വടക്കഞ്ചേരി: തോട് നീന്തിക്കടന്നുവേണം ഇത്തവണയും തളികകല്ല് ആദിവാസികള്‍ക്ക് പുറംലോകം കാണാന്‍. വനത്തിനകത്ത് പോത്തംതോടിനു കുറുകെ പാലം വേണമെന്നാവശ്യം ഇതുവരെ നടപ്പായില്ല.
കടപ്പാറയില്‍നിന്നും തളികകല്ലിലേക്ക് റോഡുനിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും കാട്ടുചോലയ്ക്കു കുറുകേയുള്ള പാലംപണി തുടങ്ങിയിരുന്നില്ല. കരാറുകാരന് യഥാസമയം ഫണ്ട് അനുവദിക്കാത്തതാണ് റോഡുപണിയും പാലംനിര്മാണവും പാതിവഴിയില്‍ നിലച്ചതെന്ന ആരോപണമുയര്‍ന്നു. അനുവദിച്ച ഫണ്ട് കൈമാറാന്‍ വൈകിപ്പിച്ച് കോളനിയിലേക്കുള്ള റോഡുപണിയും പാലം നിര്‍മാണവും തടസപ്പെടുത്തിയവര്‍ക്കെതിരെ സമരം നടത്തുമെന്ന് ആദിവാസികള്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറോടെ ആരംഭിച്ച് മഴക്കാലത്തിനു മുന്നേ പാലംപണി അവസാനിക്കുമായിരുന്നു.പാലംനിര്‍മാണം നടക്കാത്ത സാഹചര്യത്തില്‍ പോത്തംതോടിനു കുറുകേ താത്കാലികമായെങ്കിലും തോടുമുറിച്ചു കടക്കുന്നതിനുള്ള നടപ്പാത നിര്‍മിക്കണമെന്നാണ് ആവശ്യം ശക്തമാണ്. ഇതിനു വനംവകുപ്പും പട്ടികവര്‍ഗ വകുപ്പുമാണ് നടപടിയെടുക്കേണ്ടത്.
കഴിഞ്ഞദിവസം വനമേഖലിയിലുണ്ടായ കനത്തെ മഴയെ തുടര്‍ന്ന് തോട്ടില്‍ പൊടുന്നനേ വെള്ളം പൊങ്ങിയത് തോടിനപ്പുറത്തെ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ ഒറ്റപ്പെടുത്തുന്ന സംഭവമുണ്ടായി.പിന്നീട് തോട്ടിലെ ഒഴുക്ക് കുറഞ്ഞപ്പോഴാണ് ആളുകള്‍ തോടുമുറിച്ചുകടന്ന് കടപ്പാറയിലെത്തിയത്.
കാട്ടുചോലയില്‍ ഏതുസമയവും വെള്ളം പൊങ്ങാന്‍ സാധ്യതയേറെയാണ്. സമീപത്തൊന്നും ആള്‍താമസമില്ലാത്തതിനാല്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനവും നടത്താനാകില്ലെന്നതാണ് മറ്റൊരു പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: