കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ ജില്ലയ്ക്കായി പ്രഖ്യാപിച്ച പല പ്രഖ്യാപനങ്ങളും ഇപ്പോഴും കടലാസില്‍ ഉറങ്ങുന്ന അവസ്ഥയില്‍ ജനത്തിന്റെ കണ്ണ് തള്ളിച്ച് ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് തോമസ് ഐസക്കിന്റെ ബജറ്റിന്റെ ആകെ തുകയെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പലതും ഇപ്പോഴും നടപ്പിലാക്കാതെയിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപന പെരുമഴ. ജില്ലയില്‍ മണ്ഡലം തോറും സ്റ്റേഡിയങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ല. നീലേശ്വരത്ത് സ്റ്റേഡിയം പ്രവൃത്തി തുടക്കം കുറിക്കാനായി നടത്തിയ ആലോചന യോഗം മാത്രമാണ് ആകെ നടന്നത്. പ്രഭാകരന് കമ്മീഷന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 110 കോടി രൂപ യോളം രൂപയുടെ പ്രഖ്യാപിത പദ്ധതികള്‍ പലതും ഇത് വരെ നടപ്പിലാക്കാനായിട്ടില്ല. കാഞ്ഞങ്ങാട് ഫ്ളൈ ഓവറിന് 40 കോടി, കാസര്‍കോട് റവന്യു ഡിവിഷന് കുടാതെ പടന്നക്കാട് വെള്ളരിക്കുണ്ട് റോഡിന് 60 കോടി എന്നിവ അനുവദിച്ചതാണ് മറ്റു പ്രധാനമായി ജില്ലയ്ക്ക് ലഭിച്ചിരിക്കുന്ന പദ്ധതികള്‍. തുക അനുവദിക്കുന്നതില്‍ കൃത്യമായ രാഷ്ട്രീയം ധനമന്ത്രി കാണിക്കുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്ക് പല കാര്യങ്ങള്‍ക്കും തുക അനുവദിക്കുന്നതില്‍ മന്ത്രി പിറകോട്ട് പോയി. പത്ത് കോടി രൂപയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ആശ്വാസം ഒതുങ്ങി. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കുറിച്ച് മിണ്ടിയില്ല. കുടാതെ വിലകയറ്റമേറി നില്ക്കുന്ന സമയത്ത് ജില്ലയ്ക്ക് ആശ്വാസകരമായ രീതിയില്‍ പൊതുവിതരണ സമ്പ്രദായത്തില്‍ ഏതെങ്കിലും രീതിയിലുള്ള ആശ്വാസകരമായ നടപടികളുമുണ്ടായിട്ടില്ല. കുടാതെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജില്ലയ്ക്ക് കാര്യമായ ഒരു കാര്യവും ഇക്കുറിയിലുള്ള ബജറ്റില്‍ മന്ത്രി അനുവദിച്ചിട്ടില്ല. 90 കോടി രൂപ മൊത്തത്തില്‍ പാക്കേജായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതെന്തിനാണെന്ന് വ്യക്തതയുമില്ല. കാസര്‍കോട്ടുകാരുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജ് ഇപ്പോഴും പ്രഖ്യാപനത്തില്‍ മാത്രമായി അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: