കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച രാത്രി ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 50ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു.
അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി ഓഫീസിനു മുന്നിലാണ് മറ്റൊരു സ്ഫോടനം ഉണ്ടായത്. ഇവിടെ ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിച്ചപ്പോള്‍ മറ്റൊരാളെ പോലീസ് വെടിവെച്ചു വീഴ്‌ത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് പറഞ്ഞു.
വിദേശ സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. യുഎസ് പിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാരിനെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
















