കൂറ്റനാട്: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴേക്കും 14 ലക്ഷം രൂപചിലവഴിച്ച് നിര്‍മ്മിച്ച അംഗനവാടി കെട്ടിടം ചോരുന്നു.
വി.ടി.ബല്‍റാം എംഎല്‍എയുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃക അംഗനവാടി കെട്ടിടത്തിലാണ് ചോര്‍ച്ച. നാഗലശ്ശേരി പഞ്ചായത്തിലെ പിലാക്കാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ മാതൃകാ അംഗന്‍വാടിയിലാണ് കുട്ടികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ചോര്‍ച്ചയുള്ള കെട്ടിടം നല്‍കിയത്.
ഉദ്ഘാടനം കഴിഞ്ഞ് തുടക്കത്തില്‍ പെയ്ത മഴയിലാണ് ഈ അവസ്ഥയെങ്കില്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ എന്തുചെയ്യുമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാര്‍.
എറണാകുളം ആസ്ഥാനമായുള്ള എഫ്ആര്‍ബിഎല്‍ എന്ന ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ചെങ്കല്ലും ഇഷ്ടികയും ഒഴിവാക്കി ജിപ്സവും ഫൈബര്‍ ഗ്ലാസ്സും മഗ്നീഷ്യം, സിലിക്ക തുടങ്ങിയവ ഉപയോഗിച്ചാണ് ചുമരിന്റെ നിര്‍മ്മാണം.
എന്നാല്‍, മഴ തുടങ്ങിയതോടെ ചുമരില്‍ നിന്നും,മേല്‍ക്കൂരയില്‍ നിന്നും വെള്ളം ചോര്‍ന്നൊലിക്കുവാന്‍ തുടങ്ങി. കുട്ടികളുടെ പഠനമുറിയിലാണ് കൂടുതല്‍ ചോര്‍ച്ചയുള്ളത്. ഇവിടെ വെള്ളം കെട്ടിനില്‍ക്കുകയാണ്.
ഏസിയുള്ള വിശ്രമമുറിയിലും ചോര്‍ച്ചയുണ്ട്. ചോര്‍ച്ചയനുഭവപ്പെട്ട അംഗന്‍വാടി കെട്ടിടത്തിലേക്ക് കുട്ടികളെ വിടുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
അംഗന് വാടികെട്ടിടത്തിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും മറ്റു അധികാരികള്‍ക്കും പരാതി നല്കി.
ബിജെപി തൃത്താല മണ്ഡലം ഭാരവാഹികളായ ഉണ്ണികൃഷ്ണന് മേഴത്തൂര്‍,ദിനശന് എറവക്കാട,വാര്‍ഡ് മെമ്പര്‍ ടി.ധര്മ്മരാജന്, ശ്രീനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: