ബീജിങ്: കമ്യൂണിസ്റ്റ് ചൈനയുടെ ഭരണ നിര്‍വഹണ സമിതി അംഗങ്ങളുടെ സമ്പാദ്യത്തിന്റെ കണക്കില്‍ ലോകത്തിന്റെ കണ്ണുതള്ളുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭ എന്നു വിളിക്കാവുന്ന പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍റ്റേറ്റീവ് കോണ്‍ഫ്രന്‍സ്(സിപിപിസിസി)യിലെ നൂറ് അംഗങ്ങള്‍ കോടീശ്വരന്മാരാണെന്നും ഇവരുടെ ആകെ സമ്പാദ്യത്തിന്റെ കണക്കെടുത്താല്‍ അത് പല യൂറോപ്യന്‍ രാജ്യങ്ങളുടേയും ജിഡിപിയെ മറികടക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സിപിപിസിസിയുടെ യോഗം ബീജിങ്ങില്‍ തുടരുന്നതിനിടെ ഷാങ്ഹായ് ആസ്ഥാനമായുള്ള ഹുറണ്‍ എന്ന മാധ്യമം പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.
മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചൈനയിലെ കോടീശ്വരന്മാര്‍ക്ക് രാഷ്‌ട്രീയത്തില്‍ പ്രിയമേറുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. കോടീശ്വരന്മാരെ ഭരണസമിതികളിള്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിക്കും ഉത്സാഹമാണ്. കോടീശ്വരന്മാര്‍, ശതകോടീശ്വരന്മാര്‍ എന്നിങ്ങനെ പ്രത്യേകം കണക്കുകളാണ് ഹുറണ്‍ പ്രസിദ്ധീകരിച്ചത്. 209 പേരെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണ സമിതിയിലെ നൂറു പേര്‍ ശത കോടീശ്വരന്മാരാണ്. ഈ ശതകോടീശ്വരന്മാരുടെ സമ്പാദ്യത്തിന്റെ ഏകദേശ കണക്ക്, 507 ബില്യണ്‍ ഡോളര്‍ വരും. പോളണ്ട്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ അധികമാണിത്. വേള്‍ഡ് ബാങ്ക് അടുത്തിടെ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പോളണ്ടിന്റെ ജിഡിപി 467 ബില്യണ്‍ ഡോളറാണ്.
സിപിപിസിസിയുടെ സമ്പൂര്‍ണ യോഗം ഇതിനു മുമ്പ് ചേര്‍ന്നത് 2013ലാണ്. ഹോങ്കോങ് ആസ്ഥാനമാക്കിയ വ്യവസായ പ്രമുഖന്‍ ലി സാര്‍ ക്വോയി ഈ സഭയില്‍ അംഗമാണ്. ഈ നാലു വര്‍ഷത്തിനിടെ ഈ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 63 ശതമാനം വര്‍ധനവാണുണ്ടായത്. ഓരോ വര്‍ഷവും 13 ശതമാനം എന്ന കണക്കില്‍. ഈ കാലത്ത് ചൈനയുടെ ആകെ സാമ്പത്തിക വളര്‍ച്ച പ്രതിവര്‍ഷം 7.2 ശതമാനമാണ് എന്നറിയുമ്പോഴാണ് ഭരണസമിതി അംഗങ്ങളുടെ സമ്പാദ്യത്തിന്റെ വ്യാപ്തി വിസ്മയിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വാധീനം ചെലുത്തുന്ന വന്‍ വ്യവസായികളില്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതായാണ് സൂചന. ചൈനയുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. അപ്പോഴും സമ്പദ്‌മേഖലയുടെ ആനുകൂല്യം കോടീശ്വരന്മാര്‍ മുതലെടുക്കുന്നു എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
സമ്പത്തും അധികാരവും തമ്മിലുള്ള ഈ സഖ്യത്തില്‍ കമ്യൂണിസത്തിന്റെ യഥാര്‍ഥ സത്ത കളഞ്ഞുപോവുന്നു എന്ന വിമര്‍ശനം ചൈനയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. സിപിപിസിസിക്കു പിന്നാലെ പാര്‍ലമെന്റിന്റെ കുറച്ചു കൂടി ശക്തമായ സഭയായ എന്‍പിസി(നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) ചേരുന്നുണ്ട്. ഈ സഭയില്‍ 105 പേര്‍ ശതകോടീശ്വരന്മാരാണ് എന്നാണ് കണക്ക്.
















