ആദ്യം പഠിപ്പിച്ചത്
മുഷ്ടി ചുരുട്ടാനായിരുന്നു
കൊടി പിടിക്കാനും
വഴി തടയാനും
കല്ലെറിയാനും
പിന്നീടറിഞ്ഞു
ശിക്ഷണത്തിന്റെ
തീക്ഷ്ണതയില്‍
അഴിച്ചു മാറ്റിയ
പടച്ചട്ടയില്‍
ബന്ധങ്ങളുടെയും
കടപ്പാടിന്റെയും
സ്നേഹക്കറ പടര്‍ന്നിരുന്നു
വെട്ടാനും കൊല്ലാനും
ഗുരുമുഖത്തെ ആജ്ഞ
മുന്‍പിന്‍ നോക്കാതെ
അനുസരിച്ചു…
പെരുവഴിയില്‍ ചിന്തിയ
രക്തത്തുള്ളികള്‍ക്ക്
പക്ഷെ, അനാഥമായ
കുടുംബങ്ങളുടെ
കണ്ണീര് തുള്ളികളോളം
ചൂടില്ലായിരുന്നു…
കണ്ണും കൈയും മെയ്യും
എപ്പോഴും
ജാഗരൂകമായിരുന്നു
പാതി കഥയില്‍
ഉറങ്ങിപ്പോയൊരു
അഭിമന്യു ആകാനാവില്ല…
ശിഷ്യന്റെ ചടുലതയില്‍
ഗുരു രാജഗുരുവായി
അന്തപ്പുരങ്ങളില്‍
വാഴുന്നു
ശിഷ്യന് പെരുവഴിയിലും…
എന്നിട്ടും മതിയായില്ല
ഗുരുദക്ഷിണയായി
പെരുവിരല്‍ മാത്രം
പോരെന്ന്…
തലയും ഉടലും
മനസ്സും തീറെഴുതണമത്രേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: