കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ തീരുമാന പ്രകാരം മാര്‍ച്ച് ആദ്യവാരം നടത്തേണ്ട മെഡിക്കല്‍ ക്യാംപുകള്‍ നീളുന്നു. സ്കൂളുകളില്‍ പരീക്ഷ നടക്കുന്നതിനാലാണ് മെഡിക്കല്‍ ക്യാംപുകള്‍ നീളുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ക്യാംപുകള്‍ വൈകുന്നതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. മാര്‍ച്ചുമാസം പരീക്ഷയാണെന്ന് നേരത്തെ അറിഞ്ഞിട്ടും സെല്‍യോഗത്തില്‍ പ്രഖ്യാപനം നടത്തിയത് അധികൃതര്‍ ദുരിതബാധിതരോട് കാട്ടുന്ന നിരുത്തരവാദിത്വമാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ജനുവരി 17 നു കാസര്‍കോട്ട് സെല്‍ പ്രഥമയോഗം ചേര്‍ന്നത്. കഴിഞ്ഞ 2013 ല്‍ ആണ് അവസാനമായി മെഡിക്കല്‍ ക്യാംപുകള്‍ നടന്നത്. വര്‍ഷം തോറും നടത്താന്‍ തീരുമാനമുണ്ടായെങ്കിലും നാലുവര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അനന്തമായി നീളുകയാണ്. നിലവില്‍ 5188 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്ളത്. ഇതില്‍ 610 പേര് ഉത്തരവിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ 10 കോടി 90 ലക്ഷംരൂപയുടെ കടം എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. വര്‍ഷം രണ്ട് പിന്നിട്ടിട്ടും ഒന്നരകോടിയുടെ കടമാണ് എഴുതിത്തള്ളാനായത്. അമ്പതിനായിരം രൂപയില്‍ താഴെ കടമെടുത്ത 900 ഓളം പേരുടെ കടം ഇനിയും എഴുതിതള്ളാനുണ്ട്. ആകെ 600 ഓളം പേര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചത്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തതിനാലാണ് പദ്ധതി ഇഴയുന്നതെന്നാണ് ബാങ്കുകള്‍ നല്കുന്ന വിശദീകരണം. കാന്‍സര്‍ അടക്കമുള്ള രോഗം ബാധിച്ചവര്‍ക്കുള്ള വിലകൂടിയ മരുന്ന് നീതി സ്റ്റോറുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് രൂപ കുടിശിക സര്‍ക്കാര്‍ സ്റ്റോറുകള്‍ക്ക് നല്‍കാനുണ്ട്. കൂടാതെ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച പെന്‍ഷനും രണ്ടുമാസമായി മുടങ്ങിക്കിടക്കുകയാണ്. മാസം ഏഴുലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ പെന്ഷന് ഇനത്തില്‍ ചെലവാക്കേണ്ടത്. കടത്തിന് ഒരു വര്‍ഷത്തേക്ക് മോറിട്ടോറിയം പ്രഖ്യാച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ജപ്തിഭീഷണിയടക്കം തുടരുന്നതായും ഇരകള്‍ പറയുന്നു. മെഡിക്കല്‍ ക്യാംപുകള്‍ അനന്തമായി വൈകിപ്പിക്കുന്നതിനെതിരേ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണെന്ന് കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: