ഡോ. തോമസ് സ്റ്റാഴ്‌സല്‍
വാഷിങ്ടണ്‍: ലോകത്ത് ആദ്യമായി കരള്‍ മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. തോമസ് സ്റ്റാഴ്‌സല്‍ (90) അന്തരിച്ചു. പിറ്റ്‌സ്ബര്‍ഗിലെ വസതിയിലായിരുന്നു അന്ത്യം.
1963ലാണ് ഇദ്ദേഹം ആദ്യമായി കരള്‍ മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കുരങ്ങിന്റെ കരളാണ് മനുഷ്യനിലേക്ക് മാറ്റി വച്ച് അദ്ദേഹം പരീക്ഷണം നടത്തിയത്. പിന്നീട് 1967ല്‍ മനുഷ്യനില്‍ വിജയകരമായി കരള്‍ മാറ്റി വയ്‌ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ശരീരം അന്യ അവയവങ്ങളെ തള്ളുന്നത് തടയാനുളള മരുന്നുകള്‍ വികസിപ്പിക്കുന്നതിലും ഇദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചിട്ടുളളത്. മൃതദേഹങ്ങളില്‍ വൃക്ക മാറ്റി വയ്‌ക്കല്‍ പരീക്ഷണവും അദ്ദേഹം നടത്തി. പിന്നീട് സജാത ഇരട്ടകളിലും വൃക്ക മാറ്റിവയ്‌ക്കല്‍. രക്തബന്ധമുളളവരിലും ദാതാക്കളിലും വൃക്കകള്‍ മാറ്റി വച്ചു.
1992ല്‍ സ്റ്റാഴ്‌സല്‍ മാറ്റി വച്ച കുരങ്ങിന്റെ കരളുമായി ഒരാള്‍ എഴുപത് ദിവസം ജീവിച്ചു. മറ്റൊരാള്‍ ഇത്തരത്തിലുളള കരളുമായി 25 ദിവസവും ജീവിച്ചു.
1990ല്‍ തന്റെ 65ാമത്തെ വയസില്‍ അദ്ദേഹം അവയവ മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ നിന്ന് പിന്‍വാങ്ങി. ശസ്ത്രക്രിയയെ തുടര്‍ന്ന് പതിനാലുകാരി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എട്ടാം വയസില്‍ കരളും ഹൃദയവും മാറ്റി വച്ച സ്റ്റോമി ജോണ്‍സ് എന്ന ഈ പെണ്‍കുട്ടി പതിനാലാം വയസില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പത് മാസമാകും മുമ്പ് മരിച്ചു. ഇത് അദ്ദേഹത്തെ വല്ലാതെ ഉലച്ചു. തുടര്‍ന്നാണ് ഈ രംഗത്തോട് തന്നെ അദ്ദേഹം വിടപറഞ്ഞത്.
















