നിയാമെ: നൈജറില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയായ തില്ലബേരിയിലെ വാന്‍സര്‍ബെ എന്ന നഗരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് നൈജര്‍ സര്‍ക്കാര്‍ തില്ലബേരിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ മാലിയിലും ബുര്‍ക്കിനോഫാസോയിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാന്‍സര്‍ബെയിലെ പോലീസ്റ്റ് സ്റ്റേഷന്‍ ലക്ഷ്യമിട്ടായിരുന്നു തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഫെബ്രുവരിയില്‍ തീവ്രവാദികളുമായി ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ 16 സൈനികര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മാത്രം ഇവിടങ്ങളില്‍ 43 പേരാണ് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ഇതുവരെ നടന്നിട്ടുള്ള ആക്രമണങ്ങളെല്ലാം സൈനിക ക്യാമ്പുകള്‍ക്കും, അഭയാര്‍ഥി ക്യാമ്പുകള്‍ക്കും, പോലീസ് സ്റ്റേഷനുകള്‍ക്കും നേരെയായിരുന്നുവെന്നാണ് വിവരം.
















