വാഷിങ്ടണ്‍: അമേരിക്കയില്‍ വംശവെറിക്ക് ഇരയായ ഇന്ത്യാക്കാര്‍ക്ക് ഉടന്‍ നീതി ലഭ്യമാക്കുമെന്ന് അമേരിക്ക. ആക്രമണത്തില്‍ മരിച്ചവര്‍ക്ക് അമേരിക്ക ആദരാഞ്ജലിയും അര്‍പ്പിച്ചു.
ഇന്ത്യന്‍ സ്ഥാനപതി നവതേജ് സര്‍ണ വിദേശകാര്യവകുപ്പില്‍ നേരിട്ടെത്തി അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതിലുളള ആശങ്ക അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഹര്‍നീഷ് പട്ടേലും ദീപ് റായിയുമാണ് അമേരിക്കയില്‍ വെടിവയ്‌പിന് ഇരയായത്. പട്ടേല്‍ സൗത്ത് കരോലിനയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലെ വസതിയ്‌ക്ക് മുന്നില്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിങ്ങളുടെ രാജ്യത്തേക്ക് തിരികെ പോകൂ എന്നാക്രോശിച്ച് കൊണ്ട് മുഖം മറച്ചെത്തിയ ആള്‍ നിറയൊഴിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആവശ്യവും സര്‍ണ മുന്നോട്ട് വച്ചു. ഇന്ത്യന്‍ സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് സംഭവങ്ങളിലും പോലീസുമായി ഇന്ത്യന്‍ നയതന്ത്രകാര്യാലയം നിരന്തരം ബന്ധപ്പെട്ട് വരികയാണ്. ഇത്തരത്തിലുളള സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ഇന്ത്യക്കാരനായ അമേരിക്കന്‍ പാര്‍ലമെന്റംഗം അമി ബേര പ്രതികരിച്ചു. കുടിയേറ്റ രാജ്യമെന്ന നിലയില്‍ അമേരിക്ക മുഴുവനും ഇത്തരം വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
















