കാസര്‍കോട്: കാസര്‍കോട് കലക്ട്രേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തുന്ന പനത്തടി പഞ്ചായത്തിലെ കോട്ടക്കുന്ന് കോളനിയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ സമരം ശക്തമാകുന്നു. കോട്ടക്കുന്ന് കോളനിയില്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട കമ്മ്യൂണിറ്റി ഹാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി കയ്യടക്കി വെച്ചതില്‍ പ്രതിഷേധിച്ചാണ് കലക്ട്രേറ്റിന് മുന്നില്‍ കോളനിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമംര മൂന്നാം ദിവസം പിന്നിട്ടതോടെ കൂടുതല്‍ ശക്തമാവുകയാണ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ അണിനിരന്നിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച് വരികയാണ്. കമ്മ്യൂണിറ്റി ഹാള്‍ ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാതെ രാഷ്ട്രീയ പാര്‍ട്ടി പതാകകളും മറ്റും സൂക്ഷിക്കാന്‍ ഉപയോഗിക്കുകയാണെന്നും കമ്മ്യൂണിറ്റി ഹാള്‍ ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാക്കി മാറ്റിയിരിക്കുകയാണെന്നുമാണ് ആദിവാസി കുടുംബങ്ങള്‍ ആരോപിക്കുന്നത്.
അക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും മദ്യപാനവും കമ്മ്യൂണിറ്റി ഹാളിനെ മറയാക്കി അരങ്ങേറുകയാണെന്നും ഇതിനെതിരെ പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആദിവാസി കുടുംബങ്ങള്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ഹാള്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ അധികാരികള്‍ സമരത്തോട് നിഷേധാത്മക നയമാണ് സ്വീകരിക്കുന്നതെന്നും പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ലെന്നും ഇനിയും ഈ നയമാണ് തുടരുന്നതെങ്കില്‍ ആത്മഹത്യ ചെയ്യൂമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സമരപ്പന്തലിലെത്തി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുകയും പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വാഗ്ദാനം നിറവേറ്റാന്‍ അധികൃതര്‍ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നതെന്ന് സമരസമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: