ബാഗ്ദാദ്: ഇറാഖിൽ പാരാജയപ്പെട്ടുവെന്ന് ഐഎസ് സംഘടനയുടെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബാഗ്ദാദി. ഇതിനെ തുടർന്ന് ഇറാഖിൽ തുടരുന്ന വിദേശ ജിഹാദികൾ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോകണമെന്നും അല്ലെങ്കിൽ സ്വയം പൊട്ടിത്തെറിക്കണമെന്നും ബാഗ്ദാദി വിടചൊല്ലൽ പ്രസംഗത്തിൽ ആവശ്യപ്പെട്ടുവെന്ന് അൽസുമാരിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.
ഇറാഖിലും മൊസൂളിലും സൈന്യം ഭീകരരെ തുടച്ചു നീക്കി മുന്നോട്ട് നീങ്ങുമ്പോൾ പിടിച്ചു നിൽക്കാൻ ഐഎസ് പോരാളികൾക്ക് ആകുന്നില്ല. ഈ സാഹചര്യം മനസിലാക്കിയാണ് ബാഗ്ദാദി വിദേശ പോരാളികളോട് രാജ്യം വിട്ടു പോകാൻ ബുധനാഴ്ച ആവശ്യപ്പെട്ടത്. 72ഓളം വരുന്ന വിദേശ വനിതാ ജിഹാദികൾ പൊട്ടിത്തെറിക്കുകയോ രാജ്യ വിടുകയോ ചെയ്യണം, ശത്രുക്കളുടെ മേൽ സ്വയം പൊട്ടിത്തെറിച്ചാൽ തീർച്ചയായും നിങ്ങൾ സ്വർഗത്തിലെത്തുമെന്നും ബാഗ്ദാദി വിദേശികൾക്ക് വാഗ്ദാനം നൽകുന്നുണ്ട്.
10 മില്ല്യൻ ഡോളർ വിലയിട്ടിരിക്കുന്ന ബാഗ്ദാദി എവിടെയാണ് തമ്പടിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മൊസൂളിനും സമീപ പ്രദേശത്തുമുള്ള ഐഎസ് ഓഫീസുകൾ അടച്ചിടാനും ബാഗ്ദാദി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആക്രമണത്തിൽ ഗുരുതരമായി ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നു. എന്നാൽ അതിസാഹസികമായി ഇയാൾ രക്ഷപ്പെടുകയായിരുന്നു.
ഇറാഖിൽ സൈന്യം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പല പ്രമുഖ ഐഎസ് നേതാക്കളും സിറിയയിലേക്ക് പലായനം ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 17 മുതൽ അമേരിക്കൻ സൈനിക സഹായത്തോടെ ഇറാഖ് സേന മൊസൂളിൽ ആക്രമണം ശക്തമായി ആരംഭിച്ചിരുന്നു. മൊസൂളിന്റെ കിഴക്കൻ പ്രദേശങ്ങൾ ഭൂരിഭാഗവും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
















