ബീജിങ്: അരുണാചല്‍ പ്രദേശിലെ തവാങ് പ്രദേശത്തില്‍ ബീജിങ്ങിന്റെ അവകാശവാദം അംഗീകരിച്ചാല്‍ ചൈനയും ചില പ്രദേശങ്ങള്‍ വിട്ടുനല്‍കി അതിര്‍ത്തി തര്‍ക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇടനിലക്കാരനായിരുന്ന ദായ് ബിങ്കുവാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇന്ത്യ ഇത് പ്രായോഗികമാവില്ലെന്ന് അറിയിച്ചിരുന്നതായും ദായ് പറഞ്ഞു.
കിഴക്കന്‍ അതിര്‍ത്തിയില്‍ ചൈനയ്‌ക്കുള്ള ആശങ്കകള്‍ക്ക് ഇന്ത്യ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ചൈനയും ഇന്ത്യയ്‌ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചേനെ. ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇടനിലക്കാരനായി 2003 മുതല്‍ 2013 വരെ ദായ് പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അതിര്‍ത്തി ചര്‍ച്ചകളിലെ പ്രത്യക പ്രതിനിധിയുമായ ശിവശങ്കര്‍ മേനോന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ സാന്നിധ്യത്തില്‍ 2014ല്‍ നിരവധി തവണ ദായിയുമായി കൂടിക്കാഴ്‌ച്ച നടത്തി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതാണ്.
















