ആരോടുമില്ല പ്രീണനം, ആരോടുമില്ല അതിസ്നേഹം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നല്ലതല്ലേ. അത്തരമൊരു നല്ല കാര്യത്തിന്റെ ഇടവഴിയിലൂടെയാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. കണാരേട്ടനെ മാത്രമെന്താ ഇങ്ങനെ പൊക്കി നടക്കുന്നത് എന്ന് ചിരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ചിരുതേടത്തി ചോദിച്ചതെങ്കിലും ഒരു വിഷാദം എവിടെയോ പൊടിഞ്ഞില്ലേ എന്ന സംശയം അസ്ഥാനത്തല്ല. വേദന സഹിക്കാനും അത് ആരെയും അറിയിക്കാതിരിക്കാനും അങ്ങേയറ്റം ശ്രമിക്കുന്ന ശതശതം അമ്മമാരുടെ പ്രതി നിധിയാണല്ലോ ചിരുതേടത്തി. അപ്പോള്‍ ആ അമ്മയുടെ ചോദ്യം കണക്കിലെടുത്തില്ലെങ്കില്‍ അതൊരു വല്ലാത്ത വേദനയല്ലേ. എന്നാല്‍ നമുക്കതങ്ങ് തീര്‍ക്കാം.
കത്തിജ്വലിക്കുന്ന ഏഴ് വനതാ നക്ഷത്രങ്ങളെക്കുറിച്ചാണ് പറയാനുള്ളത്. റോക്കറ്റ് വിക്ഷേപണത്തിലൂടെ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച് ലോകത്തിന്റെ നെറുകയില്‍ ഭാരതത്തിന്റെ ഖ്യാതി പരത്തിയ അവരെ എങ്ങനെയാണ് നാം ആദരിക്കുക. പോട്ടെ, ആരൊക്കെയാണ് അവരെന്ന് ഏതെങ്കിലും മലയാളമാധ്യമം നമ്മോട് പറഞ്ഞുവോ? ഉള്ളത് ഇല്ലാതാക്കിയും ഇല്ലാത്തത് ഉണ്ടെന്ന് ശഠിച്ചും തങ്ങള്‍ തെളിക്കുന്ന വഴിയിലൂടെ വായനക്കാരെ ഉന്തിത്തള്ളിക്കൊണ്ടു പോകുന്ന ഈ മാധ്യമപുംഗവന്മാരെ നമുക്ക് വെറുതെ വിടുക. തങ്ങളെക്കൊണ്ട് ചെയ്യാനാവുന്നതല്ലേ അവര്‍ക്ക് ചെയ്യാനാവൂ. അവരെ വിശ്വസിച്ചും സ്നേഹിച്ചും മുന്നോട്ടുപോയാല്‍ കൊക്കയില്‍ വീഴും എന്നുറപ്പ്. എന്നാല്‍ അങ്ങനെയല്ലാത്തവയും ഇവിടെയുണ്ട്. അതൊരു ആംഗലേയ മാധ്യമമാണ്. ഡെക്കാണ് ക്രോണിക്ക്ള്‍ എന്ന അതിന്റെ സ്പെഷ്യല്‍ പേജ് ഈ വനിതാരത്നങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഫെബ്രു. 26 ലെ പ്രത്യേക പതിപ്പില്‍ ഇന്‍ഡ്യാസ് റോക്കറ്റ് വിമന്‍ എന്ന തലക്കെട്ടില്‍ മനോജ് ജോഷിയും ശ്രീകാന്തും ചേര്‍ന്നാണ് അമ്മ മനസ്സുകളില്‍ പിറവിയെടുത്ത റോക്കറ്റുകളെക്കുറിച്ച് പറയുന്നത്. ചൊവ്വാദൗത്യത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഗവേഷണ പരീക്ഷണങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ചയാളാണ് റിതുകരിദ്വള്. ചൊവ്വാ ദൗത്യത്തിന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറാണ് അവര്‍. മറ്റുള്ളവര്‍ ഇതാ: നന്ദിനി ഹരിനാഥ് (മിഷന് സിസ്റ്റം ലീഡര്‍, ഇസ്രോ), ലളിതാംബിക. വി.ആര് (വിക്രം സാരാഭായ് സ്പേസ് സെന്റര്‍, റോക്കറ്റുകളിലെ ഇന്ധനം സംബന്ധിച്ച ചുമതല), സീത. എസ് (പ്രോഗ്രാം ഡയറക്ടര്‍, ഇസ്രോ), അനുരാധ. ടി.കെ (ജിയോസാറ്റ് പ്രോഗ്രാം ഡയറക്ടര്‍, ഇസ്രോ), മിനാള്‍ രോഹിത് (സയന്റിസ്റ്റ്/എഞ്ചിനീയര്‍, സാക്) ബി. കോഡനയാഗ്വി (ഗ്രൂപ്പ് ലീഡര്‍, സതീഷ് ധവാന് സ്പേസ് സെന്റര്‍). ഈ വനിതാരത്നങ്ങള്‍, അതായത് അമ്മ മനസ്സുകളാണ് നമ്മുടെ റോക്കറ്റുകളിലൂടെ ഉപഗ്രഹങ്ങളെ അതിന്റെ ഭ്രമണപഥത്തിലെത്തിച്ചത്. നിതാന്തവും നിസ്തന്ദ്രവുമായ പ്രവര്‍ത്തനം. സമര്‍പ്പിത സേവനം, ഒന്നിച്ചുള്ള ഇഴുകിച്ചേരല്‍, ഇഴയടുപ്പത്തിന്റെ അറ്റുപോകാത്ത കണ്ണികള്‍, ഇവരെ വിശേഷിപ്പിക്കാന്‍ വാസ്തവത്തില്‍ വാക്കുകള്‍ പോലും പരിമിതപ്പെട്ടു പോകുന്നു.
കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ എല്ലാവരെയും പോലെ റിതുകരിദ്വളിന് ആകാശം ഒരു വിസ്മയമായിരുന്നു. ചന്ദ്രന് ചിലപ്പോള്‍ ചെറുതായും ചിലപ്പോള്‍ വലുതായും കാണുന്നതെന്തുകൊണ്ടെന്ന ജിജ്ഞാസ അവളിലെ ബഹിരാകാശ സ്വപ്നത്തിന് ചിറകുകള് മുളപ്പിച്ചു. പത്രങ്ങളില്‍ കിട്ടുന്ന ഏതു കൊച്ചുവിവരണവും അവളെടുത്തു സൂക്ഷിച്ചു. ബിരുദാനന്തരബിരുദത്തിനുശേഷം ഇസ്രോവില് ജോലി നേടിയതോടെ തന്റെ ജീവിതതാളം ഭ്രമണപഥത്തിന്റെ നേരറിവുകളിലേക്കായെന്ന് അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഒരു കുടുംബം പോലെയാണ് എല്ലാവരും ചൊവ്വാദൗത്യമുള്‍പ്പെടെയുള്ള സകല പദ്ധതികളിലും പ്രവര്‍ത്തിച്ചത്. തങ്ങള്‍ക്ക് എന്തും ചെയ്യാനാവും എന്ന ആത്മവിശ്വാസം ഇപ്പോള്‍ ആകാശത്തിന്റെ അതിരുകളും ഭേദിച്ചുവെന്ന ആഹ്ലാദത്തിലാണ് എല്ലാവരും. കുടുംബവും സമൂഹവുമായി കഴിയുമ്പോള്‍ ഇത്രയും വലിയൊരു പദ്ധതിക്കുവേണ്ടി ഇറങ്ങിത്തിരിക്കുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ, കുടുംബത്തിലെ ഓരോരുത്തരും അകമഴിഞ്ഞ പിന്തുണ നല്കിയതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല. എന്നു മാത്രമല്ല അഭിമാനകരമായി പദ്ധതി നിര്‍വഹിക്കാനുമായി- റിതു പറയുന്നു.
ബെംഗളൂരു, ഹൈദരബാദ്, അഹമ്മദാബാദ് എന്നിവിടങ്ങില്‍ നിന്നുള്ളവര്‍ക്കൊപ്പം നമ്മുടെ മലയാളത്തിന്റെ സ്വന്തം പുത്രിയും ഉണ്ട് എന്നത് നമുക്ക് വല്ലാത്തൊരു ആഹ്ലാദം പകര്‍ന്നു തരുന്നുണ്ട്. വിക്രംസാരാഭായ് സ്പേസ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടറായ വി.ആര്. ലളിതാംബികയാണ് അവര്‍. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും കിട്ടിയ ലളിതാംബിക 1988ലാണ് സ്ഥാപനത്തില്‍ ചേരുന്നത്. 2001 ല്‍ വിശിഷ്ട പ്രവര്‍ത്തനത്തിന് സ്പേസ് ഗോള്‍ഡ് മെഡല്‍ ലഭിച്ചു. ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് കഴിഞ്ഞ ദിവസം യുഎസ് ഇന്റലിജന്‍സ് മേധാവി ഡാന്‍ കോസ്റ്റസ് പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കുക. ഈ വനിതാനക്ഷത്രങ്ങള്ക്ക് നാമെന്താണ് കൊടുക്കുക? അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സൂര്യതേജസ്സുണ്ടാവാന് പ്രാര്‍ത്ഥിക്കുക: അത് നിശ്ചയമായും അവരില്‍ അനുഗ്രഹം ചൊരിയും സംശയമില്ല. 2016 ഡിസംബര്‍ 12 ന് ബിബിസി ഇവരെ വിശേഷിപ്പിച്ചത് എങ്ങനെയെന്ന് അറിയുമോ? ബഹിരാകാശത്ത് ഇന്ത്യയെ എത്തിച്ച വനിതാശാസ്ത്രജ്ഞര്‍! ഇവരെ ഇങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍ അല്ലേ?
***********
ഇത്തവണ എല്ലാം വനിതകള്‍ക്കാവട്ടെ. നമ്മുടെ ചിരുതേടത്തിക്ക് സന്തോഷമാവട്ടെ. ഇന്ത്യയുടെ മനസ്സറിയുന്ന പ്രധാനമന്ത്രി ഇത്തവണത്തെ മനസ്സിന്റെ വര്‍ത്തമാനത്തില്‍ (മന്‍കി ബാത്ത്) പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്കേണ്ടതിനെക്കുറിച്ചാണ് സംസാരിച്ചത്. ചൊവ്വാദൗത്യമുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സ്വാഭാവികമായും അദ്ദേഹം അറിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് രണ്ടുമൂന്നു വരി കണ്ടാലും: ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ എല്ലാ വിഭാഗം ജനങ്ങളും ബേഠി ബച്ചാവൊ ബേഠി പഠാവൊ പദ്ധതിയുടെ ഭാഗമായിരിക്കുകയാണ്. മധ്യപ്രദേശില്‍ എല്ലാഗ്രാമങ്ങളിലും പെണ്‍കുട്ടികളെ വീണ്ടും സ്കൂളില്‍ ചേര്‍ക്കുന്നു. മാര്‍ച്ച് 8ന് ദേശീയ മഹിളാദിനം അഘോഷിക്കുമ്പോള്‍ ശക്തമായ സ്ത്രീസമൂഹത്തിന്റെ വരവാണ് ആഘോഷകേന്ദ്രമാക്കേണ്ടത്. നിശ്ചയമായും അങ്ങനെ തന്നെയാവും. നമ്മുടെ ജീവിതത്തിന് ചലനാത്മക ഊര്‍ജം നല്കുന്ന അമ്മമാര്‍ക്ക്, ഗൃഹലക്ഷ്മിമാര്ക്ക്, ബാലികമാര്‍ക്ക് ഒരു നീണ്ട കൂപ്പുകൈ.
***********
ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അമ്മ പെങ്ങന്മാരുടെ നിലവിളികളാണ് ഉയരുന്നത്. അവരുടെ കണ്ണീര് വീണ വാര്‍ത്തകളില്‍ കുതിര്‍ന്ന പത്രങ്ങളാണ് നമുക്ക് കിട്ടുന്നത്. അപമാനിതയായ നടിയെ സാന്ത്വനിപ്പിച്ച് പരിരക്ഷിക്കേണ്ടതിനു പകരം കുറ്റവാളിയെ ഒരു പോറലുമേല്പ്പിക്കാത്ത നടപടിക്രമങ്ങളാണുണ്ടാവുന്നത്. വീട്ടമ്മയെ ചുട്ടുകൊന്നതും പോരാഞ്ഞ് അവരെ അനുസ്മരിച്ച വേദിപോലും തീവെച്ചു നശിപ്പിക്കുന്നു. സ്വന്തം മകന്റെ കൊലയാളികള്‍ക്കുവേണ്ടി ഒത്താശചെയ്യുന്ന ഭരണാധികാരിയോട് നെഞ്ചുരുകി നാദാപുരത്തെ മഹിജ അലറിക്കരയുന്നതിങ്ങനെ: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതിനുശേഷം മാത്രമേ മുഖ്യമന്ത്രി എന്റെ വീട് സന്ദര്‍ശിക്കേണ്ടതുള്ളൂ. വേട്ടക്കാര്‍ക്കൊപ്പം വെടി പറഞ്ഞിരിക്കുന്ന ഭരണാധികാരിക്ക് ഇരയുടെ വേദനയില്‍ എന്ത് കാര്യം. അല്ലെങ്കിലും മകന് മരിച്ചതിന് പരിഹാരമായി പണം തന്നില്ലേ, പോരേ, എന്ന മട്ടുകാരനല്ലേ? അമ്മ പെങ്ങന്മാരുടെ ശാപം വീണ് വിണ്ടുകീറിയ ഈ മണ്ണിലേക്ക് ഇനി ദൈവം എങ്ങനെ വരാന്‍. ഒടുവില്‍ ചിരുതേടത്തിക്ക് കണ്ണീര് കിനിയാന്‍ ഇടവെച്ചതിന് പൊറുക്കണമെന്ന അപേക്ഷയോടെ, നന്ദി, നമസ്കാരം.
നേര്‍മുറി
ക്യാംപസുകളില്‍ ജനകീയ സദസ്സുമായി ഡിവൈഎഫ്ഐ
തൃശൂര്‍ ലോകോളജില്‍ ക്ലാസില്‍ കയറി എസ്എഫ്ഐ അക്രമം; ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്- വാര്‍ത്ത
റിഹേഴ്സല്‍ കഴിഞ്ഞു, സദസ്സ് പിന്നീട്
daslak@gmail.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: