തൃശൂര്‍: ഇടതു നേതൃത്വത്തിലുള്ള സഹകരണ സംഘം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി ആക്ഷേപം. ശക്തന്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി മുന്‍ ഇടതു ഭരണസമിതി ഭാരവാഹികള്‍ക്കെതിരേയാണ് നിക്ഷേപകരുടെ പരാതി. 400 ഓളം പേരില്‍നിന്നും മൂന്നരക്കോടി രൂപയോളം തട്ടിയെടുത്ത് മുന്‍ പ്രസിഡന്റും സെക്രട്ടറിയും സ്വന്തംപേരിലും സ്വന്തക്കാരുടെ പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.
നിക്ഷേപ കാലാവധി തീര്‍ന്ന് പണം വാങ്ങാന്‍ എത്തിയപ്പോഴാണ് മടക്കിനല്കാന് നിര്‍വാഹമില്ലെന്നും മുന്‍ സെക്രട്ടറിയെ സസ്പെന്റ് ചെയ്തെന്നും അറിയാന്‍ കഴിഞ്ഞതെന്ന് നിക്ഷേപകര്‍ പറയുന്നു. പ്രസിഡന്റിനെ സമീപിച്ചപ്പോള്‍ ആറുമാസത്തിനകം പണംമടക്കിത്തരുമെന്ന് വാഗ്ദാനം നലകി. ആറുമാസത്തിനുശേഷം അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി നിക്ഷേപകരറിയുന്നത്.
നിലവിലുള്ള ഇടതു ഭരണസമിതിയെ സമീപിച്ചവരോട് പഴയ പ്രസിഡന്റും സെക്രട്ടറിയും പണം കബളിപ്പിച്ച് മുങ്ങിയെന്നാണ് അറിയിച്ചത്. ഓഡിറ്റിംഗ് നടത്തി, തട്ടിയെടുത്ത പണം കുറ്റവാളികളില്‍നിന്നും ഈടാക്കിയതിനുശേഷമേ നിക്ഷേപസംഖ്യ തിരിച്ചുതരാന്‍ കഴിയൂവെന്നാണ് പുതിയഭരണസമിതി പരാതിക്കാരെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തെ ഓഡിറ്റിംഗ് നടത്താനോ കുറ്റവാളികളെ പിടികൂടാനോ ഭാരവാഹികള്‍ ശ്രമിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയും രജിസ്ട്രേഷന് പോലും ഇല്ലാതെയാണ് സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞതായി നിക്ഷേപകര്‍ പറയുന്നു.
10,000 മുതല്‍ 60 ലക്ഷം വരെ നിക്ഷേപം നടത്തിയവരിലധികവും മുതിര്‍ന്ന പൗരന്മാരാണ്. ഒരുവര്‍ഷത്തോളമായി ഇവര്‍ക്ക് പലിശ ലഭിക്കുന്നില്ല.കമ്മീഷന് വ്യവസ്ഥയില്‍ എല്‍ഐസി ഏജന്റുമാരെ ഉപയോഗിച്ചാണ് പെന്‍ഷന്‍കാരായ വയോജനങ്ങളെ നിക്ഷേപത്തില്‍ അംഗങ്ങളാക്കിയിരുന്നത്.
തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി, സഹകരണവകുപ്പു മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, ജില്ലാ സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ പൊലിസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല.
പുതിയ ഭരണസമിതിക്കു കീഴില്‍ ഇപ്പോഴും സൊസൈറ്റി ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും തട്ടിപ്പ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും പണം തിരിച്ചു കിട്ടാത്തവര്‍ പറയുന്നു. ഓഡിറ്റിംഗ് നടത്താന്‍ ജില്ലാ സഹകരണവകുപ്പ് രജിസ്ട്രാര്‍ ഓഫീസ് സഹകരിക്കുന്നില്ലെന്നും കേസ് െ്രെകംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ടെന്നും പുതിയ ഭാരവാഹികള്‍ മറുപടി നല്‍കിയതായും നക്ഷേപകര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: