്ല.പക്ഷേ മരണത്തെ കണ്ട് ജീവിതത്തെ തിരുത്താനാവും.മനുഷ്യനെ ഏറ്റവും കൂടുതല്‍ ഒന്നിപ്പിക്കുന്നത് മരണമാണെന്നു തോന്നുന്നു.വിളിക്കാതെ മരണം കാണാന്‍ വരും. അതിനു ക്ഷണിക്കേണ്ട.അവസാനമൊന്നു കാണാന്‍ എന്നാണ് അതിനു പറയുക.ശാശ്വതമായ സത്യം അതാണെന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാം.മരണം ഒരാളെ ഇല്ലാതാക്കുകയാണ്.അറിയാത്ത ഒരു ലോകത്തിലേക്ക് എല്ലാവരും കൂടി മരിച്ചയാളെ പറഞ്ഞയക്കുന്നു.
പിന്നെ ഓര്‍മ്മയില്‍. ഓര്‍മ്മയില്‍ നിന്നു തന്നെ വിട്ടുപോകാം.അങ്ങനെ പോകാത്തവരുണ്ട്.ചിലര്‍ മരണത്തിനു ശേഷമാണ് കൂടുതല്‍ ജീവിക്കുന്നത്.അവര്‍ ജനത്തിനു വേണ്ടി ജീവിച്ചവരാകും.നമ്മള് കുടുംബത്തിനുവേണ്ടി ജീവിക്കുമ്പോള്‍ ഇത്തരക്കാര്‍ സമൂഹത്തിനു വേണ്ടിയാകും ജീവിക്കുക.ഇവരാണ് മഹാന്മാര്.ഇവരെ ചിരഞ്ജീവികളെന്നു നാം ആദരവോടെ വിളിക്കുന്നു.ഇവര്‍ ഇങ്ങനെ മരണത്തെപ്പോലും ജയിക്കുന്നു.ഇങ്ങനെയുളളവരാണ് ലോകം മാറ്റിത്തീര്‍ക്കുന്നത്.
എല്ലാവര്ക്കും മഹാന്മാരാകാനാവില്ല.അതൊക്കെ അപൂര്‍വ ജന്മങ്ങളാണ്.അല്ലെങ്കില്‍ തന്നെ മഹാന്മാരായിത്തീരാന് വേണ്ടി മാത്രം ആരും ജീവിക്കാറില്ല.അതു സംഭവിക്കുകയാണ് ചെയ്യുന്നത്.ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മ്മത്തിലൂടെ.ഓരോ മരണവും കുറഞ്ഞ പക്ഷം മനുഷ്യാ നീ അഹങ്കരിക്കരുതെന്ന മഹാ സത്യം വിളിച്ചു പറയുകയാണ്.മരണത്തില്‍ മാത്രം അവസാനിക്കേണ്ടതല്ല അത്തരം അഹങ്കാരം.അതിനു മുന്‍പേ അവസാനിച്ച് ജീവിതത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള പാഠങ്ങളാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: