പുസ്തകവും വായനയും മാത്രമല്ല അവയുടെ മഷിമണവും വേണമായിരുന്നു. അങ്ങനേയും കൂടിയുള്ള ആവേശത്തിലാണ് പ്രമുഖ പത്രങ്ങളില്‍ സര്‍ക്കുലേഷനില്‍ ജോലി നോക്കിയത്. അതിനു മുന്‍പ് ഒരിക്കല്‍പ്പോലും ഒരു ജോലിക്ക് അപേക്ഷിച്ചിട്ടില്ല. കുറച്ചുകാലം കമ്പ്യൂട്ടര്‍ പഠനത്തിലായിരുന്നു ശ്രദ്ധ. ഒരു സുഹൃത്തു വഴിയാണ് മാതൃഭൂമിയില്‍ സര്‍ക്കുലേഷനില്‍ കയറിയത്. പിന്നെ അതേ ജോലി തന്നെ ഇന്ത്യന്‍ എക്സ്പ്രസില്‍. ബിസിനസ് കേരളയുടെ കേരളത്തിലെ ചുമതലക്കാരനുമായി. കിട്ടിയ ജോലികളെല്ലാം അക്ഷര ലോകത്തായിരുന്നു. അപ്പോഴും തനിക്കുള്ളതു വരാനിരിക്കുന്നതേയുളളൂ എന്ന അസംതൃപ്തിയുടെ സൗഖ്യത്തിലായിരുന്നു ഷാജേന്ദ്രന്‍. പുസ്തകം കണ്ടും തൊട്ടും വായിച്ചുമൊക്കെ പ്രണയം കൂടിയപ്പോള്‍ പുസ്തക നിര്‍മിതി എന്ന ജ്വരം തലേല്‍ക്കേറി. പ്രസാധകന് എന്നുള്ള മന്ത്രം ആയിരക്കണത്തിനു നിത്യേനെ ഉരുക്കഴിച്ചു നേടിയതാണ് ബുക്കര്‍മാന്‍ എന്ന പബ്ളിഷിങ്ങ് കമ്പനി.
നേട്ടത്തിനും ലാഭത്തിനും മറ്റുമായി വിപണീസൗഹൃദമുള്ളവയാണ് കച്ചവടക്കാര്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നം. പുസ്തക വായന മരിക്കുന്നുവെന്നു വലിയവായില്‍ ചിലര്‍ നിലവിളിക്കുമ്പോള്‍ പുസ്തക പ്രസാധനത്തിന്റെ വശങ്ങളെക്കുറിച്ച് എന്തെന്നു പോലും അറിയാത്തവര്‍ സ്വാഭാവികമായിത്തന്നെ മുഖം മാറ്റും. പുസ്തക വിപണിയെക്കുറിച്ച് അങ്ങനെ ആര്‍ക്കും അറിയില്ല. ലക്ഷത്തില്‍ പത്തുപേരായിരിക്കും പ്രസാധനത്തക്കുറിച്ചു ചിന്തിക്കുക. അതില്‍ ഒരാളായിരിക്കാം അതു പ്രാവര്‍ത്തികമാക്കുക. അങ്ങനെയുള്ള ഒരാളാണ് ഷാജേന്ദ്രന്‍. കുറെക്കാലം ഉന്തി ഉരുട്ടിക്കൊണ്ടുപോയി നിലനിര്‍ത്തിയിട്ടു വേണം പിന്നെ നേട്ടമുണ്ടാക്കാന്‍ എന്നറിഞ്ഞുകൊണ്ടാണ് മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് ബുക്കര്‍മാന്‍ എന്ന സ്വപ്ന നിര്‍വൃതിയിലേക്കു ഈ ചെറുപ്പക്കാരന് വീണത്. വേറിട്ട പുസ്തകങ്ങളിലൂടെ വായനയുടെ വൈവിധ്യമാര്‍ന്ന സാംസ്ക്കാരിക ബോധ്യങ്ങള്‍ സമൂഹത്തിനു പകരുക എന്നതാണ് ലക്ഷ്യം. നേട്ടങ്ങള്‍ പന്നാലെ വരുമെന്നു ഷാജേന്ദ്രന്‍ വിശ്വസിക്കുന്നു. പുതിയ വായനയും പുതിയ എഴുത്തുകാരും തന്നെയാണ് മുന്നില്‍. വലിയൊരു സഹൃദയക്കൂട്ടായ്മയുടെ പ്രചോദനവും കൂടിയുണ്ടായിരുന്നു ബുക്കര്മാന്റെ പിറവിക്ക് എന്നതും എടുത്തു പറയണം.
മൂന്നു വര്‍ഷത്തിനിടയില്‍ നോവലും കഥയും കവിതയും ചരിത്രവുമായി ഇരുപത്തഞ്ചോളം പുസ്തകങ്ങളിറക്കി. പ്രശസ്ത പത്രപ്രവര്‍ത്തക ലീലാ മേനോന്റെ ആത്മകഥയെ അധികരിച്ചു എഴുതപ്പെട്ട നോവല്‍ വെയിലിലേക്കു മഴ ചാഞ്ഞു ആയിരുന്നു ആദ്യ പുസ്തകം. ഈ നോവലിന് അവാര്‍ഡു ലഭിച്ചു. സി.വി.ഹരീന്ദ്രന്റെ ചെറുകഥാ സമാഹാരമായ കുറിഞ്ഞി ആണ് രണ്ടാമത്തെ പുസ്തകം. അതിന് അഞ്ച് അവാര്‍ഡുകള്‍ കിട്ടി. നിലവാരമുള്ള പുസ്തകങ്ങളാണ് ബുക്കര്‍മാന്‍ ഇറക്കുന്നതെന്നു സ്വയം ബോധ്യപ്പെട്ടു. മലയാളിയുടെ ഇംഗ്ളീഷ് വായനയെക്കണ്ട് ഇംഗ്ളീഷ് പുസ്തകവും ബുക്കര്‍മാന്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇംഗ്ളീഷില്‍ എഴുതുന്ന മലയാളികളില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ശ്രീജിത്ത് സായ് എന്ന എഴുത്തുകാരനെ കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹത്തിന്റെ നോവല്‍ ദ മോണോമെന്റ്സ് ഓഫ് ഡെസ്പയര്‍ ബുക്കര്‍മാന്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്.മലയാളിക്കും നന്നായി ഇംഗ്ലീഷ് പുസ്തകം ഇറക്കാന്‍ കഴിയുമെന്ന് പ്രശസ്ത എഴുത്തുകാരന് പിഎഫ് മാത്യൂസ് സായിയുടെ പുസ്തകം കണ്ട് അഭിപ്രായപ്പെടുകയുണ്ടായി.
മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. നല്ലൊരു പരിസ്ഥിതി പ്രവര്‍ത്തകനും മികച്ച വാഗ്മിയും കൂടിയാണ് ഷാജേന്ദ്രന്‍. അതുകൊണ്ട് ചെല്ലുന്നിടത്തെല്ലാം ഒഴിഞ്ഞുമാറിയാലും രണ്ടു വാക്കു പറയാന്‍ സ്നേഹ സമ്മര്‍ദത്തിന്റെ വേദിയുണ്ടാകും. തുമ്പൂര്‍ മൊഴി മോഡല്‍ മാലിന്യ സംസ്ക്കരണം ആദ്യമായി നടപ്പാക്കിയത് ഷാജേന്ദ്രനും കൂടി അംഗമായ പരിസ്ഥിതി സംഘടനയാണ്. മണ്ണുത്തി സര്‍വകലാശാലയിലെ ഡോ.ഫ്രാന്‍സിസ് സേവ്യറാണ് തുമ്പൂര്‍ മൊഴി മോഡല്‍ കണ്ടെത്തിയത്. അതാണ് ഇപ്പോള്‍ മന്ത്രി തോമസ് ഐസക്ക് നടപ്പാക്കിയിരിക്കുന്നത്.
വായനയുടെ നാട്ടുനടപ്പും അതിലെ മാറ്റങ്ങളുമൊക്കെ നിരീക്ഷിക്കുന്നുണ്ട് ഷാജേന്ദ്രന്‍. വായനയുടെ പുത്തന്‍ പരിപ്രേക്ഷ്യവും പുസ്തകങ്ങളുടെ സാരസ്വതവും പകരാന്‍ വിദ്യാര്‍ഥികള്‍ക്ക് സാഹിത്യമത്സരങ്ങളും മുതിര്‍ന്നവര്‍ക്ക് വായനാ പദ്ധതിയും മറ്റുമായി എഴുത്തും വായനയും എന്ന പ്രോഗ്രാം ബുക്കര്‍മാന്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ആരോടും മത്സരമില്ല. വേറിട്ട വഴികളിലൂടെയാണ് സഞ്ചാരം. സ്വപ്നങ്ങള്‍ക്കു പിന്നാലെയല്ല സ്വപ്നങ്ങള്‍ പിന്നാലെ വരുമെന്ന് ഷാജേന്ദ്രന്‍. ഇടപ്പള്ളിയില്‍ താമസം. അച്ഛന് സുകുമാരന്‍നായര്‍ നേരത്തെ മരിച്ചു. അമ്മ ശാന്തകുമാരി. ഭാര്യ സിന്ധു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്ക്കൂളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: